തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് സംയുക്ത നിയന്ത്രണം ആകാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡാമിലെ അര്‍ഹതപ്പെട്ട വെള്ളം മുഴുവന്‍ തമിഴ്നാടിന് നല്‍കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നത് ഇപ്പോള്‍ സജീവ പരിഗണനയിലാണ്. പുതിയ ഡാമിന്റെ സംരക്ഷണം സംയുക്തമായി നിര്‍വഹിക്കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ല. പുതിയ ഡാമിലെ ജലം മുഴുവന്‍ തമിഴ്നാടിന് നല്കാന് തയ്യാറാണ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാരിന് വലുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിരുവാണി ഡാം മോഡല്‍ സംയുക്ത നിയന്ത്രണമാകും മുല്ലപ്പെരിയാറില്‍ ഉണ്ടാവുക. കേരളവും തമിഴ്നാടും കേന്ദ്രവും ഉള്‍പ്പെട്ട സുരക്ഷ മേല്നോട്ടമായിരിക്കണം ഡാമിനു വേണ്ടത്. ഇക്കാര്യം സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ അറിയിക്കും. പുതിയ ഡാം വരുമ്പോള്‍ പുതിയ കരാര്‍ ഉണ്ടാക്കേണ്ടി വരും. കരാറില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ തമിഴ്നാടുമായി ചര്‍ച്ച ചെയ്തു പരിഹരിക്കും. പരിഹരിക്കാനാകാതെ വന്നാല്‍ സുപ്രീംകോടതിക്കു തര്‍ക്കം പരിഗണിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ മഴയില്‍ തിരുവനന്തപുരം നഗരത്തില്‍ വെള്ളം കയറിയ വീടുകള്‍ക്ക് അടിയന്തര സഹായം നല്‍കാനായി കളക്ടര്‍ക്ക് അഞ്ചു കോടി രൂപ അനുവദിച്ചു. ദുരിതബാധിതര്‍ക്ക് ഒരു മാസത്തെ സൗജന്യറേഷന് നല്‍കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തകര്‍ന്ന വീടുകള്‍ നവീകരിച്ചു നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരം കാണുന്നതിനെ കുറിച്ച് പഠിക്കാന്‍ റവന്യൂ, ഇറിഗേഷന്‍, ട്രാന്‍സ്പോര്‍ട്ട്, സ്പോര്‍ട്സ്, പൊതുമരാമത്ത് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഒരു സബ് കമ്മിറ്റി പഠനം നടത്തും. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
കരമനയാറും കിള്ളിയാറും നവീകരിക്കാനായി കേന്ദ്രത്തിന്റെ സഹായത്തോടെ 500 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കും. എസ്.ഇ, എസ്.ടി, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. കോട്ടയം ചെമ്പില്‍ 1300 കോടി രൂപയുടെ ഇന്റര്‍ ഗ്രേറ്റഡ് ടൗണ്‍ഷിപ്പ് പദ്ധതിയെന്ന നിര്‍ദ്ദേശവും മന്ത്രിസഭ അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: