ചെന്നൈ: ചെന്നൈയില്‍ മലയാളി ക്ലബിന് നേരെ വിടുതലൈ ചിരുതൈ കക്ഷിയുടെ ആക്രമണം. ക്ലബിലെ പുസ്തകങ്ങളും ഫര്‍ണിച്ചറുകളും അക്രമി സംഘം നശിപ്പിച്ചു. ആക്രമണത്തില്‍ ക്ലബ് മാനേജര്‍ പത്മനാഭന് പരിക്കേറ്റു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട്ടില്‍ മലയാളികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് മലയാളി ക്ലബിന് നേരെ ആക്രമണം ഉണ്ടായത്. 115 വര്‍ഷങ്ങളായി ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ക്ലബ് ഭാഷാപരമായ വ്യത്യാസമില്ലാതെ തമിഴ്നാട്ടിലും മലയാളികള്‍ക്കിടയിലും ശക്തമായ സാംസ്കാരിക പങ്കാളിത്തം ഉറപ്പ് വരുത്തിയിട്ടുണ്ട്.
ഇപ്പോള്‍ നടന്ന ആക്രമണം ചെന്നൈയില്‍ മലയാളികള്‍ക്കിടയില്‍ കനത്ത ഭീതിയുണ്ടാക്കിയിരിക്കുകയാണ്. ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് വിടുതലൈ ചിരുതൈ കക്ഷിയുടെ അമ്പതോളം പ്രവര്‍ത്തകര്‍ മലയാളി ക്ലബിലേക്ക് ഇടിച്ചു കയറിയത്. കേരളത്തിനെതിരെയും മലയാളികള്‍ക്കെതിരെയും മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ ക്ലബിലെ ഫര്‍ണിച്ചറുകളും മറ്റും അടിച്ചു തകര്‍ത്തു. നിരവധി പുസ്തകങ്ങള്‍ നശിപ്പിച്ചു.
ആക്രമണത്തെ തുടര്‍ന്ന് ക്ലബിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: