മട്ടാഞ്ചേരി: പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന പൈതൃകനഗരിയുടെ ‘കൊച്ചി കടപ്പുറം’ മാലിന്യ കൂമ്പാരത്താല്‍ സമൃദ്ധം. കൊച്ചി കാര്‍ണിവലുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ അരങ്ങേറുമ്പോഴും കൊച്ചി കടല്‍ത്തീരം സ്വദേശ-വിദേശ വിനോദ സഞ്ചാരികള്‍ക്ക് ചീഞ്ഞളിച്ച മാലിന്യത്തിന്റെ ദുര്ഗന്ധതീരമായാണ് മാറുന്നത്. കൊച്ചിന് കോര്‍പ്പറേഷനും, ജില്ലാ വിനോദസഞ്ചാര വകുപ്പും, കാര്‍ണിവല്‍ ആഘോഷ കമ്മറ്റിയുമെല്ലാം ചേര്‍ന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് കാര്‍ണിവലും-പുതുവത്സരാഘോഷവും അരങ്ങുതകര്‍ക്കുമ്പോള്‍ പഴമയുടെ ചരിത്രതീരം കൊച്ചി കടപ്പുറം മാലിന്യംമൂലം ജനങ്ങള്‍ ഒഴിവാക്കപ്പെടുകയാണ്. ഒഴിവുകാലവും ആഘോഷവും കാണുന്നതിന് ജന്മനാട്ടിലെത്തുന്ന പരദേശി കൊച്ചിക്കാര് കൊച്ചി കടപ്പുറത്ത് ചെലവഴിക്കപ്പെടുന്നത് മിനിറ്റുകള്‍ മാത്രം.
ചീഞ്ഞളിഞ്ഞ പോളപായലും പ്ലാസ്റ്റിക്-മദ്യകുപ്പികളും മാംസാവശിഷ്ടങ്ങളും മാലിന്യക്കൂമ്പാരങ്ങള്‍ കൊച്ചി കടപ്പുറത്തെ ദുര്ഗന്ധഭൂമിയാക്കി മാറ്റുകയാണ്. പ്രതിമാസം 3000ത്തിലധികം രൂപ ശമ്പളം വാങ്ങുന്ന പത്തിലേറെ ശുചീകരണ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി കടപ്പുറം വൃത്തിഹീനമായി കിടക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതരെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. ഒഴിവുദിനങ്ങളില്‍ തിരമാലകളില്‍ കുളിക്കുവാനും ഉല്ലസിക്കുവാനുമെത്തുന്ന കൊച്ചിയിലെ സമീപവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും തീരത്തെ മാലിന്യക്കൂമ്പാരം വന്‍ തടസ്സങ്ങളാണ് സൃഷ്ടിക്കുന്നത്.
കൊച്ചിന് കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് മുമ്പ് നവവത്സരാഘോഷത്തിന് ജനകീയ കൂട്ടായ്മയുടെ കളമൊരുക്കിയ ഫോര്‍ട്ടുകൊച്ചി കടപ്പുറം, സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഗാന്ധിജി സാന്നിധ്യമേകിയ സമര സമ്മേളനത്തിനും വേദിയായിട്ടുണ്ട്.
കൊച്ചി തുറമുഖത്തിന് വേണ്ടിയുള്ള വികസനത്തില്‍ കൊച്ചി കായലും അഴിമുഖവും ആഴംകൂട്ടുന്നത് ശക്തമായതോടെ ഘട്ടം ഘട്ടമായി കടപ്പുറം ഇല്ലാതാകുകയും ചെയ്തു. അടിയൊഴുക്കിന്റെ ഗതിമാറ്റവും കടല്‍ക്ഷോഭവും മൂലം കൊച്ചി കടപ്പുറം നാമമാത്രമായി മാറിയെങ്കിലും പുതുവര്‍ഷ ദിനത്തില്‍ പതിനായിരങ്ങളാണ് ഇന്നും കൊച്ചി കടപ്പുറത്തെത്തുന്നത്. അഴിമുഖത്ത് സമീപവും ഗസ്റ്റ് ഹൗസ്, പഴയ ലൈക് ഹൗസ് എന്നിവിടങ്ങളിലുമുള്ള ചെറിയ തീരങ്ങളാണ് തിരമാലകളില്‍ ആര്‍ത്തുല്ലസിക്കാന്‍ കുട്ടികളടക്കമുള്ളവര്‍ പ്രയോജനപ്പെടുത്തുന്നത്. ഈ തീരങ്ങളാണ് മാലിന്യ കൂമ്പാരത്താല്‍ സമൃദ്ധമായിരിക്കുന്നത്. കൊച്ചി കടപ്പുറത്തെ തീരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐസ്ക്രീം-കപ്പലണ്ടി വില്പനക്കാര് സംഘം ചേര്‍ന്ന് ഇടയ്ക്കിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെങ്കിലും കോര്പ്പറേഷന് അധികൃതര്‍ ഇവരുമായി സഹകരിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: