ഡമാസ്ക്കസ്: സിറിയന്‍ സൈന്യം കഴിഞ്ഞ ദിവസം എട്ടുപേരെക്കൂടി വധിച്ചതോടെ സിറിയയില്‍ നിന്ന് നിരീക്ഷകരെ പിന്‍വലിക്കുന്നതിനെക്കുറിച്ച് അറബ് ലീഗ് ചര്‍ച്ച ചെയ്യുന്നു. ഡിസംബര്‍ 23വരെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സേനകള്‍ 286 പേരെ വധിച്ചതായി ഒരു മനുഷ്യാവകാശ പ്രവര്ത്തകന് അറിയിച്ചു. ഡാറിയയിലാണ് ഞായറാഴ്ച പ്രകടനക്കാര്‍ക്കുനേരെയുള്ള വെടിവെപ്പില്‍ 8 പേര് കൊല്ലപ്പെട്ടത്.
അറബ് രാജ്യങ്ങളില്‍ നിന്നുള്ള 88 പ്രതിനിധികള്‍ അടങ്ങുന്ന അറബ് ലീഗ് നിരീക്ഷകരുടെ സാന്നിധ്യത്തിലും അക്രമങ്ങള്‍ തുടരുന്നതില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. നിരീക്ഷകരുടെ സാന്നിധ്യത്തില്‍ പ്രക്ഷോഭകര്‍ കൊലചെയ്യപ്പെട്ടതിനാല്‍ തങ്ങളുടെ ലക്ഷ്യത്തിനു കടകവിരുദ്ധമായ സംഭവങ്ങളാണ് സിറിയയില്‍ നടക്കുന്നതെന്ന് അറബിളെഗ് ചെയര്മാന് അലി അല്‍ സേലം കീ്റോയില്‍ അറിയിച്ചു. ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനത്തിന് അറബ് ലീഗ് മറയാവുന്നു എന്നത് ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നിരീക്ഷകരിലൂടെ സിറിയയില്‍ നടക്കുന്ന മനുഷ്യത്വരഹിതമായ കൊടുംക്രൂരതകളെക്കുറിച്ച് പുറംലോകത്തിന് അറിയാന്‍ കഴിയുമെന്ന് പ്രസിഡന്റിന്റെ എതിരാളികള്‍ കണക്കുകൂട്ടുന്നു. അറബ് ലീഗിന്റെ നിര്‍ദ്ദേശപ്രകാരം ഭരണകൂടം തെരുവുകളില്‍ നിന്ന് സൈന്യത്തെയും കവചിതവാഹനങ്ങളും പിന്‍വലിക്കുന്നുണ്ടോ, അന്യായമായി തടവില്‍ വെച്ചവരെ വിട്ടയക്കുന്നുണ്ടോ, എതിരാളികളുമായി സന്ധിസംഭാഷണങ്ങള്‍ ആരംഭിച്ചോ എന്ന വസ്തുതകളും നിരീക്ഷകര്‍ പരിഗണിക്കുന്നുണ്ട്. പ്രസിഡന്റ് അസദിന് ഇക്കാര്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഒരാഴ്ച സമയമാണ് അറബ് ലീഗ് അനുവദിച്ചിരിക്കുന്നത്.
ഇതിനിടെ നിരീക്ഷകരുടെ സാന്നിധ്യം ഭരണകര്‍ത്താക്കളുടെ നയങ്ങളില്‍ കാര്യമായ വ്യതിയാനമുണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷമായ സിറിയന്‍ നാഷണല്‍ കൗണ്‍സിലിന്റെ നേതാവ് റിമ ഫ്ലെയ്ഹാന് ചൂണ്ടിക്കാട്ടി. സാധാരണക്കാര്‍ക്കെതിരെ അക്രമങ്ങള്‍ നടത്തുന്ന സിറിയയുടെ പ്രാഥമിക അംഗത്വം പോലും റദ്ദാക്കണമെന്ന് ഒരുഘട്ടത്തില്‍ അറബ് ലീഗ് തീരുമാനമെടുത്തിരുന്നു. അറബ് ലീഗ് നിരീക്ഷകര്‍ ഒമ്പത് മാസം നീണ്ടുനിന്ന കലാപങ്ങളുടെ ഇൗറ്റില്ലമായ ദേറ നഗരം സന്ദര്‍ശിച്ചു. ഇവിടത്തെ ഒമാരി പള്ളിയിലെ ഇമാം ഷെയ്ക്ക് അഹമ്മദ് ഹയാസ് നെബിന്റെ വസതിയും അവര്‍ സന്ദര്‍ശിക്കുകയുണ്ടായി.
എന്നാല്‍ നിരീക്ഷകര്‍ ഹയാസ് നെബിനെ സന്ദര്‍ശിച്ചോ എന്ന് വ്യക്തമല്ല. അദ്ദേഹം അഞ്ച് മാസമായി വീട്ടുതടങ്കലിലാണെന്ന് തദ്ദേശവാസികള്‍ പറഞ്ഞു. നിരീക്ഷകരുടെ എണ്ണം പ്രതീക്ഷിച്ചതുപോലെ 150 ആയിട്ടില്ല. ഇതിനാല്‍ 23 മില്യണ്‍ ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്തെ ഓരോ സംഭവങ്ങളും ശ്രദ്ധിക്കാന്‍ നിരീക്ഷകര്‍ക്ക് ബുദ്ധിമുട്ടാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: