തിരുവനന്തപുരം: ഐജി ടോമിന് തച്ചങ്കരിക്കെതിരെ അടിയന്തരമായി അച്ചടക്കനടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിനാണിത്. ദിവസങ്ങള്‍ക്ക് മുമ്പാണ് തച്ചങ്കരിക്കെതിരായി നടപടി ആവശ്യപ്പെടുന്ന ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിനാണ് ശുപാര്‍ശ ലഭിച്ചത്.
സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയ ഐജി ടോമിന് തച്ചങ്കരിക്കെതിരെ അടിയന്തരമായി അച്ചടക്കനടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശ. ജൂണില്‍ സസ്പെന്ഷന് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് നവംബറില്‍ തച്ചങ്കരിയെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്ത് മാര്‍ക്കറ്റ്ഫെഡ് എംഡിയാക്കിയത് വന്‍ വിവാദമായിരുന്നു.
തച്ചങ്കരിക്ക് ഉദ്യോഗക്കയറ്റം നല്‍കുന്നതിന് എന്തെങ്കിലും തടസമുണ്ടോ എന്ന് ആരാഞ്ഞ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് സംസ്ഥാനം അയച്ച കത്തിനുള്ള മറുപടിയിലാണ് വിവാദമായ ഖത്തര്‍ സന്ദര്‍ശനവും സര്‍വീസ് ചട്ടലംഘനവും സംബന്ധിച്ച എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്ത് തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ നല്‍കിയത്.
തച്ചങ്കരി സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയുള്ളതായാണ് അറിയുന്നത്. സിക്കിമിലേക്ക് എന്ന വ്യാജേന ഖത്തര്‍ സന്ദര്‍ശനം നടത്തിയതാണ് തച്ചങ്കരിക്ക് വിനയായത്. അനധികൃതമായി വിദേശ സന്ദര്‍ശനം നടത്തിയതും ഖത്തറില്‍ സംശയകരമായ ചില വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയതും ചൂണ്ടിക്കാട്ടി ഖത്തറിലെ ഇന്ത്യന്‍ അംബാസഡറാണ് ആദ്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് അയച്ചത്. തുടര്‍ന്ന് സന്ദര്‍ശനത്തെക്കുറിച്ച് എന്‍ഐഎക്ക് അന്വേഷണം കൈമാറി. ഖത്തറില്‍ ചില കേസുകളില്‍ ഉള്‍പ്പെട്ടവരും സംശയകരമായ ചില വ്യക്തികളുടെ ആതിഥേയത്വം സ്വീകരിച്ചതും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടിക്ക് ശുപാര്‍ശ.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: