ഭുവനേശ്വര്‍: ശാസ്ത്ര ഗവേഷണ രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയുടെ സ്ഥാനം താഴേക്ക് പോയെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്. ചൈനയെ പോലുള്ള വികസ്വര രാജ്യങ്ങള്‍ ഈ മേഖലയില്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ശാസ്ത്രഗവേഷണ രംഗത്ത് നിക്ഷേപം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒറീസയില്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ശാസ്ത്ര ഗവേഷണങ്ങള്‍ക്കായുള്ള പദ്ധതി വിഹിതം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ടു ശതമാനമായി ഉയര്‍ത്തും. ഇപ്പോള്‍ വകയിരുത്തുന്ന തുക വളരെ കുറവാണ്. ജിഡിപിയുടെ 0.9ശതമാനം മാത്രമാണ് വകയിരുത്തുന്നത്. എന്നാല്‍ ഇതു പോലും വിനിയോഗിക്കാതെ കെട്ടിക്കിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്ര ലോകത്ത് ഇതുവരെ ഉണ്ടാക്കിയ നേട്ടങ്ങള്‍ കൊണ്ടു രാജ്യത്തിനു തൃപ്തിപ്പെടാനാകില്ല. ശാസ്ത്രരംഗത്ത് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ 5000 കോടി രൂപ മുതല്‍ മുടക്കി ബാംഗ്ലൂരില്‍ സ്ഥാപിക്കുമെന്നും മന്മോഹന് സിങ് പറഞ്ഞു.
തമിഴ്നാട്ടിലെ തേനിയില്‍ 1350 കോടി രൂപ മുടക്കി ന്യൂട്രിനോ ഒബ്സര്‍വേറ്ററി സ്ഥാപിക്കാനും തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: