കൊച്ചി: ശ്രീ ശങ്കര സ്കൂള്‍ ഓഫ് ഡാന്‍സിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാമത് ദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവം 27 മുതല്‍ 31 വരെ കാലടി നാസ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ പ്രൊഫ. പി.വി. പീതാംബരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മഹോത്സവത്തില്‍ ലോകപ്രശസ്തരായ കലാപ്രതിഭകള്‍ ഉള്‍പ്പെടെ 560 കലാകാരികള്‍ പങ്കെടുക്കുന്നു. 27ന് വൈകിട്ട് 5ന് നാസ് ഓഡിറ്റോറിയത്തില്‍ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി തിരിതെളിയിക്കുന്നതോടെ കാഴ്ചയുടെ ഉത്സവത്തിന് തുടക്കമാകും. ഗുരു കലാമണ്ഡലം മോഹനതുളസി കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. അഡ്വ. ജോസ് തെറ്റയില്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, നര്‍ത്തകിയും സിനിമാനടിയുമായ കെ.വി. ശ്രീലേഖ, കലാപ്രതിഭകള്‍ എന്നിവരെ അനുമോദിക്കും. കെ.പി. ധനപാലന് എം.പി. മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ബി. സാബു, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. പി.വി. പീതാംബരന്, ജനറല്‍ കണ്‍വീനര്‍ വി.ഡി. ഹരി, പ്രൊഫ. സി.പി. ഉണ്ണിക്കൃഷ്ണന്, ഡാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ സുധാ പീതാംബരന്, കാലടി പ്രസ് ക്ലബ് പ്രസിഡന്റ് എന്‍.പി. സജീവ് എന്നിവര്‍ പ്രസംഗിക്കും.
ഉദ്ഘാടനചടങ്ങിനുശേഷം പ്രത്യേകം ചിട്ടപ്പെടുത്തിയ മെഗാനൃത്തപരിപാടിയായ ശ്രീകൃഷ്ണ കഥാമൃതം – ഒരു നാട്യഭാഷ്യം അവതരിപ്പിക്കും. 24 യുവനര്‍ത്തകിമാര്‍ ചേര്‍ന്നവതരിപ്പിക്കുന്ന മെഗാപരിപാടി ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കും. 28ന് രാത്രി 7 മണിക്ക് ശങ്കരാഭരണം ഫെയിം മഞ്ജു ഭാര്‍ഗ്ഗവി കുച്ചുപ്പുടി അവതരിപ്പിക്കും. 29ന് ഗോപികാവര്‍മ്മയുടെ മോഹിനിയാട്ടവും 30ന് പ്രിയദര്‍ശിനി ഗോവിന്ദന്റെ ഭരതനാട്യവും നടക്കും. എല്ലാ ദിവസവും 4 മണി മുതല്‍ 7 മണി വരെ ഗ്രൂപ്പിനങ്ങളിലായി അരങ്ങേറ്റം, സീനിയര്‍ നര്‍ത്തകിമാരുടെ നൃത്തപരിപാടി, സോളോ നൃത്തപരിപാടി എന്നിവ നടക്കും. ലോക പ്രശസ്തരുടെ പരിപാടി വൈകിട്ട് 7 മണിക്ക് നടക്കും. ഗോപിക ജി. നായര്‍, വൈഷ്ണവി വി.എസ്., രേഷ്മ ബാബു, സുഗമ ശബരി, അതുല്യ ഷാജി, ദേവിക മോഹന്‍, ചിഞ്ചുമോള്‍, പൂജ മോഹന്‍ എന്നിവര്‍ സോളോ പരിപാടി അവതരിപ്പിക്കും. സമാപനദിനമായ 31ന് വൈകിട്ട് 4 മണിക്ക് കര്‍ണ്ണാടക സംഗീത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ സംഗീതപരിപാടിയും നടക്കും. തുടര്‍ന്ന് നൃത്തപരിപാടി. വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപനസമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കവിത സുരേഷ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മാര്ട്ടിന് ആന്റണി എന്നിവര്‍ പ്രസംഗിക്കും. രാത്രി 8.15ന് മംഗളത്തോടുകൂടിയാണ് 80ഗ്രൂപ്പിനങ്ങള്‍ സമാപിക്കുക.
വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. സി.പി.ഉണ്ണികൃഷ്ണന്,കണ്‍വീനര്‍ കെ.ടി. സലിം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: