കൊച്ചി: കടുത്ത വിഭാഗീയത മൂലം വാശിയേറിയ മത്സരം നടന്ന സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പിണറായിപക്ഷത്തിന് കനത്ത തോല്‍വി. വിഎസ് പക്ഷം ജില്ല നിലനിര്‍ത്തി. എം.വി. ഗോവിന്ദന് ജില്ലാ സെക്രട്ടറിസ്ഥാനത്ത് തുടരും. 43 അംഗ ജില്ലാ കമ്മറ്റിയിലേക്ക് നടന്ന മത്സരത്തില്‍ പിണറായിപക്ഷത്തുനിന്നും മത്സരിച്ച 12പേരില്‍ 10 പേരും തോറ്റു. ജില്ലാ കമ്മറ്റിയില്‍ 25 പേരാണ് വിഎസ് പക്ഷത്തുള്ളത്. സ്വഭാവദൂഷ്യമാരോപിക്കപ്പെട്ട് സെക്രട്ടറിസ്ഥാനത്തുനിന്നും നീക്കിയ ഗോപി കോട്ടമുറിക്കല്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 309 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സെക്രട്ടറി എം.വി. ഗോവിന്ദന് വിജയിച്ചത്. ഇരുപക്ഷവും പരസ്പരം കൊമ്പുകോര്‍ത്ത പ്രതിനിധിസമ്മേളനത്തിന്റെ അവസാനത്തില്‍ സംസ്ഥാനകമ്മറ്റി അവതരിപ്പിച്ച പാനല്‍ ഇന്നലെ രാവിലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലും തുടര്‍ന്ന് നടന്ന ജില്ലാ കമ്മറ്റി യോഗത്തിലും തള്ളപ്പെടുകയാണുണ്ടായത്. പിന്നീട് മത്സരത്തിന് ഒരുങ്ങുകയായിരുന്നു. മത്സരത്തില്‍ തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി സുന്ദരം തോറ്റപ്പോള്‍ പെരുമ്പാവൂര്‍ ഏരിയാ സെക്രട്ടറി എന്‍.സി. മോഹനന് വിജയിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ സ്വഭാവദൂഷ്യം ആരോപണത്തിന്റെ പേരില്‍ ഗോപി കോട്ടമുറിക്കല്‍ സെക്രട്ടറിസ്ഥാനത്തുനിന്നും പുറത്തായതിനെത്തുടര്‍ന്നാണ് കടുത്ത പിണറായിപക്ഷക്കാരനും കണ്ണൂര്‍ ജില്ലക്കാരനുമായ എം.വി. ഗോവിന്ദന് ജില്ലാ സെക്രട്ടറിയായത്. എം.വി. ഗോവിന്ദനെ ഉപയോഗിച്ച് ജില്ല പിടിച്ചടക്കാമെന്ന പിണറായിപക്ഷത്തിന്റെ മോഹമാണ് ഈ സമ്മേളനത്തിലൂടെ തകര്‍ന്നത്. ജില്ലാ കമ്മറ്റിയംഗങ്ങളുടെ തെരഞ്ഞെടുപ്പിനുശേഷം സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന നേതൃത്വം ഗോവിന്ദന് തന്നെ സെക്രട്ടറിയായി തുടരട്ടെയെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
ആറ് മാസത്തേക്കാണ് ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് പറയുന്നു. വിഎസ് പക്ഷത്തിന് ജില്ലാ കമ്മറ്റിയില്‍ വന്‍ഭൂരിപക്ഷമുണ്ടെങ്കിലും സംസ്ഥാന കമ്മറ്റിയുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടാണ് വിഎസ് പക്ഷം അതിന്സമ്മതിച്ചത്.
പത്തനംതിട്ടക്ക് പിന്നാലെ കൊല്ലവും കൈവിട്ടെങ്കിലും ശക്തികേന്ദ്രമായ എറണാകുളം നിലനിര്‍ത്താനായത് സംസ്ഥാനത്ത് വിഎസ് പക്ഷത്തിന് ആവേശമേകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: