കണ്ണൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി അടിയന്തരമായും ഇടപ്പെട്ട് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പത്ത് ദിവസത്തിനകം നടപടിയുണ്ടാവണമെന്ന് ധനകാര്യമന്ത്രി കെ.എം.മാണി ആവശ്യപ്പെട്ടു. കണ്ണൂര്‍ പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിക്ക് പുറത്തുവെച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയെന്നത് കേന്ദ്രസര്‍ക്കാറിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. സര്‍വ്വകക്ഷി സംഘത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെടാമെന്നും സൗഹാര്‍ദ്ദപരമായ അന്തരീക്ഷമുണ്ടാക്കുന്നതിന് പ്രക്ഷോഭം നിര്‍ത്തിവെക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ച സാഹചര്യത്തില്‍ കേരളാകോണ്‍ഗ്രസ് ഒരുമാസത്തേക്ക് പ്രക്ഷോഭ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കും. ഒരുമാസത്തിനകം പ്രശ്ന പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ പ്രസ്തുത തീരുമാനം പുനഃപരിശോധിക്കുമെന്നും മാണി വ്യക്തമാക്കി.
‘കേരളത്തിന് സുരക്ഷ, തമിഴാനാടിന് ജലം’ എന്ന വാഗ്ദാനം പാലിച്ചുകൊണ്ട് നിലവിലുള്ള ഡാമിന് 1300 അടിക്കകലെ പുതിയ ഡാം നിര്‍മ്മിക്കുന്നതിന് കേരള നിയമസഭ അംഗീകാരം നല്‍കുകയും 5 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഡാം നിര്‍മ്മിക്കുന്നതിനാവശ്യമായ 700 കോടി രൂപ സര്‍ക്കാര്‍ എങ്ങനെയും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മലയാളി വിരുദ്ധ വികാരമുയര്‍ത്തി തമിഴ്നാട്ടിലെ മലയാളികളുടെ ജീവനും സ്വത്തിനും അപകടമുണ്ടാവുന്ന തരത്തില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ഉത്കണ്ഠയുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മലയാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും തമിഴ്നാട് സര്‍ക്കാരിനോടാവശ്യപ്പെടുമെന്നും മാണി പറഞ്ഞു. മുന്നണിവിടാനുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്നും പാര്‍ട്ടി ചെയര്‍മാനെന്ന നിലയില്‍ താനാണിക്കാര്യത്തില് ആധികാരികമായ അഭിപ്രായം പറയേണ്ടതെന്നും മുന്നണി വിടാന്‍ സമയമായെന്ന മന്ത്രി പി.ജെ.ജോസഫിന്റെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെ മാണി പറഞ്ഞു.
ലീഗിന് അഞ്ചാമത്തെ മന്ത്രിസ്ഥാനം നല്കുന്നതില് തങ്ങള്‍ക്ക് യാതൊരെതിര്പ്പുമില്ലെന്നും ഇതിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ് ഒരുവിലപേശലിനുമില്ലെന്നും മാണി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തിന്റെ സാമ്പത്തിക നിലമെച്ചപ്പെട്ടുവരുന്നതായും മാണി പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡണ്ട് കെ.എന്‍.ബാബു അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി യു.പി.സന്തോഷ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: