കോതമംഗലം: കോതമംഗലം പട്ടണത്തില്‍ ഇന്നലെ രാത്രിയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു.
കോതമംഗലം കോളേജ് ജംഗ്ഷന് സമീപം ബൈപാസ് റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അംബികാസൗണ്ട് എന്ന സ്ഥാപനയുടമ വാരപ്പെട്ടി കല്ലിടുമ്പില്‍ (ജയവിഹാര്‍) രജ്ഞിത് (32) ജീവനക്കാരായ ഉപ്പുകണ്ടം വെട്ടിക്കാട്ട് സുരേഷ് (38) തൃക്കാരിയൂര്‍ കാഞ്ഞിരക്കാട്ട് സേതു (32), വാരപ്പെട്ടി മണപ്പാട്ട് ഹരീഷ് (34), കോട്ടപ്പടി മഠത്തികൂടി രൂപേഷ് (34), കോട്ടപ്പടി കൈനിക്കുടി അനീഷ് (32) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ രൂപേഷിന്റെ ചെവി അറ്റുപോയിട്ടുണ്ട്. അനീഷിന്റെയും സേതുവിന്റെയും തലക്ക് വെട്ടേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമാണ്.
ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് സംഭവം ലൈറ്റ് ആന്റ് സൗണ്ട് ജിവനക്കാരും ഉടമയും ജോലികഴിഞ്ഞ് സാധനങ്ങള്‍ ഗോഡൗണിന്റെ മുകളിലത്തെ മുറിയില്‍ വാടകക്ക് താമസിക്കുന്ന കോതമംഗലത്തെ വിവിധ കോളേജുകളിലെ ഒരു സംഘം വിദ്യാര്‍ത്ഥികളും കൂട്ടാളികളും മദ്യപിച്ച് അസഭ്യവര്‍ഷം നടത്തുകയും ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മുകളില്‍ നിന്നും ഇറങ്ങിവന്ന് ലൈറ്റ് ആന്റ് സൗണ്ട് ഉടമയെയും ജീവനക്കാരെയും ആക്രമിക്കുകയും കുറച്ച് സമയത്തിനുള്ളില്‍ വടിവാളുകളും മറ്റ് മാരകായുധങ്ങളുമായി കൂടുതല്‍ പേര് വന്ന് ഇവരെ വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഘത്തില്‍ ഇരുപതോളം പേര് ഉണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. നിരന്തരം ഇവര്‍ മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.
സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോതമംഗലം കുത്തുകുഴി വായനശാലപ്പടിതെക്കേക്കുന്നേല് ടി.പി.ജോണി മകന് ആന്റോ (21), വടകര അഴിയൂര്‍ വലിയപറമ്പ് സുബൈര്‍ മകന് അഫ്നാസ് (23), നേര്യമംഗലം കുന്നത്ത് വിത്സന് മകന് ബേസില്‍ (19) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കോതമംഗലം എസ്ഐ പി.എച്ച്.സമീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: