ന്യൂദല്‍ഹി: മാധ്യമങ്ങളുടെ മേല്‍ ഒരു ബാഹ്യനിയന്ത്രണവുമില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു. നിഷ്പക്ഷവും വസ്തുനിഷ്ടവുമായ വാര്‍ത്തകള്‍ തയാറാക്കാന്‍ മാധ്യമങ്ങള്‍ സ്വന്തം സംവിധാനം ഉണ്ടാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരന്റെ സ്ഥാപകന്‍ പുരന് ചന്ദ്ര ഗുപ്തയുടെ സ്മരണയ്ക്കായുള്ള സ്റ്റാമ്പ് പുറത്തിറക്കി സംസാരിക്കുകയായിരുന്നു മന്മോഹന് സിങ്. ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് സന്തോഷകരവും അഭിമാനകരവുമാണ്. എന്നാല്‍ ആ സ്വാതന്ത്ര്യത്തെ ദുര്‍വിനിയോഗം ചെയ്യുന്ന രീതിയില്‍ പണം നല്‍കിയുള്ള വാര്‍ത്തകള്‍ നല്‍കുന്നതും ചെറിയ സംഭവത്തെ പോലും ഊതിപ്പെരുപ്പിച്ച് കാണിക്കുന്ന അവസ്ഥ മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സജീവവും സ്വതന്ത്രവുമായ മാധ്യമങ്ങള്‍ രാജ്യത്തുണ്ട് എന്നതില്‍ ഏറെ സന്തോഷമുണ്ട്. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രചാരം കൂടിയത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. മാധ്യമങ്ങളുടെ മേല്‍ ഒരു ബാഹ്യനിയന്ത്രണവും പാടില്ലെന്ന കാര്യത്തില്‍ രാജ്യത്ത് സമവായമുണ്ട്. ഇന്ത്യയ്ക്ക് ഗുണമുള്ള റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ നല്കാന് മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: