ക്വാലാലംപൂര്‍: പ്രകൃതിവിരുദ്ധ ലൈംഗിക പീഡന കേസില്‍ മലേഷ്യയിലെ പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ അന്‍വര്‍ ഇബ്രാഹിമിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. അന്‍വര്‍ ഇബ്രാമിന്റെ സഹായിയായിരുന്ന മുഹമ്മദ് സെയ്ഫുണ് ആണ് അന്‍വറിനെതിരെ കേസ് നല്‍കിയത്.
രണ്ടു വര്‍ഷത്തെ വിചാരണയ്ക്കു ശേഷമാണ് കേസില്‍ അന്‍വര്‍ കുറ്റക്കാരനല്ലെന്നു കോടതി കണ്ടെത്തിയത്. ഡി.എന്‍.എ ടെസ്റ്റില്‍ അന്‍വര്‍ കുറ്റക്കാരനല്ലെന്നു തെളിഞ്ഞതായി കോടതി അറിയിച്ചു. 2009 ജനുവരിയിലാണ് ഇദ്ദേഹത്തിനെതിരെ വിചാരണ ആരംഭിച്ചത്. കോടതി വിധി കേള്‍ക്കാന്‍ അന്‍വറിന്റെ ഭാര്യയും മകളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് കോടതിക്ക് പുറത്ത് തടിച്ചു കൂടിയിരുന്നത്.
മുസ്ലീം രാജ്യമായ മലേഷ്യയില്‍ പുരുഷന്മാര് തമ്മിലുള്ള ലൈംഗികത അത് ഉഭയസമ്മത പ്രകാരമായാല് പോലും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം തെളിഞ്ഞിരുന്നെങ്കില്‍ അന്‍വറിന് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമായിരുന്നു.
മലേഷ്യയില്‍ ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്‍വറിനെ കുറ്റവിമുക്തനാക്കിയത് പ്രതിപക്ഷ പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേസ് ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷത്തെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇതിന് പിന്നിലെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: