തൃശൂര്‍ : വിദ്യാഭ്യാസവകുപ്പ് തീരുമാനം വീണ്ടും മാറ്റി. മദ്രസ അധികൃതര്‍ വെട്ടിലായി. കേന്ദ്രസര്‍ക്കാര്‍ മദ്രസകളിലെ ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിനായി അനുവദിച്ച തുക ഉപയോഗിച്ച് ഏത് പ്രസാധകരില്‍ നിന്നും പുസ്തകം വാങ്ങാമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ബുക്ക് മാര്‍ക്ക് അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് വീണ്ടും മാറ്റി.
കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ബുക്ക് മാര്‍ക്കില്‍ നിന്നും പുസ്തകം വാങ്ങണമെന്ന നിര്‍ദ്ദേശം ഒഴിവാക്കാമെന്നും ഏത് പ്രസാധകരുടെ കയ്യില്‍ നിന്നും പുസ്തകം വാങ്ങാമെന്നും അറിയിച്ചത്. ലീഗിന്റെ ഇടപെടലായിരുന്നു വിദ്യാഭ്യാസവകുപ്പിനെക്കൊണ്ട് ഇത്തരം ഒരു തീരുമാനം എടുപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന ആരോപണവും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ‘ജന്മഭൂമി’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഫണ്ട് അനുവദിച്ചപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരുന്നത് ബുക്ക് മാര്‍ക്കില്‍ നിന്നുതന്നെ പുസ്തകം എടുക്കണമെന്നായിരുന്നു.ഇതുപ്രകാരം സംസ്ഥാനത്തെ 548 മദ്രസകള്ക്കായുള്ള പുസ്തകങ്ങള്‍ ബുക്ക് മാര്‍ക്ക് ശേഖരിക്കുകയും ചെയ്തു.ഇതിനിടയിലായിരുന്നു ഈ തീരുമാനം റദ്ദ് ചെയ്ത് സ്വകാര്യ പ്രസാധകരെ സംരക്ഷിക്കാനായി വിദ്യാഭ്യാസ വകുപ്പ് തീരുമാനം മാറ്റിയത്. ഇതേതുടര്‍ന്ന് ബുക്ക് മാര്‍ക്കിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുമെന്നും തീരുമാനം മാറ്റണമെന്നും ആവശ്യപ്പെട്ട് അധികൃതര്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ബുക്ക് മാര്‍ക്കില്‍ നിന്നും പുസ്തകം വാങ്ങേണ്ടതില്ലെന്ന രണ്ടാമത്തെ ഉത്തരവ് വന്നയുടനെ പലമദ്രസകളും സ്വകാര്യ പ്രസാധകരില്‍ നിന്നും പതിനായിരം രൂപ മുതല്‍ 25000 രൂപവരെയുളള പുസ്തകങ്ങള്‍ വാങ്ങിയതായി പറയുന്നു. എന്നാല്‍ ഈ തുക അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ബുക്ക് മാര്‍ക്ക് അധികൃതര്‍. ഇതോടെ വെട്ടിലായിരിക്കുന്നത് മദ്രസ അധികൃതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: