ന്യൂദല്‍ഹി: ടെലികോം അഴിമതിക്കേസില്‍ മൂന്നുവര്‍ഷം തടവിനു വിധിക്കപ്പെട്ട മുന്‍ കേന്ദ്ര ടെലികോം മന്ത്രി സുഖ്റാം അബോധവസ്ഥയിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് സി.ബി.ഐ കോടതിയെ അറിയിച്ചു. വ്യാഴാഴ്ച സുപ്രീംകോടതി സുഖ്റാമിനോട് വിചാരണക്കോടതിക്ക് മുമ്പാകെ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നരസിംഹറാവു മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് സ്വകാര്യകമ്പനിക്ക് ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നാണ് സുഖ്റാമിനെതിരെയുള്ള കേസ്. അഴിമതി നിരോധനനിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചനവകുപ്പുപ്രകാരവും സുഖ്റാം കുറ്റക്കാരനാണെന്ന് പ്രത്യേക സി.ബി.ഐ. ജഡ്ജി ആര്.പി. പാണ്ഡേ കണ്ടെത്തിയിരുന്നു. അഞ്ചുവര്‍ഷം തടവുശിക്ഷയാണ് ഇദ്ദേഹത്തിന് വിധിച്ചത്.
കോമയിലായതിനാല് അദ്ദേഹത്തിന് കോടതിയില്‍ ഹാജാരാകാന്‍ കഴിയില്ലെന്നും അഭിഭാഷകന് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ധര്‍മ്മേഷ് ശര്‍മ മുമ്പാകെ അറിയിക്കുകയായിരുന്നു. കേസ് വീണ്ടും ശനിയാഴ്ച പരിഗണിക്കും. ശിക്ഷ അനുഭവിക്കുന്നതിന് ഇന്നലെ പ്രത്യേക സിബിഐ കോടതി മുമ്പാകെ കീഴടങ്ങേണ്ടതായിരുന്നെങ്കിലും സുഖ്റാം എത്തിയിരുന്നില്ല. കേസില്‍ സുഖ്റാമിന്റെ കൂട്ടുപ്രതികളായ മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന് രുണു ഘോഷ്, ഹൈദരാബാദിലെ ബിസിനസുകാരനായ രാമറാവു എന്നിവര്‍ കോടതിയില്‍ ഇന്നലെ കീഴടങ്ങിയിരുന്നു. ഇവര്‍ക്കു യഥാക്രമം രണ്ടുവര്‍ഷവും മൂന്നുവര്ഷവുമാണു തടവ്. ഇവരെ ജയിലിലേക്കയച്ചിട്ടുണ്ട്.
കീഴ്ക്കോടതി വിധിച്ച ശിക്ഷ ശരിവച്ച ദല്‍ഹി ഹൈക്കോടതി ഇന്നലെ കീഴടങ്ങാന്‍ പ്രതികള്‍ക്ക് ഉത്തരവു നല്‍കിയിരുന്നു. ഇതിനെതിരെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഇളവൊന്നും നല്‍കിയില്ല. ഹിമാചല്‍പ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവായ സുഖ്റാം മൂന്നുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1993’96 കാലത്താണ് അദ്ദേഹം നരസിംഹറാവു മന്ത്രിസഭയില്‍ ടെലികോം സഹമന്ത്രിയായിരുന്നത്.
2009-ല്‍ മറ്റൊരു ടെലികോം അഴിമതിക്കേസില്‍ സുഖ്റാമിനെ മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: