കണ്ണൂര്‍: മുഴുവന്‍ ജില്ലകളിലെയും ജനസമ്പര്‍ക്ക പരിപാടി കഴിഞ്ഞാല്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച് പഠനവിധേയമാക്കുമെന്നും നടപടിക്രമങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അപേക്ഷയുമായി വരുന്നവര്‍ക്ക് മുമ്പില്‍ വ്യവസ്ഥകളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കേണ്ടിവരുന്നു എന്നതാണ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഉള്ള തടസ്സം. ഇതിന് മാറ്റം വരുത്തും. ജനങ്ങളുടെ പരാതികള്‍ അനുകൂലമായ രീതിയില്‍ പരിഗണിക്കും. ചടങ്ങില്‍ എ.പി. അബ്ദുള്ളക്കുട്ടി, എംഎല്‍എ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്ത് നടക്കുന്ന പതിമൂന്നാമത് ജനസമ്പര്‍ക്ക പരിപാടിക്കാണ് കണ്ണൂര്‍ സാക്ഷ്യംവഹിച്ചത്. ജനസമ്പര്‍ക്ക പരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ മറ്റോ പരിപാടിയല്ലെന്നും എല്ലാവിഭാഗം ജനനേതാക്കളും ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥതയോടെ പ്രവര്ത്തനരംഗത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ചു എന്നതാണ് കാര്യം. എല്ലാ പരാതികളും പരിഹരിക്കാനാവില്ല. എന്നാല്‍ ഒരു പരാതിയും പരിഗണിക്കാതെ പോകരുതെന്നും ആരേയും അവഗണിക്കരുതെന്നും ഉള്ളത് പരിപാടിയുടെ ലക്ഷ്യമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ ജനസമക്ഷം എന്ന പ്രത്യേക പതിപ്പ് കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന് നല്കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ഗ്രാമ വികസന പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി. ജോസഫ്, കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന് എന്നിവര്‍ ധനസഹായ വിതരണം നടത്തി. കെ. സുധാകരന്, എം.പി., എംഎല്‍എമാരായ അഡ്വ. സണ്ണി ജോസഫ്, കെ.എം. ഷാജി, കെ.കെ.നാരായണന്, സി. കൃഷ്ണന്, ടി.വി. രാജേഷ്, ജെയിംസ് മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. സരള, നഗരസഭാ ചെയര്‍പേഴ്സണ്‍ എം.സി. ശ്രീജ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. വിവിധ തദ്ദേശ ഭരണ സ്ഥാപനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സംബന്ധിച്ചു. ജില്ലാ കലക്ടര്‍ ആനന്ദ് സിംഗ് സ്വാഗതവും എഡിഎം എന്‍.ടി. മാത്യു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: