ഇസ്ലാമബാദ്: തങ്ങള്‍ രാജ്യത്തെ സുരക്ഷാ ഭടന്മാരെ ആക്രമിക്കുകയില്ലെന്നും എന്നാല്‍ അഫ്ഗാനിലെ അമേരിക്കന്‍ നേതൃത്വത്തിലുള്ള പടയാളികളിലേക്ക് ശ്രദ്ധ തിരിക്കുമെന്നും പാക്കിസ്ഥാനിലെ താലിബാന് ഭീകരര്‍ വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നു. താലിബാന്റെ അഞ്ചംഗ കൗണ്‍സില്‍ തീവ്രവാദി ഗ്രൂപ്പുകളില്‍ നിന്നും പാക് സുരക്ഷാഭടന്മാരെ ആക്രമിക്കുകയില്ലെന്ന ഉറപ്പ് നേടിയിട്ടുണ്ട്. ഈ സംഘത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും അയച്ചത് താലിബാന് നേതാവ് മുല്ല മൊഹമ്മദ് ഒമറിന്റെ നിര്ദ്ദേശപ്രകാരമാണെന്നറിയുന്നു. ആഴ്ചകള്‍ നീണ്ട കഠിന പ്രയത്നത്തിനൊടുവില്‍ വിവിധ തീവ്രവാദി സംഘടനകളെ ഒരു വേദിയിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇത് കൂടാതെ ചാവേര്‍ ആക്രമണങ്ങളും പ്രതിഫലത്തിനായി തട്ടിക്കൊണ്ടുപോകുന്നതും നിരപരാധികളെ വധിക്കുന്നത് ഒഴിവാക്കാനും അവര്‍ പ്രതിജ്ഞയെടുത്തിട്ടള്ളതായി അറിയുന്നു. നിരപരാധികളെ പാക് താലിബാന് ഭീകരര്‍ വധിക്കുന്നതില്‍ മുല്ല ഒമര്‍ സന്തുഷ്ടനായിരുന്നില്ലെന്ന് താലിബാന് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ജിയോ ടെലിവിഷന്‍ അറിയിക്കുന്നു. പാക് താലിബാന്റെ ശ്രദ്ധ അഫ്ഗാനില്‍ നിന്ന് മാറിപ്പോകുന്നതിലും ഒമറിന് ആശങ്കയുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന് അമേരിക്കന്‍ സഖ്യസേനക്ക് മുന്നില്‍ മുട്ടുമടക്കേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: