കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി അട്ടിമറിക്കപ്പെടുന്നു. പദ്ധതിയുടെ കൂടുതല്‍ ജോലികള്‍ ഏല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡിഎംആര്‍സി) പിന്മാറി. അടിസ്ഥാന വികസന പദ്ധതികളില്‍ പണി തുടങ്ങിയവ മാത്രം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും പുതിയ ജീവനക്കാരെ നിയമിക്കാതെ ഇവ പൂര്‍ത്തിയാക്കാനും ഡിഎംആര്‍സിയുടെ കൊച്ചിയിലെ ഓഫീസിലേക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) കത്തയച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. പണി പൂര്‍ത്തിയായാല്‍ കൊച്ചിയിലെ ഓഫീസ് അടച്ചുപൂട്ടാനും നിര്‍ദ്ദേശമുണ്ട്. സ്വന്തം നിലയില്‍ പദ്ധതിനടപ്പാക്കാനാകുമെന്നാണ് കെഎംആര്‍എല്ലിന്റെ നിലപാട്.
മെട്രോ റെയില്‍ പദ്ധതിക്കായി ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നും ഇതില്‍ ഡിഎംആര്‍സിക്ക് പങ്കെടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ താല്പര്യമില്ലെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചതായാണ് സൂചന. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ നേതൃത്വം ഏറ്റെടുക്കില്ലെന്നും ഇ. ശ്രീധരനും വ്യക്തമാക്കിയത്. വെറുമൊരു കണ്‍സള്‍ട്ടന്‍സിയായി നിലനില്ക്കാന് ഡിഎംആര്‍സിക്ക് താല്പര്യമില്ല.
ദല്‍ഹിയില്‍ മെട്രോ റെയില്‍ നടപ്പാക്കുകയും പിന്നീട് ചെന്നൈയിലും ബംഗളൂരുവിലും പദ്ധതിക്ക് നേതൃത്വം നല്കിയ മലയാളിയായ ഇ. ശ്രീധരന് തന്റെ സ്വന്തം സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുവാന്‍ ഏറെ ആവേശത്തോടെയാണ് രംഗത്തുവന്നത്.
ഒരു പദ്ധതി ആരംഭിച്ചാല്‍ പത്തും ഇരുപതും വര്‍ഷങ്ങള്‍ നീട്ടിക്കൊണ്ടുപോയി കോടികള്‍ പാഴാക്കുകയും ചെയ്യുന്ന ചരിത്രമുളള കേരളത്തിന് നാലുവര്‍ഷം കൊണ്ട് മെട്രോ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാമെന്ന ശ്രീധരന്റെ പ്രഖ്യാപനം അത്ഭുതത്തോടെയാണ് വീക്ഷിക്കാനായത്.
അഞ്ച് പ്രാഥമിക അടിസ്ഥാന വികസന പദ്ധതികള്‍ കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന് ഏറ്റെടുക്കുകയും ചെയ്തിരുന്നു. സമയബന്ധിതമായിട്ടാണ് പദ്ധതികള്‍ മുന്നേറുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ നോര്‍ത്ത് പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള പാലങ്ങള്‍ പൊളിച്ചുനീക്കി. ഒക്ടോബര്‍ 19 ന് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ കൃത്യം ഒരുമാസംകൊണ്ട് പൂര്‍ത്തിയാക്കുവാനായി. തുടര്‍ന്ന് പുനര്‍നിര്‍മാണവും ആരംഭിച്ചു. അടുത്ത സെപ്തംബറിന് മുമ്പ് ഇത് പൂര്‍ത്തിയാക്കുകയും ചെയ്യും. രണ്ടാം ഘട്ടത്തില്‍ പ്രധാന പാലം പൊളിക്കും.
കെഎസ്ആര്‍ടിസിക്ക് സമീപമുള്ള സലിം രാജന് മേല്‍പ്പാലത്തിന്റെ നിര്‍മാണവും ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ അവസാനഘട്ടത്തിലാണ്. 150 കോടി രൂപയുടെ അടിസ്ഥാനസൗകര്യ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഡിഎംആര്‍സി കാട്ടിയ അതിശയിപ്പിക്കുന്ന വേഗം കൊച്ചി നിവാസികള്‍ക്ക് അത്ഭുതവും ആഹ്ലാദവും നല്‍കിയെങ്കിലും തല്പരകക്ഷികളെ അത് ഞെട്ടിച്ചു. പദ്ധതി നടത്തിപ്പില്‍ കേരളത്തില്‍ നടമാടുന്ന കുപ്രസിദ്ധമായ കമ്മീഷന് വ്യവസ്ഥകളൊന്നും മെട്രോ റെയില്‍ പദ്ധതിക്കാര്യത്തില്‍ നടപ്പാവില്ലെന്നതാണ് എതിര്‍പ്പിന്റെ കാരണം. ഇ. ശ്രീധരനാകട്ടെ പദ്ധതി നടത്തിപ്പിന്റെ കാര്യത്തില്‍ വളരെ കര്‍ക്കശമായ നിലപാടുള്ളയാളാണ്. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ പദ്ധതി സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും.
ഇക്കാര്യങ്ങളൊക്കെ കൊണ്ടാണ് മുന്നണിയിലെ ഒരു വിഭാഗം പദ്ധതിക്കെതിരെ രഹസ്യമായി രംഗത്തുവന്നത്. പരസ്യമായി മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം പദ്ധതിയുടെ നേതൃത്വം ഇ. ശ്രീധരന് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുമ്പോഴും ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഒന്നുംതന്നെ ചെയ്യുന്നില്ല.
നോര്‍ത്ത് മേല്‍പ്പാലം പൊളിക്കാന്‍ ഒരുങ്ങിയപ്പോള്‍ത്തന്നെ ശക്തമായ എതിര്ര്പ്പുമായി തല്പരകക്ഷികള് രംഗത്തുവന്നിരുന്നു. കൊച്ചി കോര്‍പ്പറേഷനും ആദ്യം മേല്‍പ്പാലങ്ങള്‍ പൊളിക്കുന്നതിനെതിരായിട്ടാണ് നിലപാടെടുത്തിരുന്നത്. എന്നാല്‍ വളരെ ലളിതമായി നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലത്തിലെ ചെറിയ രണ്ട് മേല്‍പ്പാലങ്ങള്‍ പൊളിക്കുകയും പുനര്‍നിര്‍മാണം ആരംഭിക്കുകയും ചെയ്തു. സിറ്റിയില്‍ കൊട്ടിഘോഷിച്ച പ്രശ്നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായതുമില്ല. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടുപോകുമ്പോഴാണ് മെട്രോ റെയില്‍ സ്വന്തമായി നടത്താനായി കെഎംആര്‍എല്‍ രംഗത്തുവരികയും ഡിഎംആര്‍സി പിന്‍വലിയുകയും ചെയ്തത്.
ആഗോള ടെണ്ടര്‍ വിളിച്ച് പദ്ധതി നടപ്പിലാക്കുമ്പോള്‍ സബ് കോണ്‍ട്രാക്ട് പണികള്‍ വേണ്ടപ്പെട്ടവര്‍ക്ക് ലഭിക്കുകയും പദ്ധതി നീട്ടിക്കൊണ്ടുപോവുകയുമാണ് ലക്ഷ്യം. ഇതിലൂടെ കോടികള്‍ ഭരണനേതൃത്വത്തിലെ ഉന്നതരുടെ കീശകളില്‍ എത്തുകയും ചെയ്യും.
അതുപോലെ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുവാന്‍ ഇതുവരെ ആയിട്ടില്ല. ഇതില്‍നിന്നുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ താല്്യപര്യം വ്യക്തമാണ്. കേന്ദ്രാനുമതി ലഭിക്കുന്നതിന് മുന്നോടിയായുള്ള പ്രോജക്ട് മോണിറ്ററിംഗ് ആന്റ് അപ്രൈസല്‍ വിഭാഗത്തിന്റെ ശുപാര്‍ശക്കത്ത് പ്ലാനിംഗ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡിന് (പിഐബി) നല്‍കിക്കഴിഞ്ഞു. ജനുവരി രണ്ടാം വാരത്തിലേ ഇവര്‍ യോഗം ചേരുകയുള്ളൂ. പിന്നീടാണ് കേന്ദ്രാനുമതിക്കായി പദ്ധതി സമര്പ്പിക്കാനാകുകയുള്ളൂ. ഫലത്തില്‍ പ്രഖ്യാപനവും നടപടികളും രണ്ടും രണ്ടായിത്തന്നെയാണ് ഭരണനേതൃത്വം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: