കൊച്ചി: ഏതാന്തവീഥിയിലെ അവധൂതനെ തേടി മുഖ്യമന്ത്രിയെത്തി. പ്രിയപ്പെട്ട സാനുമാഷുമായുള്ള സംഗമം പഴയകാല ഓര്‍മകളുടെ നികുംഭിലതുറക്കലായിരുന്നു.
കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചശേഷം അഭിനന്ദനങ്ങളാല്‍ തിരക്കൊഴിയാത്ത മാഷിന്റെ ഭവനമായ സന്ധ്യയിലേയ്ക്ക് വൈകിട്ട് അഞ്ചു മണിയോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ.ബാബുവും ഹൈബി ഈഡന് എംഎല്‍എ യും മാഷിനെകാണാനെത്തുന്നത്. അതിനു മുന്‍പേ മേയര്‍ ടോണി ചമ്മണിയും ലൂഡി ലൂയിസ് എംഎല്‍എയും സാനു മാഷിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വീട്ടിലേക്കുള്ള അതിഥികളെ സ്വീകരിക്കാന്‍ പടിക്കല്‍ കാത്തുനിന്നിരുന്നു. വീട്ടിലെത്തിയ അതിഥികളെ സ്വീകരിച്ചിരുത്തി മാഷും ഉമ്മന്‍ചാണ്ടിയെ കുറിച്ചുള്ള പഴയകാല ഓര്‍മ്മകള്‍ അദ്ദേഹത്തോടു പങ്കുവെച്ചു.
എറണാകുളം ലോ കോളേജില്വെച്ചാണു ഉമ്മന്‍ചാണ്ടിയെ ആദ്യമായി പരിചയപ്പെടുന്നത്. താന്‍ അന്നു മഹാരാജാസിലെ അധ്യാപകനാണ്. ഇന്നത്തെ മുഖ്യമന്ത്രി അന്നു നിമയ വിദ്യാര്‍ഥിയായിരുന്നു. പരിചയപ്പെടുത്തിയതാകട്ടെ ഇന്നത്തെ കേന്ദ്രമന്ത്രി വയലാര്‍ രവി. ഇരുവരും ഒരേ ദിവസം തന്നെ കാണനായതു യാദൃച്ഛികം മാത്രം. അവാര്‍ഡിന്റെ നിറവില്‍ നില്ക്കുന്ന സാനുമാഷിനെ കാണാന്‍ മുഖ്യന്ത്രിയെത്തി.
സാനു മാഷിന് കിട്ടിയ പുരസ്ക്കാരം കേരളീയര്‍ക്കു ലഭിച്ച അംഗീകാരമാണന്നും ഓരോ മലയാളിക്കും അഭിമാനിക്കാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഏറ്റവും അര്‍ഹമായ കൈകളില്‍ തന്നെയാണ് പുരസ്ക്കാരം വന്നുചേര്‍ന്നത്. രാഷ്ട്രീയത്തില്‍ വിരുദ്ധ ചേരികളിലായിരുന്നപ്പോഴും രാഷ്ട്രീയത്തിനതീതമായി സൗഹൃദം സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഴീക്കോടിനോട് ശത്രുതയോ അകല്‍ച്ചയോ ഇന്നില്ലെന്നും സൗഹൃദം മാത്രമേയുള്ളുവെന്നും സാനു പറഞ്ഞു. ഒരു കാലത്തു തന്റെ വീട്ടില്‍ താമസിച്ചിരുന്ന അഴീക്കോടിനെ തന്റെ അമ്മയും ഭാര്യയും ഏറെ സ്നേഹത്തോടെയാണു ശുശ്രൂഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. സാനുവിന്റെ ഭാര്യയോടും ചെറുമക്കളോടും കുശലം പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: