കൊച്ചി: മാറാട് കൂട്ടക്കൊല സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സിബിഐ അന്വേഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാറാട് കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരാണ് തടസമെന്നാണ് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിതന്നെ സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് അറിയിച്ചിരിക്കുകയാണ്. മാറാട് കൂട്ടക്കൊലയെ സംബന്ധിച്ച് അന്വേഷിച്ച തോമസ് പി.ജോര്‍ജിന്റെ റിപ്പോര്‍ട്ടിലും സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മാറാട് വിഷയത്തില്‍ സിപിഎമ്മിന്റേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കെപിസിസി പ്രസിഡന്റും ഒത്തുചേര്‍ന്ന് സിബിഐ അന്വേഷണത്തിന് തടസം നില്‍ക്കുകയായിരുന്നു. മാറാട് വിഷയത്തില്‍ സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
മാറാട് വിഷയത്തില്‍ ഒന്നും ഒളിക്കാനില്ലെന്ന് മുസ്ലീംലീഗ് പരസ്യപ്രസ്താവന നടത്തുമ്പോഴും അണിയറയില്‍ കേസിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രമന്ത്രിസഭയിലെ ലീഗ് മന്ത്രിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ സിമന്റ്സിലെ ശശീന്ദ്രന്റെ വധം മാത്രം സിബിഐ അന്വേഷണത്തില്പ്പെടുത്താതെ അഴിമതിയും അന്വേഷണ പരിധിയില്‍ പെടുത്തണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ് പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: