ഇടുക്കി: മുല്ലപ്പെരിയാറില്‍ നിര്‍മ്മിക്കുന്ന പുതിയ അണക്കെട്ടിന്റെ നിയന്ത്രണത്തിന്റെ കാര്യത്തില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ലെന്ന് ജലവിഭവ മന്ത്രി പി.ജെ ജോസഫ് പറഞ്ഞു. ദൈര്‍ഘ്യമേറിയ കരാറുകള്‍ ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളെയും കരാറുകളെയും പോലെ കേരളത്തിന്റെ ഭൂമിയിലുണ്ടാകുന്ന അണക്കെട്ടിന്റെ അവകാശം കേരളത്തിന് തന്നെ കിട്ടണം. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഒരു അബദ്ധകരാറിന്റെ പേരില്‍ തമിഴ്നാട് വീണ്ടും അവകാശം ഉന്നയിക്കുന്നത് ശരിയല്ല. പഴയതുപോലെ 99 വര്‍ഷത്തെ ദൈര്‍ഘ്യമുള്ള കരാര്‍ ഇനി ഉണ്ടാവില്ലെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
40 വര്‍ഷമായി തമിഴ്നാടിന് വെള്ളം കൊടുക്കുന്ന ശിരുവാണി മാതൃകയിലുള്ള കരാറിനോടാണ് കേരളത്തിന് താത്പര്യം. അണക്കെട്ടിന്റെ നിയന്ത്രണം പൂര്‍ണ്ണമായും കേരളത്തിന് വേണം. എന്നാല്‍ വെള്ളം കൊടുക്കുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ക്ക് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് തീരുമാനം എടുക്കാം.
സുപ്രീംകോടതിയില്‍ നിന്നും ഉന്നതാധികാര സമിതിയില്‍ നിന്നും നിഷ്പക്ഷ നിലപാടാണ് കേരളം പ്രതീക്ഷിക്കുന്നത്. മുല്ലപ്പെരിയാര്‍ സമരത്തിന്റെ കാര്യത്തില്‍ ജനുവരി 16ന് കോട്ടയത്ത് ചേരുന്ന കേരള കോണ്‍ഗ്രസിന്റെ യോഗത്തില്‍ തീരുമാനം എടുക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: