തിരുവനന്തപുരം: കോഴിക്കോട് വിദ്യാര്‍ഥി സമരത്തിന് നേരെ പോലീസിന് വെടിവയ്ക്കേണ്ട സാഹചര്യമില്ലായിരുന്നെന്ന് ആഭ്യന്തര സെക്രട്ടറി കെ.ജയകുമാറിന്റെ റിപ്പോര്‍ട്ട്. ജില്ലാ പോലീസ് നേതൃത്വം ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ അവിടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍ വെടിവയ്പിന്റെ പേരില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണ പിള്ളക്കെതിരെ നടപടി വേണ്ടെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. നിഷ്പക്ഷമായി പരിശോധിച്ചാല്‍ അവിടെ വെടിവയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ഗുരുതരമായ സ്ഥിതിവിശേഷം കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സേനയെ നിയോഗിക്കുകയാണ് വേണ്ടിയിരുന്നത്. ഇത് ജില്ലാ പോലീസ് നേതൃത്വം ചെയ്യേണ്ടതായിരുന്നു എന്നാണ് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാര്‍ പരസ്യമാക്കാത്ത റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇതാദ്യമായാണ് പുറത്തുവരുന്നത്.
നിര്‍മല്‍ മാധവിന്റെ പ്രവേശനം ഉന്നയിച്ച് ഒക്ടോബര്‍ 10ന് എസ്എഫ്ഐ നടത്തിയ സമരം അക്രമാസക്തമാകുകയും നിരവധി പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സമരക്കാര്‍ക്കും പരുക്കുപറ്റി. എന്നാല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ള സ്ഥലത്ത് എത്തുന്നതിനു മുമ്പ് ഇതെല്ലാം സംഭവിച്ചിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ സ്ഥലത്ത് എത്തുമ്പേള്‍ സ്ഥിതി ഗുരുതരമാണെന്ന് കരുതാന്‍ തെളിവുകളില്ല. പിള്ളയ്ക്കോ പോലീസുകാര്‍ക്കോ ഈ സമയം ഒരുതരത്തിലും ഭീഷണിയോ അപകടമോ ഉണ്ടായിരുന്നില്ല. എന്നിട്ടും വന്നിറങ്ങിയയുടന്‍ പ്രകോപനം കൂടാതെ പിള്ള സര്‍വീസ് റിവോള്‍വറില്‍ നിന്ന് നാല് റൗണ്ട് വെടിയുതിര്‍ത്തു. സ്വയരക്ഷയ്ക്കോ ഒപ്പമുള്ളവരുടെ രക്ഷയ്ക്കോ ഉദ്യോഗസ്ഥന് റിവോള്‍വര്‍ ഉപയോഗിക്കുന്നത് കുറ്റമായി കാണാനാകില്ല. എന്നാല്‍ അപ്പോഴത്തെ സാഹചര്യത്തെ രാധാകൃഷ്ണപിള്ള ശരിയായി വിലയിരുത്തിയില്ല എന്നാണ് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
രാധാകൃഷ്ണപിള്ള പരിധിവിട്ട് പ്രവര്‍ത്തിച്ചാണ് വെടിവച്ചതെന്ന് റിപ്പോര്‍ട്ടില്‍ ഉറപ്പിച്ചുപറയുന്നെങ്കിലും ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥനെ ശിക്ഷിക്കരുതെന്നാണ് ശുപാര്‍ശ. വീണ്ടുവിചാരമില്ലാത്ത ഈ നടപടി ക്രമസമാധാനച്ചുമതല വഹിച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ ഇയാളുടെ വിശ്വാസ്യതയ്ക്കും കാര്യക്ഷമതയ്ക്കും കളങ്കമാണെന്ന് വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിള്ളയെ കോഴിക്കോട്ടു നിന്നു സ്ഥലംമാറ്റിയാണ് വിവാദത്തില്‍ നിന്ന് സര്‍ക്കാര്‍ തലയൂരിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: