മരട്: തിരക്കേറിയ ബസ്സില്‍ യാത്രചെയ്യുകയായിരുന്ന അധ്യാപികയുടെ ബാഗില്‍നിന്നും ഫോണും പണവും കവര്‍ന്നു. പനങ്ങാട് സ്വദേശിനിയായ സ്കൂള്‍ അധ്യാപികയുടെ ഹാന്റ് ബാഗില്‍നിന്നാണ് മറ്റൊരു യാത്രക്കാരി ശമ്പളത്തുകയും, മൊബെയില്‍ ഫോണും തന്ത്രപരമായി മോഷ്ടിച്ചെടുത്തത്. കഴിഞ്ഞ ദിവസം പിറവത്തുനിന്നും വൈറ്റില ഭാഗത്തേക്ക് സ്വകാര്യബസ്സില്‍ യാത്രചെയ്യുന്നതിനിടെയാണ് സംഭവം.
സാമാന്യം തിരക്കുള്ള ബസ്സില്‍ കമ്പിയില്‍ പിടിച്ച് നിന്ന് യാത്രചെയ്യുകയായിരുന്നു അധ്യാപിക. സഹായിക്കാനെന്ന ഭാവത്തില്‍ ഇവരുടെ ബാഗ് സീറ്റിലിരുന്ന മറ്റൊരു സ്ത്രീ കൈയ്യില്‍ വാങ്ങി സൂക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് വൈറ്റിലയില്‍ ബസ് ഇറങ്ങി പരിശോധിച്ചപ്പോഴാണ് ഫോണും പണവും നഷ്ടപ്പെട്ടതായി കണ്ടത്.
സഹായിക്കാനെന്ന പേരില്‍ ബാഗ് കൈയ്യില്‍ നിന്നും വാങ്ങിയ സ്ത്രീയായിരിക്കാം മോഷണം നടത്തിയതെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. ബസ് യാത്രയില്‍ ബാഗില്‍നിന്നും മൊബെയില്‍ ഫോണും മറ്റും നഷ്ടപ്പെട്ട അധ്യാപിക പരാതിയുമായി ആദ്യം പനങ്ങാട് പോലീസ് സ്റ്റേഷനിലാണ് എത്തിയത്. എന്നാല്‍ പിറവത്താണ് പരാതിനല്കേണ്ടതെന്നു പറഞ്ഞ് മടക്കി അയച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പിറവം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: