ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെതിരെ പ്രചരണത്തിന് അണ്ണാ ഹസാരെ എത്തില്ലെന്ന് സംഘാംഗം കിരണ്‍ ബേദി അറിയിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് പൂനെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അണ്ണാ ഹസാരെ ഇപ്പോള്‍.
ഹസാരെയ്ക്ക് വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാലാണ് പ്രചര്ണ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് കിരണ്‍ ബേദ് വ്യക്തമാക്കി. ശക്തമായ ലോക്പാല്‍ പാസാക്കത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനെതിരെ പ്രചരണം നടത്തുമെന്ന് നേരത്തെ അണ്ണാ ഹസാരെ അറിയിച്ചിരുന്നു.
അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ ജനുവരി ഒന്നിന് പൂനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം ഹസാരെ വേഗം സുഖം പ്രാപിച്ചു വരികയാണെന്നും നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.
ഡിസംബര്‍ 27 മുതല്‍ മുംബൈയില്‍ മൂന്ന് ദിവസത്തെ ഉപവാസ സമരം ആരംഭിച്ച അണ്ണാ ഹസാരെ അനാരോഗ്യത്തെ തുടര്‍ന്ന് രണ്ടാമത്തെ ദിവസം സമരം അവസാനിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: