ആലുവ: മണപ്പുറം മേത്തര്‍ ഗ്രൂപ്പിന് ഫുട്ബോള്‍ പരിശീലനത്തിന് വിട്ടുനല്‍കി വേലികെട്ടിതിരിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 5ന് ബഹുജനമാര്‍ച്ച് നടക്കും. ബൈപാസില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചിന് വിവിധ ഹൈന്ദവ സംഘടനകള്‍ നേതൃത്വം നല്‍കും. ഇതിനിടെ വിവരാവകാശനിയമപ്രകാരം നല്കിയ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് നടപടിയില്‍ ആദ്യം നഗരസഭ വക മണപ്പുറം ഗ്രൗണ്ട് എന്നും പിന്നീട് ക്ലബ്ബിന് നല്കിയ നിബന്ധനകളില്‍ സ്റ്റേഡിയം എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ നഗരസഭക്ക് സ്റ്റേഡിയം ഇല്ല. ഗ്യാലറി അടക്കമുള്ള ഏകഗ്രൗണ്ട് നഗരസഭയുടെ സബ്ജയില്‍ ഗ്രൗണ്ടാണ്. ഇത് ഒരു സംഘടന കയ്യടക്കി വച്ചിരിക്കുകയാണ്. മണപ്പുറത്ത് ഉള്ളത് ഗ്രൗണ്ടാണ് എന്നിരിക്കെ സ്റ്റേഡിയം എന്ന വാക്ക് ഉപയോഗിച്ചതില്‍ ഗൂഢലക്ഷ്യമുണ്ട്. ഈ ഭാഗം വര്‍ഷങ്ങളായി സ്റ്റേഡിയം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുണ്ട്. എന്നാല്‍ ഹൈന്ദവ സംഘടനകളുടെ ശക്തമായ എതിര്‍പ്പുമൂലം ഇത് സാധിക്കപ്പെട്ടിട്ടില്ല. ഇത് പുനരുദ്ധരിച്ച് സ്റ്റേഡിയത്തിനായുള്ള ശ്രമമാണ് ഈഗിള്‍ എഫ്സി കൊച്ചിന് എന്ന ക്ലബിന് ഗ്രൗണ്ട് വിട്ട് നല്‍കുകയും നഗരഭരണാധികാരികളുടെ മൗനസമ്മതത്തില്‍ കമ്പിവേലികെട്ടിതിരിക്കുകയും ചെയ്തത്. സമീപപരിസരത്തെ യുവാക്കള്‍ കളിച്ചിരുന്ന സ്ഥലമാണ് പാട്ടത്തിന് എടുത്തവര്‍ ഗെയിറ്റ് വച്ച് അടച്ചത്. സമീപ വാര്‍ഡുമെമ്പറായ പ്രതിപക്ഷനേതാവ് ഇത് അറിഞ്ഞില്ല എന്നാണ് പറയുന്നത്. ആലുവ കൊട്ടാരകടവില്‍ നിന്ന് മണപ്പുറത്തേക്ക് രണ്ടുവര്‍ഷം മുമ്പ് നിലച്ച കടത്തുവഞ്ചിവേണമെന്ന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വര്‍ഗീയവാദികളായ ചില കൗണ്‍സിലര്‍മാര്‍ കടത്ത് വേണ്ട എന്ന നിലപാട് സ്വീകരിച്ചതും വിവാദമായിട്ടുണ്ട്. ശിവരാത്രിക്ക് താല്‍ക്കാലിക പാലം നിര്‍മിക്കുന്നവരില്‍ നിന്ന് കമ്മീഷന് പറ്റാനാണ് ഇവരുടെ നീക്കം. ഇപ്പോള്‍ മഹാദേവക്ഷേത്രത്തില്‍ എത്തണമെങ്കില്‍ കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കണം. നഗരസഭ റൂട്ടിസം പദ്ധതി എന്ന പേരില്‍ മണപ്പുറത്ത് നിര്‍മിച്ച നടപ്പാതയും ഇരിപ്പിടങ്ങളും ഇപ്പോള്‍ മയക്കുമരുന്ന് മാഫിയകേന്ദ്രമാണ്. ഗ്രൗണ്ട് വിട്ട് കൊടുക്കാന്‍ നല്കിയ അപേക്ഷയില്‍ നഗരസഭ തീരുമാനം എടുത്തത് എഴുദിവസത്തിനുള്ളിലാണ്. സാധാരണക്കാരന് ഓരോ കാര്യത്തിനും അപേക്ഷനല്‍കി മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുമ്പോള്‍ നഗരഭരണകര്‍ത്താക്കളുടെ ശിങ്കിടികള്‍ സെപ്റ്റംബര്‍ 22ന് ലഭിച്ച അപേക്ഷയില്‍ 28ന് നടപടി ഉണ്ടാക്കി. ഗ്രൗണ്ട് സൗജന്യമായി നല്കി എന്നാണ് നഗരസഭ സെക്രട്ടറി നല്കുന്ന മറുപടി. എന്നാല്‍ 5,000 രൂപക്ക് പാട്ടത്തിന് നല്‍കിയതായാണ് ചില കൗണ്‍സില്‍ അംഗങ്ങള്‍ വാക്കാല്‍ പറഞ്ഞത്. സംഘാടകരും പണം നല്‍കിയതായി പറയുന്നുണ്ട്. നല്കിയ അനുമതി എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാന്‍ നഗരസഭക്ക് അവകാശമുള്ളതായും സെക്രട്ടറി പറയുന്നു. ഒരു വര്‍ഷത്തേക്കാണ് ഗ്രൗണ്ട് വിട്ട് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: