തൃശൂര്‍ : അത്താണിയിലെ പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. ലൈസന്‍സി മരിച്ച എലുവത്തിങ്കല്‍ ജോഫി (34), പുന്നയൂര്‍ക്കുളം കുന്നത്തൂര്‍ കഴുങ്ങല് വാസുപിള്ള, പഴയന്നൂര്‍ വെണ്ണൂര്‍ സ്വദേശികളായ പ്രാണങ്ങാട്ട് വീട്ടില്‍ അനില്‍, വടക്കേക്കര കോളനിയില്‍ സജീഷ്, രാധാകൃഷ്ണന് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ആയിരങ്ങളുടെ അശ്രുപൂജയോടെ സംസ്കരിച്ചത്. മരിച്ച ബീഹാറി സ്വദേശി ബബ്ലുവിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്ക് കൊണ്ടുപോയി.
ഇന്നലെ രാവിലെ സജീഷിന്റെ മൃതദേഹംകൂടി പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം 10.30ഓടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജോഫിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മന്ത്രിമാരായ അടൂര്‍ പ്രകാശ്, സി.എന്‍.ബാലകൃഷ്ണന് എന്നിവരും വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
വെണ്ണൂരിന്റെ നഷ്ടങ്ങളായ അനില്‍, രാധാകൃഷ്ണന് എന്നിവരുടെ മൃതദേഹങ്ങള്‍ വീടുകളിലേക്കെത്തിച്ചപ്പോള് ദുഃഖം താങ്ങാനാകാതെ കുടുംബാംഗങ്ങളും നാട്ടുകാരും ബന്ധുക്കളും വാവിട്ടുകരയുന്ന കാഴ്ചകളും ഹൃദയഭേദകമായി. മരിച്ച വാസുപിള്ളയുടെ ഭാര്യ ലതയും ഒന്നര വയസ്സുള്ള കുട്ടിയേയും കൊണ്ട് മൃതദേഹം ഏറ്റുവാങ്ങാനെത്തിയതായിരുന്നു ഏവരുടേയും കരളലിയിച്ചത്.
കരഞ്ഞ് തളര്‍ന്ന് പറക്കമുറ്റാത്ത കുട്ടിയുമായി മോര്‍ച്ചറിയുടെ മുന്നില്‍ ഇരുന്ന ലതയെ ആശ്വസിപ്പിക്കാനാകാതെ ഏവരും കണ്ണീര് വാര്‍ത്തു. ജോഫിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്നലെ ഉച്ചവരെ അത്താണിയില്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു. അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്നവരില്‍ ജോഫിയുടെ പിതാവ് ദേവസ്സിയടക്കം രണ്ടുപേരുടെ നില ഗുരുതരമാണ്. ജയന് ( 40 ) നെന്മാറ കുന്നിക്കല്‍ കൃഷ്ണന് മകന് പ്രസാദ് ( 33 ) പാലക്കാട് ചെല്ലിപ്പറമ്പ് കൂട്ടപ്പുര കോളനിയിലെ പഴനിമല (52) കണ്ണമ്പ്ര തല്ലിപ്പറമ്പില് മാധവന് (52), വിജയന് ( 43 ) എന്നിവരാണ് മെഡിക്കല്‍ കോളേ ജില് ചികിത്സയില്‍ കഴിയുന്നത്.
പടക്കശാലയിലെ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ കുടംബങ്ങള്‍ക്കുള്ള അര്‍ഹമായ ധനസഹായം അടുത്ത കാബിനറ്റില്‍ തീരുമാനിക്കുമെന്നും ആശുപത്രിയില്‍ കഴിയുന്ന വര്‍ക്ക് ആവശ്യമായ ചികിത്സക്ക് ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പൊട്ടിത്തെറിയില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആറുപേരെയും അവരുടെ കുടുംബങ്ങളെയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്ത് പടക്ക നിര്‍മ്മാണത്തില്‍ ആവശ്യമായ നിയന്ത്രണങ്ങളുണ്ടെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഇത്തരം അപകടങ്ങളുണ്ടാകുമ്പോള്‍ അടിയന്തിരമായി സഹായധനം പ്രഖ്യാപിക്കാതെ മന്ത്രിസഭായോഗം ചേര്‍ന്നേ ധനസഹായം പ്രഖ്യാപിക്കുകയുള്ളു എന്ന നിലപാടിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കൂലിപ്പണിക്കാരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ ഇവര്‍ക്കുള്ള ധനസഹായം ഉടന്‍തന്നെ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: