ന്യൂദല്‍ഹി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ മൂല്യനിര്‍ണയം നടത്താനുള്ള വിദഗ്ദ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നും സി.വി.ആനന്ദ ബോസിനെ സുപ്രീംകോടതി നീക്കി. പകരം സമിതി അംഗവും ദേശീയ മ്യൂസിയം സംരക്ഷണ വിഭാഗം തലവനുമായ എം.വി.നായരെ സമിതിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു.
അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ നോഡല്‍ ഓഫീസറായി നിയമിച്ച കേരള സര്‍ക്കാരിന്റെ നടപടിയെ കോടതി അംഗീകരിച്ചു. ആനന്ദ ബോസ് വിരമിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റീസുമാരായ ആര്.എം.ലോധ, എ.കെ. പട്നായിക് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നടപടി.
തന്നെ നീക്കാനുള്ള നീക്കത്തിനെതിരേ ആനന്ദബോസ് കോടതിയില്‍ കത്ത് നല്‍കിയിരുന്നു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ആനന്ദബോസിനെ നീക്കിയിരുന്നെങ്കിലും പിന്നീട് ആ തീരുമാനം പിന്‍വലിച്ചിരുന്നു. അതേസമയം പദ്മനാഭാസ്വാമി ക്ഷേത്രത്തില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിന് സര്‍ക്കാരിനെയും ക്ഷേത്ര മാനേജ്മെന്റിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.
നേരത്തേ സുപ്രീംകോടതി മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ആനന്ദബോസ് സമിതിക്ക് അഞ്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സമിതിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിനും ക്ഷേത്രം അധികാരികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദ്ദേശങ്ങളൊന്നും പൂര്‍ണമായും പാലിക്കപ്പെട്ടിട്ടില്ലെന്നു വ്യക്തമായതോടെയാണ് സര്‍ക്കാരിനെയും ക്ഷേത്രം അധികാരികളെയും കോടതി ശക്തമായി വിമര്‍ശിച്ചത്.
ഇരുകൂട്ടരുടെയും നടപടികള്‍ ഒട്ടും അനുയോജ്യമല്ലെന്നു കോടതി നിരീക്ഷിച്ചു. കോടതിയുടെ അഞ്ചു നിര്‍ദേശങ്ങളില്‍ നാലും സംസ്ഥാനസര്‍ക്കാര്‍ പാലിച്ചില്ല. സര്‍ക്കാര്‍ നിലപാടുകള്‍ സംബന്ധിച്ച് ആനന്ദബോസ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു പരിശോധിച്ചാണു സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്. ദഗ്ദ്ധ സമിതിക്ക് പ്രവര്‍ത്തിക്കാന്‍ ഓഫീസ് അനുവദിച്ചില്ല, സുരക്ഷാ ആവശ്യങ്ങള്‍ക്കായി 25 ലക്ഷം രൂപ അനുവദിക്കണമെന്ന നിര്‍ദ്ദേശവും നടപ്പായില്ലെന്ന് ഡിവിഷന് ബെഞ്ച് പറഞ്ഞു.
ഫെബ്രുവരി 15നകം സമിതിക്കു നല്‍കാനുള്ള തുക മുഴുവനും സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: