തൃശൂര്‍ : ചാരപ്പണി ചെയ്ത ടോമിന് തച്ചങ്കരിയെ തിരിച്ചെടുത്ത ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. എന്‍.ഐ.എയും കേന്ദ്രസര്‍ക്കാരും പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.
തച്ചങ്കരിയെ തിരിച്ചെടുത്തതിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി നടത്തിയെന്നും വി.എസ് പറഞ്ഞു. എന്‍.ഐ.എയുടെ നിര്‍ദ്ദേശപ്രകാരമാണ് തച്ചങ്കരിയെ തിരിച്ചെടുത്തതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ തച്ചങ്കരി സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന് എന്‍.ഐ.എ കണ്ടെത്തിയതിലൂടെ മുഖ്യമന്ത്രിയുടെ ഈ വാദം പൊളിഞ്ഞിരിക്കുകയാണ്.
തച്ചങ്കരി ഖത്തര്‍ സന്ദര്‍ശന വേളയില്‍ തീവ്രവാദ ബന്ധമുള്ള ചില ആള്‍ക്കാരെ കാണുകയും ഇക്കാര്യം അവിടത്തെ അംബാസഡര്‍ കേന്ദ്രസര്‍ക്കാരിനെയും അറിയിക്കുകയും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഐ.ജിയായിരുന്ന തച്ചങ്കരിയെ താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സസ്പെന്റ് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ യു.ഡി.എ അധികാരത്തില്‍ വന്ന ശേഷം തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കുകയായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ ഉദ്യോഗസ്ഥനെ എത്രയും വേഗം സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: