അങ്കമാലി: അഞ്ചു ദിവസമായി അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നടക്കുന്ന സമരം ശക്തമായി തുടരുന്നു. ഹോസ്റ്റലില്‍ താമസിക്കുന്ന നേഴ്സുമാരുടെ വീടുകളിലേക്ക് ജോലി നഷ്ടപ്പെടുമെന്നും മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്യുവാന്‍ അനുവദിക്കില്ലായെന്നും പറഞ്ഞുകൊണ്ട് കത്തുകളയച്ച് സ്ത്രീകളായ നേഴ്സുമാരെ സമരത്തില്‍നിന്നും പിന്‍വലിക്കാന്‍ ശ്രമിക്കുന്നതും കള്ളകേസും കള്ളപ്രചരണങ്ങളും ധിക്കാരവും ഉപയോഗിച്ചും സമരത്തെ അടിച്ചമര്‍ത്താന്‍ മാനേജ്മന്റ് ശ്രമിക്കുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. സമരം ആറാം ദിവസത്തേയ്ക്ക് കടന്നതോടെ രക്ഷകര്‍ത്താക്കളുടെയും നാട്ടുകാരുടെയും സാംസ്കാരിക സംഘടനകളുടെയും ജസ്റ്റീസ് വി. ആര്. കൃഷ്ണയ്യര്‍ അടക്കമുള്ള സാംസ്കാരിക നായകരുടെയും പിന്തുണ സമരത്തിന് ഏറി വരുകയാണ്. ഇതുവരെ നടത്തിയ ചര്‍ച്ചകളില്‍ മാനേജ്മെന്റ് പങ്കെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന് യുണൈറ്റഡ് നേഴ്സസ് അസ്സോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സമരത്തില്‍ ഭൂരിപക്ഷം നേഴ്സുമാര്‍ പങ്കെടുക്കുന്നതുകൊണ്ട് ഇതിന്റെ പ്രതികാര നടപിടയെന്നവിധം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പൂട്ടി മാനേജ്മെന്റ് നോട്ടീസ് ഒട്ടിച്ചിരിക്കുകയാണ്. ഹോസ്റ്റല്‍ ഫീസും കാന്റീന് ഫീസും അഡ്വാന്‍സായി വാങ്ങിയിട്ടുള്ള മാനേജ്മെന്റ് സമരം തകര്‍ക്കുന്നതിനുവേണ്ടി മാത്രമാണ് ഇത്തരം നടപടികള്‍ ചെയ്യുന്നതെന്ന് അസ്സോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഫോട്ടോഗ്രാഫറെ കയറ്റി പടം എടുപ്പിച്ചതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസിനെ ഭീഷണിപ്പെടുത്തി കേസ് എടുപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്ക് വരുന്ന രോഗികളുടെ കയ്യില്‍നിന്നും നേഴ്സിംഗ് കീയര്‍ ഫീസ് എന്നു പറഞ്ഞുകൊണ്ട് അമിതമായി പണം വാങ്ങിയിട്ടും ഇതിന്റെ പകുതിപോലും നേഴ്സുമാര്‍ക്ക് ശമ്പളയിനത്തില്‍ നല്‍കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. സമരം ശക്തമായതിനെതുടര്‍ന്ന് സര്‍വ്വീസ് മോശമാകുകയും ചെയ്തതുമൂലം ആശുപത്രിയില്‍ അഡ്മിറ്റായ രോഗികള്‍ മിക്കവരും ഡിസ്ചാര്‍ജ് വാങ്ങി മറ്റ് ആശുപത്രികളെ ആശ്രയിക്കുകയാണ്.
ആറു ദിവസമായി തുടരുന്ന സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് മഹിളാമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് ശോഭ സുരേന്ദ്രന്, ബിജെപി ജില്ലാ സെക്രട്ടറി എം. എ. ബ്രഹ്മരാജ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സഹജ ഹരിദാസ്, ബിജെപി അങ്കമാലി നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്, ബാബു കരിയാട് തുടങ്ങിയവര്‍ സമരത്തിന് പിന്‍ന്തുണ പ്രഖ്യാപിച്ച് പ്രസംഗിച്ചു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലില്‍ അന്യായമായി പിരിച്ചുവിട്ട നേഴ്സുമാരെ തിരിച്ചെടുക്കുക, നേഴ്സുമാര്‍ക്ക് മിനിമം വേതനം അനുവദിക്കുക, ജോലി സുരക്ഷ ഉറപ്പുവരുത്തുക, ഡ്യൂട്ടി മൂന്ന് ഷിഫ്റ്റ് ആക്കുക, സ്റ്റാഫ് പേഷ്യന്റ് റേഷ്യോ, പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുക, ജീവനക്കാരെ കോണ്ട്രാക്റ്റ് ബേയ്സില്‍ എടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ നേഴ്സുമാര്‍ സമരം ആരംഭിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ സമരത്തിന്റെ ഗതിമാറ്റി കൂടുതല്‍ ശക്തമാക്കാനാണ് നേഴ്സുമാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: