കൊച്ചി: ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ മറിച്ചിട്ട് കെ.എം.മാണിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ നീക്കം. ഫെബ്രുവരിയില്‍ മാണിയെ മുഖ്യമന്ത്രിയായും സിപിഎം പൊളിറ്റ്ബ്യൂറോ മെമ്പര്‍ കോടിയേരി ബാലകൃഷ്ണന് ഉപമുഖ്യമന്ത്രിയായും മന്ത്രിസഭ രൂപീകരിക്കാനുള്ള സിപിഎമ്മും മാണിയും തമ്മിലുള്ള രഹസ്യ ചര്‍ച്ച പുരോഗമിച്ച് വരുകയാണ്. പലവട്ടം ചര്‍ച്ച നടന്നുവെങ്കിലും മാണിയുടെ കൂടെ നില്ക്കുന്ന പി.ജെ.ജോസഫിന്റെയും പി.സി.ജോര്‍ജിന്റെയും കാര്യത്തിലാണ് അഭിപ്രായവ്യത്യാസം നിലനിന്നിരുന്നത്. ജോസഫിനെയും ജോര്‍ജിനെയും മന്ത്രിസഭയിലേക്ക് എടുക്കുന്നതിനോട് സിപിഎമ്മിന് താല്‍പ്പര്യമില്ല. എന്നാല്‍ ജോസഫിനെ മാത്രം ഒഴിവാക്കി പി.സി.ജോര്‍ജിനെ മന്ത്രിസഭയില്‍ എടുക്കാന്‍ ഏകദേശ ധാരണയില്‍ ഇരുകൂട്ടരും എത്തിച്ചേര്‍ന്നിട്ടുണ്ട്.
ജോസ് കെ.മാണിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ മാണി രോഷാകുലനാണ്. ഇതിനായി മാണി കേന്ദ്രത്തില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിട്ടും പ്രയോജനമുണ്ടായില്ല. കേരളത്തില്‍നിന്നുള്ള ചില കോണ്‍ഗ്രസ് നേതാക്കളാണ് മാണിയുടെ മകന്റെ കേന്ദ്രമന്ത്രിസഭ പ്രവേശനത്തിന് വിലങ്ങ് തടിയായി നിലകൊള്ളുന്നത്. അതുമാത്രമല്ല, സംസ്ഥാന മന്ത്രിസഭയില്‍ പണ്ടത്തെപ്പോലെ മാണിക്ക് പിടിമുറുക്കാന്‍ കഴിയുന്നില്ല. മുസ്ലീംലീഗാണ് മന്ത്രിസഭയെ നിയന്ത്രിക്കുന്നത്. ഇതും മാണിയെ അസ്വസ്ഥനാക്കിയിട്ടുണ്ട്. കേന്ദ്രത്തോടുള്ള പ്രതിഷേധമായിട്ടാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മാണി സമരത്തിന് മുന്നിട്ടിറങ്ങിയതും.
ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന കണക്കുകൂട്ടലിലാണ് സിപിഎം നിലപാടെടുത്തിരിക്കുന്നത്. മാണിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ ഉണ്ടാക്കുകയാണെങ്കില്‍ അത് ഏറെ ബാധിക്കുന്നത് വി.എസ്.അച്യുതാനന്ദനെയാണ്. അച്യുതാനന്ദന്റെ പ്രതിപക്ഷനേതാവ് പദവി നഷ്ടപ്പെടുകയും, പാര്‍ട്ടിയില്‍ ഇനി ഒരു പൊളിറ്റ്ബ്യൂറോ പ്രവേശനം സാധ്യമല്ലാതാകുകയും ചെയ്യുന്നതോടെ വിഎസിന് സ്വയം ഒതുങ്ങേണ്ടിവരും. കൂടാതെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ താഴെയിറക്കുകയും, കോടിയേരിയെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്താല്‍ പിണറായി പക്ഷത്തിന് സംസ്ഥാനത്ത് തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനും കഴിയുമെന്ന കണക്കുകൂട്ടലിലാണ് സിപിഎമ്മിലെ ഔദ്യോഗികപക്ഷം.
നേരത്തെ മാണിയെ കൂട്ടുപിടിച്ച് ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ താഴെയിറക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ആലോചിച്ചത്. എന്നാല്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉമ്മന്‍ചാണ്ടി നേടിയെടുത്ത ഇമേജ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷത്തിന് ദോഷമായേക്കുമെന്ന ചിന്തയാണ് പുതിയ മന്ത്രിസഭയ്ക്ക് അവരെ പ്രേരിപ്പിച്ചത്.
പിറവത്തെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനുള്ള രഹസ്യനീക്കവും മാണി ആരംഭിച്ചിട്ടുള്ളതായി അറിയുന്നു. ഇതിന്റെ ഭാഗമായിട്ടാണത്രെ ജേക്കബ് ഗ്രൂപ്പില്‍നിന്നും ആളുകള്‍ വിട്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: