കൊച്ചി: മൃഗസംരക്ഷണ മേഖലയിലെ പുത്തന്‍ അറിവുകളും വിസ്മയ കാഴ്ചകളും ഒരുക്കി തിരുക്കൊച്ചി മൃഗോത്സവത്തിന് കൊച്ചി നഗരം ഇന്ന് വേദിയാകും. സമന്വയം 2012 എന്ന പേരിലുളള എക്സിബിഷന് എറണാകുളം രാജേന്ദ്ര മൈതാനത്താണ് നടത്തുന്നത്.
എറണാകുളം സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് മൃഗസംരക്ഷണ മന്ത്രി കെ.പി. മോഹനന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ.വി. തോമസ് എക്സിബിഷന് ഉദ്ഘാടനം ചെയ്യും. അപൂര്‍വ ജാനസില്പ്പെടുന്ന വിവിധയിനം ആടുകള്‍, കന്നുകാലികള്‍, നായ്ക്കള്‍, വര്‍ണപക്ഷികള്‍, കോഴികള്‍ എന്നിവയും ക്ഷീരോല്‍പാദനവുമായി ബന്ധപ്പെട്ട് കറവയന്ത്രം, പുല്‍വെട്ടി, ഓട്ടോമാറ്റിക് കുടിവെളള സംവിധാനം എന്നിങ്ങനെ വിവിധ യന്ത്രങ്ങള്‍, കോഴിവളര്‍ത്തലുമായി ബന്ധപ്പെട്ട് ഇന്‍കുബേറ്റര്‍, ഫീഡറുകള്‍ തുടങ്ങിയ യന്ത്രങ്ങള്‍, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, കെ.എല്‍.ഡി. ബോര്‍ഡ്, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ എന്നിവയുണ്ടാകും. സ്റ്റാളില്‍ വളര്‍ത്തു പക്ഷികളെ വാങ്ങുന്നതിന് സൗകര്യമുണ്ട്. വിവിധ നവീന കാര്‍ഷിക ഉപകരണങ്ങളുടെ പ്രവര്‍ത്തനം മനസിലാക്കുന്നതിനും അവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനും പ്രദര്‍ശനമേള പ്രയോജനപ്പെടും. 60-ലധികം സ്റ്റാളുകള്‍ പ്രദര്‍ശന നഗരിയിലുണ്ട്. പാല്, പാലുല്പന്നങ്ങള്, മാംസ ഉല്പന്നങ്ങള് എന്നിവയുടെ പ്രദര്‍ശനവും അവ ഉണ്ടാക്കുന്നതിനുളള സാങ്കേതിക അറിവുകളും സന്ദര്‍ശകര്‍ക്ക് ലഭിക്കും. ഇന്നു മുതല്‍ 16 വരെയാണ് പരിപാടി.
പശു, ആട്, കോഴി വളര്‍ത്തലും ഫാം ടൂറിസം രംഗത്തെ അനന്ത സാദ്ധ്യതകളും ചര്‍ച്ച ചെയ്യുന്നതിനും ഈ രംഗത്ത് വിജയം വരിച്ച സംരംഭകരുടെ അനുഭവം പങ്കുവയ്ക്കുന്നതിനും സംഘടിപ്പിക്കുന്ന നിക്ഷേപക സംരംഭക സംഗമം മന്ത്രി കെ. ബാബുവും കൃഷി വികസന പദ്ധതി മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞും ഉദ്ഘാടനം ചെയ്യും. കര്‍ഷക സെമിനാര്‍ മേയര്‍ ടോണി ചമ്മിണിയും സുരഭി രക്ഷാ പദ്ധതി ഹൈബി ഈഡന് എം.എല്‍.എ.യും ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിളളിയും ഉദ്ഘാടനം ചെയ്യും.
ജന്തുക്ഷേമത്തെ സംബന്ധിച്ച് സെമിനാറും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും പ്രശ്നോത്തരിയും സംഘടിപ്പിക്കും. ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍, രാഷ്ട്രീയ നോതാക്കള്‍, വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കുന്ന മേള ഉത്സവമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: