കൊച്ചി: വിവാദമായ ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ വ്യവസായ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ച പ്രത്യേക പോലീസ് സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വിന്‍സന്‍ എം. പോള്‍, സംഘാംഗങ്ങളായ പി. വിജയന്, അനൂപ് കുരുവിള ജോണ്‍, എ. വേണുഗോപാല്‍ എന്നിവര്‍ കോടതിയില്‍ നേരിട്ടു ഹാജരായാണ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറിയും സമര്‍പ്പിച്ചത്. കേസ് മാര്‍ച്ച് ആറിന് വീണ്ടും പരിഗണിക്കും. വി.എസ്. അച്യുതാനന്ദന്റെ അഭിഭാഷകന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. റിപ്പോര്‍ട്ട് കോടതി ആദ്യം പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ടും കേസ് ഡയറിയും സമര്‍പ്പിച്ചിട്ടുള്ളത്.
വിവാദമായ ഈ കേസില്‍ ആദ്യമായാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ അന്വേഷണം നടന്നത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ഐസ്ക്രീം കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചത്. പെണ്‍വാണിഭ കേസില്‍നിന്നു രക്ഷപ്പെടാന്‍ കുഞ്ഞാലിക്കുട്ടിയും മറ്റും ഗൂഢാലോചന നടത്തി സാക്ഷികളെയും ജുഡീഷ്യല്‍ ഓഫീസര്‍മാരെയും സ്വാധീനിച്ചെന്ന് കെ.എ. റൗഫ് ആരോപിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡിജിപി വിന്‍സന്‍ എം. പോളിന് കീഴിലുള്ള സംഘത്തില്‍ തൃശൂര്‍ പൊലീസ് കമ്മീഷണര്‍ പി. വിജയന് ,കണ്ണൂര്‍ പൊലീസ് സൂപ്രണ്ട് അനൂപ് കുരുവിള ജോണ്‍, താമരശ്ശേരി ഡിവൈഎസ്പി ജയ്സണ്‍ എബ്രഹാം എന്നിവരാണ് അംഗങ്ങള്‍.
അധികാരം ഒഴിഞ്ഞ ശേഷം വിഎസ് നല്കിയ ഹര്‍ജിയിലാണ് ജനുവരി 30ന് അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രത്യേക സംഘം ഹൈക്കോടതിയെ അറിയിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എണ്‍പതിലധികം സാക്ഷികളെ ചോദ്യം ചെയ്തു. കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നു എന്ന് ആരോപിക്കപ്പെട്ട മുന്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ജസ്റ്റിസ് കെ. തങ്കപ്പന്, മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ. ദാമോദരന്‍, മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ. ബീരാന് എന്നിവര്‍ ചോദ്യം ചെയ്തവരില്‍ ഉള്‍പ്പെടും. അമ്പതിലേറെ രേഖകള്‍ സംഘം പിടിച്ചെടുത്തു.
സാക്ഷികളും ഇരകളുമായ റജീനയെയും സംഘം ചോദ്യം ചെയ്തു. റജുല, ബിന്ദു, റോസ്ലിന് എന്നിവരില്‍ നിന്ന് പലവട്ടം അന്വേഷണസംഘം മൊഴിയെടുത്തു. ഏറ്റവും ഒടുവില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെയും സംഘം ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നീണ്ട ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്താണ് വിശദാംശങ്ങള്‍ ശേരിച്ചത്. തെളിവോ സാക്ഷിമൊഴികളോ ഇല്ലെന്ന് പറഞ്ഞ് കോഴിക്കോട് അസിസ്റ്റന്റ് സെഷന്‍സ് കോടതി കേസ് തള്ളിയതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: