തിരുവനന്തപുരം: ഖൗജ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത് ഹിന്ദുസ്ഥാനിയിലായിരുന്നു അവരുടെ ആദ്യ കണ്ടുമുട്ടല്‍. വര്‍ഷങ്ങളുടെ ഇടവേളകളില്‍ ഒന്നോ രണ്ടോ തവണ മേറ്റ്വിടെയൊക്കയോ വീണ്ടും സന്ധിച്ചു. പിന്നീട് ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ അവരൊന്നിച്ചു. പരസ്പരം ആശ്ലേഷിച്ച് സന്തോഷം പങ്കുവച്ചു. വിശേഷങ്ങള്‍ കൈമാറി. ഓര്‍മകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ആ കൂടിക്കാഴ്ചയില്‍ കാലങ്ങളുടെ ദൈര്‍ഘ്യം അലിഞ്ഞില്ലാതെയായി. ആഹ്ലാദകരമായിരുന്നു ആ കണ്ടുമുട്ടല്‍. തിരുവനന്തപുരത്തെ രാജ്യാന്തരചലച്ചിത്രോത്സവത്തിന്റെ പ്രധാനവേദിയായ കൈരളി തീയെറ്ററില്‍ തയാറാക്കിയ ഫെസ്റ്റിവല്‍ ഓഫീസിലായിരുന്നു അമിതാഭ് ബച്ചന്റെ ആദ്യ ചിത്രമായ സാത് ഹിന്ദുസ്ഥാനിയിലെ രണ്ട് താരങ്ങളുടെ കൂടിക്കാഴ്ച. മലയാളത്തിന്റെ പ്രിയനടന് മധുവും സാഥിന്ദുസ്ഥാനിയില് മാത്രം അഭിനയിച്ച നടി ഷെഹ്നാസ് ആനന്ദും. 1969ല്‍ പുറത്തുവന്ന സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലെ നായകനും നായികയുമായിരുന്നു അവര്‍.
മധുവിന്റെ ജീവിതത്തെക്കുറിച്ച് ചലച്ചിത്ര അക്കാദമി തയാറാക്കിയ ‘വെള്ളിത്തിരയുടെ മാധവപൗര്‍ണമി’യുടെ പുസ്തകപ്രകാശനച്ചടങ്ങായിരുന്നു വേദി. പ്രകാശനചടങ്ങില്‍ പങ്കെടുക്കാതിരുന്ന മധു വൈകിയാണ് എത്തിയത്. ഫെസ്റ്റിവല്‍ ഓഫീസില്‍ ഷെഹ്നാസിനെ കണ്ടുമുട്ടിയ മധു അവരുമായി വിശേഷങ്ങള്‍ പങ്കുവച്ചു. സാത് ഹിന്ദുസ്ഥാനിയില്‍ മധുവിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകളും ഷെഹ്നാസ് പങ്കുവച്ചു. മധുസാറുമൊത്ത് അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. വളരെയേറെ രസകരമായിരുന്നു ഷൂട്ടിങ് അനുഭവങ്ങളെന്നും ഷെഹ്നാസ് പറഞ്ഞു. ബോളിവുഡ് താരം ടിനു ആനന്ദിന്റെ ഭാര്യയാണ് ഷെഹ്നാസ്.
സാത് ഹിന്ദുസ്ഥാനിയിലെ അഭിനയത്തിനുശേഷം ഇപ്പോഴാണോ തമ്മില്‍ കണ്ടുമുട്ടുന്നതെന്ന് മധുവിനോടു ചോദിച്ചു. ഇതിനിടയില്‍ ഒരിക്കലെപ്പോഴോ മുംബൈയില്‍ വച്ചു കണ്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു അത്. അതിനുശേഷം ഇപ്പോഴാണ് കൂടിക്കാഴ്ചയെന്നും മധു പറഞ്ഞു. പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ കെ.എ. അബ്ബാസ് സംവിധാനം ചെയ്ത സാത് ഹിന്ദുസ്ഥാനി 1969ലാണ് റിലീസ് ചെയ്തത്. ഇന്ത്യയൊട്ടുക്കും തെരച്ചില്‍ നടത്തിയശേഷമാണ് താരങ്ങളെ സെലക്റ്റ് ചെയ്തത്. മധുവിനു പുറമെ എ.കെ.ഹംഗാല്‍, ഉത്പല്‍ ദത്ത്, ജലാല്ആഗ, അമിതാഭ് ബച്ചന്, ഷെഹ്നാസ്, ഇര്‍ഷാദ് അലി, അന്‍വര്‍ അലി എന്നിവരായിരുന്നു പ്രധാനതാരങ്ങള്‍. ബംഗാളിലെ ഒരു ഫുട്ബോള്‍ കോച്ചിന്റെ വേഷത്തിലായിരുന്നു മധു അഭിനയിച്ചത്. ഷാബത് സന്യാല്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഷഹനാസ് മറിയയുമായി. പിതാവ് ആഗയും സഹോദരന് ജലാല്ആഗയും വഴിയാണ് ഷെഹ്നാസ് സിനിമയിലേക്കെത്തുന്നത്.
ആദ്യമൊന്നും അഭിനയിക്കാന്‍ സമ്മതിച്ചില്ല. പിടിച്ചുകെട്ടിയാണ് ഷെഹ്നാസിനെ സെറ്റിലേക്ക് കൊണ്ടുവന്നതെന്ന കാര്യം മധു ഓര്‍മിച്ചു. അന്ന് ഷഹനാസിന് ഇരുപതുവയസ്സുമാത്രമാണ് പ്രായം. പിന്നീട് അവര്‍ അഭിനയിത്തിലേക്ക് കടന്നില്ല. വിവാഹിതയായി കുടുംബജീവിതം നയിച്ചു. സിനിമാ കുടുംബമായതിനാല്‍ സിനിമയുടെ നിര്‍മ്മാണവും മറ്റുമായി തിരക്കിലുമായി.വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന ഏഴുപേരുടെ കഥയാണ് സാത് ഹിന്ദുസ്ഥാനിയില്‍ പറഞ്ഞത്. ആറുപേരും പുരുഷന്മാര്. ഒരാള്‍ മാത്രം പെണ്‍കുട്ടിയും. സാത് ഹിന്ദുസ്ഥാനി തീയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ടൈറ്റിലില്‍ ആദ്യം നല്കിയ പേര് മധുവിന്റേതായിരുന്നു. ഒരുമണിക്കൂറിലധികം വിശേഷങ്ങള്‍ പങ്കുവച്ചശേഷമാണിരുവരും ചലച്ചിത്രോത്സവ വേദിയില്‍ നിന്ന് മടങ്ങിയത്.
വിനി മലയിക്കടയാണ് ‘വെള്ളിത്തിരയുടെ മാധവപൗര്‍ണമി’ എന്ന പുസ്തകത്തിന്റെ രചയിതാവ്. ഇന്നലെ രാവിലെ 11.30ന് ഫെസ്റ്റിവല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ നടന് മോഹന്‍ലാല്‍ ഷെഹ്നാസ് ആനന്ദിന് പുസ്തകം നല്കി പ്രകാശനം ചെയ്തു. മധുവിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യാനായതില്‍ സന്തോഷമേറെയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സാത് ഹിന്ദുസ്ഥാനിയില്‍ അഭിനയിച്ച അമിതാഭ് ബച്ചനോടും മധുവിനോടുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ കാര്യം മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: