കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ തിങ്കളാഴ്ച വരെ തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമനം റദ്ദാക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. 31 ജീവനക്കാരാണു ഹര്‍ജി നല്‍കിയത്.
നിയമനങ്ങളില്‍ വന്‍ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ലോകായുക്തയുടെ ഉത്തരവ്. നിയമനം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം ചേരാനിരിക്കെയാണു കോടതി നിര്‍ദേശം. ജസ്റ്റിസ് ടി.ആര്. രാമചന്ദ്രന് നായരുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.
തിങ്കളാഴ്ച പ്രത്യേക സിന്‍ഡിക്കെറ്റ് യോഗം ചേരുന്നുണ്ടെന്നു സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സില്‍ കോടതിയെ അറിയിച്ചു. യോഗത്തില്‍ ഉപ ലോകായുക്തയുടെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുമെന്നും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ച വരെ തല്‍സ്ഥിതി തുടരണമെന്ന് കോടതി നിര്‍ദേശിച്ചത്.
2004ല്‍ നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ നിന്നു 2005മുതലാണു നിയമനം നടന്നത്. 181 പേരെയാണു നിയമിച്ചത്. 160 പേര് സര്‍വീസിലുണ്ട്. തിങ്കളാഴ്ചത്തെ സിന്‍ഡിക്കെറ്റ് യോഗത്തിലുണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
ലോകായുക്ത ശുപാര്‍ശകളില്‍ തീരുമാനമെടുക്കേണ്ടത് ആരാണ് എന്നു വിശദീകരിക്കണമെന്നാണ് ഹര്‍ജിക്കാരുടെ മുഖ്യ ആവശ്യം. സര്വ്വകലാശാലയാണോ സര്‍ക്കാരാണോ അന്തിമ തീരുമാനമെടുക്കേണ്ടതെന്നു വ്യക്തമാക്കണം. പരീക്ഷ കൃത്യമായി പാസായ തങ്ങളെ ക്രമവിരുദ്ധമായി കയറിക്കൂടിയവരുടെ പേരില്‍ പുറത്താക്കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: