കോട്ടയം : തുടര്‍ച്ചയായി ഒരാഴ്ചക്കാലം റേഷന്‍ കടകളില്‍ ഉദ്യോഗസ്ഥരെ ഇരുത്തി ഭക്ഷ്യധാന്യങ്ങളുടെ വില്പനയും, റേഷന്‍ ഉപഭോക്താക്കളെ സംബന്ധിച്ചും സാമ്പിള്‍ സര്‍വ്വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട റേഷന്‍ കടകളില്‍ തുടര്‍ച്ചയായി ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന സാമ്പിള്‍ സര്‍വ്വേ തിങ്കളാഴ്ച ആരംഭിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
എത്രകാര്ഡുടമകള് റേഷന്‍ കടകളില്‍ എത്തുന്നു, എപിഎല്‍, ബിപിഎല്‍, എഎവൈ എന്നിവര്‍ക്ക് എത്ര അളവ് സാധനങ്ങള്‍ നല്കുന്നു, എന്തു വില ഈടാക്കുന്നു, സാധനങ്ങള്വാങ്ങാത്ത കാര്‍ഡുകളില്‍ വാങ്ങിയതായി രേഖപ്പെടുത്തുന്നുണ്ടോ, തുടങ്ങി ഈ മാസത്തേയും കഴിഞ്ഞമാസത്തേയും കണക്കുകള്‍ ശേഖരിച്ച് വ്യത്യാസം കണ്ടെത്തുക എന്നതാണ് സര്‍വ്വേയുടെ ലക്ഷ്യം.
റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കടകളിലും ഈവിധത്തില്‍ പരിശോധന നടത്താനാണു നീക്കം. മാര്‍ച്ചിനു മുമ്പായി സര്‍വ്വേ പൂര്‍ത്തിയാക്കി എത്രശതമാനം ആളുകള്‍ റേഷന്‍ സമ്പ്രദായം ഉപയോഗപ്പെടുത്തുന്നുണ്ടെന്നു കണ്ടെത്തി ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുക എന്നതാണു ലക്ഷ്യമിടുന്നത്.
എന്നാല്‍ സാമ്പിള്‍ സര്‍വ്വേയുടെ പേരില്‍ ഒരാഴ്ചക്കാലം തുടര്‍ച്ചയായി റേഷന്‍ കടകളില്‍ ഇരുന്ന് ഭരണം നിയന്ത്രിക്കാനും വില്പന നടത്താനും ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ പത്രസമ്മേനത്തില്‍ അറിയിച്ചു.
ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് കടയില്‍ കയറാന്‍ ശ്രമിച്ചാല്‍ കടതുറക്കില്ല, അനിശ്ചിതകാലത്തേക്ക് അടച്ചിടും, കട ഉടമയുടെ കസേര ഉദ്യോഗസ്ഥര്‍ക്കു നല്‍കില്ല, ഉദ്യോഗസ്ഥരുടെ ദിവസചെലവുകള്‍ വഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടയുടെ ഉടമസ്ഥാവകാശം റേഷന്‍ വ്യാപാരികള്‍ക്കാണ്. വിലമുന്കൂര് നല്‍കിയാണ് സാധനങ്ങള്‍ വാങ്ങിവയ്ക്കുന്നത്. ചെലവിനനുസൃതമായി കമ്മീഷന് നല്‍കുന്നില്ല. വര്‍ദ്ധിപ്പിച്ച കമ്മീഷനും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കിയിട്ടില്ല. മുന്‍ ഭക്ഷ്യമന്ത്രി നടപ്പിലാക്കുമെന്നു പ്രഖ്യാപിച്ച ഒരു കാര്യവും നടപ്പിലാക്കാന്‍ ഭക്ഷ്യമന്ത്രി ഷിബുബേബി ജോണ്‍ തയ്യാറായിട്ടില്ല.
റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കാതെ സര്‍ക്കാരിന്റെ ഒരു പദ്ധതിയുമായും ഇനി മുതല്‍ റേഷന്‍ വ്യാപാരികള്‍ സഹകരിക്കില്ല.
കാര്‍ഡ് ഉടമകളും കടക്കാരും തമ്മിലുള്ള നല്ല ബന്ധം തകര്‍ക്കാനേ കടയില്‍ ഇരുന്നുള്ള ഇപ്പോഴത്തെ സര്‍വ്വേ ഉപകരിക്കു. വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യമെങ്കില്‍ ഭവനസന്ദര്‍ശനം നടത്തി റേഷന്‍ വിതരണത്തെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. കാര്‍ഡ് ഉടമകളെ റേഷന്‍ കടകള്‍ക്കെതിരേ തിരിച്ചു വിടാനാണു സര്‍ക്കാര്‍ നീക്കമെങ്കില്‍ നേരിടുമെന്നും ബേബിച്ചന് മുക്കാടന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: