ജയ്പൂര്‍: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കാട്ടുന്ന വിവേചനത്തിനെതിരെ കേന്ദ്രത്തിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ രൂക്ഷവിമര്‍ശനം. വികസനരംഗത്ത് ഗുജറാത്ത് ഉണ്ടാക്കിയ നേട്ടങ്ങളെല്ലാം സ്വന്തം വിഭവങ്ങള്‍ ഉപയോഗിച്ചുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിലെ മരുഭൂമിപ്രദേശങ്ങളിലും ഗുജറാത്തില്‍ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലും സൗരോര്‍ജ ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കണമെന്ന തന്റെ നിര്‍ദ്ദേശത്തോട് പ്രതികരിക്കാന്‍പോലും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തയ്യാറായിട്ടില്ലെന്ന് പ്രവാസി ഭാരതീയദിന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മോഡി ചൂണ്ടിക്കാട്ടി.
“കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും അനുഗ്രഹങ്ങള്‍ തനിക്കുണ്ടെന്ന് രാജസ്ഥാന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് അതിനുള്ള ഭാഗ്യമില്ല. കേന്ദ്രത്തില്‍നിന്ന് ഒന്നും കിട്ടുന്നുമില്ല. എല്ലാം സ്വന്തമായിത്തന്നെ കണ്ടെത്തേണ്ടിവരുന്നു”. പ്രവാസി ഭാരതീയരുടെ നിറഞ്ഞ കരഘോഷത്തിനിടെ നരേന്ദ്രമോഡി പറഞ്ഞു.
വികസനപദ്ധതികള്‍ക്കായി കേന്ദ്രത്തില്‍നിന്ന് ഗുജറാത്ത് പണം ആവശ്യപ്പെടാറില്ല. “കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി മന്മോഹന്സിംഗിന് താനൊരു കത്തെഴുതി. സാധാരണ പണം തേടിക്കൊണ്ടാണ് ഒരു മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുക. ഞാന്‍ ഒരിക്കലും പണത്തിനായി കത്തെഴുതിയിട്ടില്ല. ഗുജറാത്തിനുവേണ്ടി ഒരു ഉപഗ്രഹം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാല്‍ എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാവുകയായിരുന്നു കേന്ദ്രം”.
“2008ലെ മാന്ദ്യവേളയില് വട്ടമേശയോഗം വിളിക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. ഏറെക്കാലം കാത്തിരുന്നു. ഒടുവില്‍ സ്വന്തം നിലയ്ക്ക് ആഗോള നിക്ഷേപകസംഗമം നടത്തി. 100 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. 450 ദശലക്ഷം ഡോളറിന്റെ ധാരണാപത്രങ്ങളും ഒപ്പിട്ടു”, മോഡി പറഞ്ഞു.
രാജസ്ഥാനേക്കാള്‍ വളരെയേറെ സൗരോര്‍ജമാണ് ഗുജറാത്ത് ഉല്‍പ്പാദിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആകെ 8500 മെഗാവാട്ട് ഊര്‍ജമാണ് രാജസ്ഥാന് കിട്ടുന്നത്. എന്നാല്‍ ഗുജറാത്തില്‍ 4000 മെഗാവാട്ടിന്റെ അധിക ഉല്‍പ്പാദനമാണ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പവര്‍കട്ട് എന്ന് കേള്‍ക്കുമ്പോള്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് ആശ്ചര്യമാണ്.
പ്രവാസി ഭാരതീയരും ഇന്ത്യന്‍ വംശജരുമെല്ലാം അവരുടെ ആതിഥേയരാജ്യങ്ങളില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൂജാരിമാരില്ല. അതുകൊണ്ട് ക്ഷേത്രമാനേജ്മെന്റ് പഠിപ്പിക്കുന്ന സ്ഥാപനംതന്നെ ഗുജറാത്തില്‍ ആരംഭിച്ചു. ഇന്ന് 15ഓളം രാജ്യങ്ങളിലേക്കാണ് പരിശീലനം കിട്ടിയ പൂജാരിമാരെ തങ്ങള്‍ അയക്കുന്നതെന്നും മോഡി പറഞ്ഞു. രാജ്യത്തിന്റെ കാര്‍ഷിക വളര്‍ച്ച മൂന്ന് ശതമാനം മാത്രമായിരുന്നപ്പോള്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ഗുജറാത്തില്‍ 11 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും നരേന്ദ്രമോഡി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: