മോസ്കോ: വിവാദമായ റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിന് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഈ വാരാന്ത്യത്തില്‍ പ്രകടനങ്ങള്‍ നടത്താന്‍ പ്രതിപക്ഷകക്ഷികള്‍ തീരുമാനിച്ചു.
തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് ഡിസംബര്‍ 4 ന് മോസ്കോയിലും മറ്റ് നഗരങ്ങളിലും ഉണ്ടായ പ്രകടനങ്ങളുടെ ആവര്‍ത്തനമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷമുണ്ടായ ഏറ്റവും വലിയ പ്രകടനത്തിനാണ് മോസ്കോ നഗരം സാക്ഷ്യംവഹിച്ചത്. 2000 മുതല്‍ 2008 വരെ റഷ്യന്‍ പ്രസിഡന്റായിരുന്ന പുടിന്റെ തിരിച്ചുവരവ് അത്ര എളുപ്പമല്ല എന്നാണ് പ്രതിഷേധറാലികള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജനവികാരമാണ് പ്രതിഫലിച്ചതെന്നും പ്രതിഷേധപ്രകടനങ്ങള്‍ക്ക് പിന്നില്‍ വിദേശശക്തികളുടെ കൈകളുണ്ടെന്നും കഴിഞ്ഞ വ്യാഴാഴ്ച പുടിന് വെളിപ്പെടുത്തിയിരുന്നു. പ്രസിഡന്റിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് അമ്പത് ശതമാനത്തിലേറെ വോട്ടുകളാണ് ലഭിച്ചത്. ഇത്കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 20 ശതമാനം കുറവാണെന്നും നേരിയ ഭൂരിപക്ഷത്തിന് കാരണം തെരഞ്ഞെടുപ്പിലെ കൃത്രിമമാണെന്നും പ്രതിപക്ഷവും നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
വെള്ളിയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഒബാമ റഷ്യന്‍ പ്രസിഡന്റ് ഡിമിട്രി മെദ്വദേവിനെ ഫോണില്‍ ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ചിരുന്നു. ചില കേന്ദ്രങ്ങളില്‍ കൃത്രിമം നടന്നോ എന്ന് അന്വേഷിക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തെ ഒബാമ സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പുകള്‍ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ അനുവദിച്ച റഷ്യക്കാരുടെ നടപടിയെയും അമേരിക്ക പ്രശംസിച്ചു. തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ നടത്തിയെന്ന ആരോപണത്തിനുശേഷം പുടിന്റെ കക്ഷി കള്ളന്മാരുടെയും വഞ്ചകരുടെയുംപാര്ട്ടിയായി മാറിയെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. കള്ളന്മാരും വഞ്ചകരും നമ്മുടെ വിജയത്തെ കവര്‍ന്നെടുത്തുവെന്ന് ജസ്റ്റ് റഷ്യ എന്ന പ്രതിപക്ഷ കക്ഷിയുടെ നേതാവ് ഒക്സാന ഡിമിട്രിവ തന്റെ ബ്ലോഗിലൂടെ അറിയിച്ചു. റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പാര്‍ട്ടിയുടെ വിജയം കൃത്രിമങ്ങളിലൂടെ നിഷേധിക്കപ്പെട്ടതായും അവര്‍ കുറ്റപ്പെടുത്തി.
വരാനിരിക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്തെ 90000 വരുന്ന പോളിംഗ് സ്റ്റേഷനുകളില്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കാമെന്ന് പുടിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: