ജയ്പൂര്‍: പ്രവാസികള്‍ക്കായി പെന്ഷന് പദ്ധതി തുടങ്ങുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് പ്രഖ്യാപിച്ചു. ജയ്പൂരില്‍ പത്താമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറഞ്ഞ ചെലവില്‍ പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രവാസി പെന്ഷന് പദ്ധതി വിദേശത്തു നിന്നു സ്വമേധയാ മടങ്ങി വരുന്ന ഇന്ത്യക്കാരുടെ പുനരധിവാസത്തിന് ഏറെ ഗുണകരമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും. 60 ലക്ഷം ഇന്ത്യാക്കാര്‍ പശ്ചിമേഷ്യയിലും ഗള്‍ഫ് മേഖലയിലുമായിയുണ്ട്. ഇവരുടെ സുരക്ഷ സര്‍ക്കാരിന് ഏറെ പ്രധാനമാണ്.
അടുത്തിടെയുണ്ടായ ചില സംഭവവികാസങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് ലിബിയയിലും ഈജിപ്തിലും ഉണ്ടായ സംഭവങ്ങള്‍. എന്നാല്‍ ഇവിടെ നിന്നും ഇന്ത്യാക്കാരെ തിരികെ കൊണ്ടുവരാന്‍ അടിയന്തിര നടപടികള്‍ കൈക്കോള്ളാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇനിയും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
പശ്ചിമേഷ്യയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ പ്രവാസി ഇന്ത്യാക്കാര്‍ ജാഗ്രത പാലിക്കണം. ഈ രാജ്യങ്ങളെ ഇന്ത്യ തങ്ങളുടെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഇന്ത്യാക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എല്ലാ രാജ്യങ്ങളും നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നു മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. പ്രവാസികള്‍ക്കു വോട്ടവകാശം നടപ്പാക്കി. അഴിമതി തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ നിരവധി നടപടികള്‍ സ്വീകരിച്ചു. ആര്.ടി.ഐ അടക്കമുള്ള നിയമനങ്ങള്‍ ഇതിനു സഹായകരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഈ സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കും. 9 മുതല്‍ 10 ശതമാനം വളര്‍ച്ചയാണു ലക്ഷ്യമിടുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: