ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം കേന്ദ്ര കാബിനറ്റ് എടുത്തു കഴിഞ്ഞു. ഈ തീരുമാനത്തിലെത്തിച്ചേരുന്നതിനുള്ള യഥാര്‍ത്ഥ കാരണം അമേരിക്കന്‍ സമ്മര്‍ദ്ദമാണ്. യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ് വാള്‍മാര്‍ട്ടിന്റെ മുന്‍ ഡയറക്ടറാണ്. ഒബാമ ഭരണകൂടം അമേരിക്കയില്‍ അധികാരത്തില്‍ വന്നയുടനെ ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ ഭാരത സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനമെടുത്ത ഉടനെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അതിനെ സ്വാഗതം ചെയ്തു. സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെങ്കിലും അവര്‍ പറഞ്ഞത് ഇത് കര്‍ഷകരും ഉപഭോക്താവിനും ഗുണം ചെയ്യും എന്നാണ്. അതു മാത്രമല്ല, ചെറുകിട വ്യവസായത്തേയും ചെറുകിട വ്യാപാരിയേയും ബാധിക്കാതിരിക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ വെച്ചിട്ടുണ്ടെന്നും പറഞ്ഞു.
ആഗോളവല്‍ക്കരണ സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ ഭാഗമായ വിപണി തുറന്നിടലില്‍ ഏറ്റവും അപകടകരമായത് ചില്ലറ വ്യാപാര മേഖലയിലെ കുത്തകകളുടെ പ്രവേശനമാണ്. കാരണം ഇത് സാമ്പത്തിക കേന്ദ്രീകരണത്തെ കൂടുതല്‍ വേഗത്തിലാക്കുന്നു. ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ മൊത്തത്തില്‍ വ്യാപാരത്തിന്റേയും സമ്പത്തിന്റേയും കേന്ദ്രീകരണത്തിന് കാരണമായി.
ചില്ലറവ്യാപാര മേഖലയിലെ കുത്തകകളുടെ പ്രവര്‍ത്തനം വ്യാപാരമേഖലയെ മാത്രമല്ല ചെറുകിട വ്യവസായങ്ങളേയും ചെറുകിട കര്‍ഷകരേയും ഇല്ലാതാക്കും വ്യാപാരകുത്തകകള്‍ തന്നെ കാര്‍ഷികോല്‍പ്പാദനവും വ്യവസായികോല്പാദനവും നേരിട്ട് നടത്തുകയോ കരാര്‍ അടിസ്ഥാനത്തില്‍ നടത്തുകയോ ചെയ്യുന്നതുകൊണ്ട് എല്ലാ ഉല്പാദനമേഖലകളിലെ ലാഭവും അവരില്‍ കേന്ദ്രീകരിക്കപ്പെടുന്നു. കുത്തകകളുടെ പ്രവര്‍ത്തനംകൊണ്ട് ലോകം മുഴുവന്‍ ചെറുകിട വ്യാപാരികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
വാള്‍മാര്‍ട്ടിന്റെ പ്രവര്‍ത്തനംകൊണ്ട് അമേരിക്കന്‍ നഗരങ്ങളില്‍ 47 ശതമാനം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി ഇയോവാസ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കെന്നത്ത്. ഇ. സ്റ്റോണന്റെ പഠനം പറയുന്നു. എ.സി. നീല്സെണിന്റെ പഠനം പറയുന്നത് കുത്തകകള്‍ വ്യാപാര ശൃംഖല കയ്യടക്കിയതുകൊണ്ട് 1981നും 1999നും ഇടയില്‍ ബ്രിട്ടനിലെ ചില്ലറ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം 56,862 ല്‍ നിന്നും 25,800 ആയി ചുരുങ്ങിയെന്നാണ്. യൂറോപ്പില്‍ 1970നും 1980നും ഇടയില്‍ മാത്രം നാല് ലക്ഷം ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 4000 ചതുരശ്രഅടി ശരാശരി വലിപ്പമുള്ള യൂറോപ്പിലെ സ്ഥാപനങ്ങള്‍ക്കും 5000 ചതുരശ്ര അടി ശരാശരി വലിപ്പമുള്ള അമേരിക്കയിലെ സ്ഥാപനങ്ങള്‍ക്കും റീട്ടെയില്‍ കുത്തകകളായ വാള്‍മാര്‍ട്ടിനും മെട്രോയ്ക്കും കാഫോറിനും മുന്നില്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ലെങ്കില്‍ അഞ്ച് ലക്ഷം ചതുരശ്രഅടി വലിപ്പമുള്ള ഇവരോട് 50 ചതുരശ്രഅടിക്കും 120 ചതുരശ്ര അടിക്കും ഇടയില്‍ വലിപ്പമുള്ള നമ്മുടെ 80 ശതമാനം ചില്ലറ വില്‍പ്പനശാലകള്‍ എങ്ങനെ പിടിച്ചുനില്ക്കും?
ഡോ.മുരളിമനോഹര്‍ ജോഷി അധ്യക്ഷനായുള്ള വാണിജ്യവകുപ്പിന്റെ പാര്‍ലമെന്ററി കമ്മറ്റി നടത്തിയ പഠനത്തിലും എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെ എംപിമാര്‍ എത്തിച്ചേര്‍ന്ന നിഗമനം (കോണ്‍ഗ്രസ് ഉള്‍പ്പെടെ) കുത്തകകള്‍ വന്നാല്‍ ചെറുകിടക്കാരെ ഇല്ലാതാക്കുമെന്നാണ്. കേന്ദ്ര ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മോണ്ടേക്സിംഗ് ആലുവാലിയയുടെ ഭാര്യ ഈശ്വര്‍ ആലുവാലിയ ഡയറക്ടറായുള്ള ഇക്രിയര് നടത്തിയ പഠനത്തില്‍ മാത്രം ചെറുകിടക്കാരെ ബാധിക്കില്ല എന്നു പറഞ്ഞിരിക്കുന്നു. എന്നാല്‍ വിദേശകുത്തകകള്‍ക്കുവേണ്ടി തയ്യാറാക്കപ്പെട്ട കണ്‍സള്‍ട്ടിങ്ങ് കമ്പനിയായ ഡിലോയ്റ്റിയുടെ റിപ്പോര്‍ട്ടില്‍പ്പോലും ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചാല്‍ അത് ഇന്ത്യയിലെ ചെറുകിടക്കാരെ ബാധിക്കുമെന്ന് പറയുന്നു.
ചില്ലറവ്യാപാരമേഖലയിലെ കുത്തകകള്‍ വ്യാപാരികളെ മാത്രമല്ല വ്യവസായത്തെക്കൂടി തകര്‍ക്കുന്നു. ചില്ലറ വ്യാപാര മേഖലയിലെ കുത്തകകള്‍ സ്വന്തം ബ്രാന്‍ഡുകള്‍ ഉണ്ടാക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ മാത്രം അവര്‍ക്ക് വേണ്ട ഉല്പന്നങ്ങള് ഉണ്ടാക്കുന്നു. ഇതുവഴി നിര്‍മ്മാതാവിന്റെയും വിതരണക്കാരന്റെയും ലാഭം ഇവര്‍ എടുക്കുന്നു. വാള്‍മാര്‍ട്ട് അമേരിക്കയിലെ തുകല്‍ വ്യവസായത്തേയും തുണിവ്യവസായത്തേയും തകര്‍ത്തു. ഏറ്റവും കുറഞ്ഞ കൂലിയുള്ള രാജ്യത്ത് ഉല്പന്നങ്ങള് ഉണ്ടാക്കി മറ്റു സ്ഥലങ്ങളില്‍ വില്‍ക്കുന്നു. ഇങ്ങനെസംഭവിച്ചാല് ചൈനീസ് ഉത്പന്നങ്ങള്‍ കൊണ്ട് നമ്മുടെ വിപണി നിറയും. വാള്‍മാര്‍ട്ട് നിര്‍മ്മാണ കരാര്‍ നല്‍കുന്നത് തൊഴില്‍ നിയമങ്ങള്‍ ശക്തമല്ലാത്ത രാജ്യങ്ങളിലാണ്. അതിനാല്‍ തന്നെ ഉത്പാദനചെലവും ഉല്പന്നത്തിന്റെ വിലയും കുറയുന്നു. പ്രാദേശിക ഉത്പാദകര്‍ക്ക് ഇവരോട് മത്സരിക്കാന്‍ കഴിയില്ല. വാള്‍മാര്‍ട്ട് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ചൈനയിലാണ്. തുണിത്തരങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യന്‍ രൂപയില്‍ ഒരു മണിക്കൂറിന് 80 പൈസ മാത്രം കൂലിയുള്ള ബംഗ്ലാദേശില്‍. ഇത്ര വിലകുറഞ്ഞ ഉത്പന്നങ്ങളോട് നമ്മുടെ ഉത്പാദകര്‍ എങ്ങനെ മത്സരിക്കും? വസ്തുതകള്‍ ഇതായിരിക്കേ ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം ചെറുകിട വ്യവസായത്തിന് ഗുണംചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്.
ചെറുകിട വ്യവസായത്തെ രക്ഷിക്കാനുള്ള ക്യാബിനറ്റ് കമ്മറ്റിയുടേതായ നിര്‍ദ്ദേശങ്ങളിലൊന്ന് മുപ്പതു ശതമാനം ഉല്‍പ്പന്നങ്ങള്‍ ചെറുകിട വ്യവസായികളില്‍നിന്ന് എടുക്കുമെന്ന നിബന്ധന വെച്ചിട്ടുണ്ട് എന്നുള്ളതാണ്. യഥാര്‍ത്ഥത്തില്‍ മുപ്പതു ശതമാനം ഉല്‍പ്പന്നങ്ങള്‍ എന്നുള്ളത് ഇന്ത്യയില്നിന്നാവണമെന്ന നിബന്ധനയില്ല. അതിനാല്‍ തന്നെ വാള്‍മാര്‍ട്ടും ഇതര കുത്തകകളും ചൈനയിലെ ചെറുകിട വ്യവസായികളില്‍ നിന്നായിരിക്കും ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരിക. പ്രത്യക്ഷത്തില്‍ ഇതിന്റെ പ്രയോജനം ചൈനയ്ക്ക് മാത്രമാണ്. ഇത് ചെറുകിട വ്യവസായികളെ കൂടുതല്‍ തകര്‍ക്കാനെ ഉപകരിക്കൂ.
ചില്ലറ വ്യാപാര കുത്തകകള്‍ കരാര്‍ കൃഷി നടപ്പാക്കിയതുവഴി ചെറുകിട കര്‍ഷകര്‍ ലോകം മുഴുവന്‍ ഇല്ലാതായികൊണ്ടിരിക്കുന്നു. വാള്‍മാര്‍ട്ടിന്റെ കരാര്‍ ലംഘനങ്ങള്‍ക്കെതിരെ അമേരിക്കയില്‍ കര്‍ഷകര്‍ നിരവധി സമരങ്ങള്‍ നടത്തി. ഏഷ്യയിലെ സൂപ്പര്മാളുകള്ക്ക് കാര്‍ഷിക വിഭവങ്ങള്‍ കരാര്‍ പ്രകാരം നല്കുന്നതില് കര്‍ഷകര്‍ പരാജയപ്പെടുകയും സൂപ്പര്‍മാളുകള്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്യുന്നു. കരാറില്‍ ഏര്‍പ്പെടുന്ന കര്‍ഷകരെ മാറ്റുകയും നിശ്ചയിച്ച സമയത്ത് നിശ്ചയിച്ച അളവില്‍ പണം നല്കാന് കഴിയാത്തതിനാലും കര്‍ഷകര്‍ തകരുന്നതായി എഫ്എഒ പഠനം പറയുന്നു. ഒരു ദശകം മുമ്പ് അമേരിക്കയിലെ കാപ്പി ഉല്പാദകര് ഒരു വര്‍ഷം 10 ബില്യന്‍ ഡോളര്‍ വരുമാനം നേടിയിരുന്നു. എന്നാല്‍ 60 ബില്യന്‍ ഡോളറിന്റെ വിപണി അമേരിക്കയ്ക്ക് പുറത്ത് ഉള്ളപ്പോഴും അമേരിക്കയിലെ കാപ്പി കര്‍ഷകര്‍ക്ക് ഇന്ന് ലഭിക്കുന്നത് ആറ് ബില്യന്‍ ഡോളര്‍ മാത്രമാണെന്ന് ഓക്സ് ഫാമിന്റെ പഠനം പറയുന്നു.
ഘാനയിലെ കൊക്കോ കര്‍ഷകര്‍ക്ക് അവരുടെ കൊക്കോ ചേര്‍ത്തുണ്ടാക്കുന്ന ചോക്കലേറ്റിന്റെ വിലയുടെ 3.9 ശതമാനം മാത്രം ലഭിക്കുമ്പോള്‍ ചോക്കലേറ്റ് വില്‍ക്കുന്ന കുത്തക വില്‍പ്പനശാലകള്‍ക്ക് 34.1 ശതമാനം കിട്ടുന്നു. തെക്കേ അമേരിക്കയിലെ വാഴ കര്‍ഷകര്‍ക്ക് വില്പനവിലയുടെ അഞ്ച് ശതമാനം മാത്രം വില ലഭിക്കുമ്പോള്‍ അത് വില്‍ക്കുന്ന ചില്ലറ വ്യാപാര മേഖലയിലെ കുത്തകകള്‍ക്ക് വിലയുടെ 34 ശതമാനം ലഭിക്കുന്നു. ഉയര്‍ന്ന മൂല്യമുള്ള വസ്ത്രങ്ങളുടെ വില്‍പ്പനവിലയുടെ 54 ശതമാനം റീട്ടെയില്‍ കുത്തകകള്‍ക്ക് കിട്ടുമ്പോള്‍ പരുത്തിയുണ്ടാക്കുന്ന കര്‍ഷകര്‍ക്ക് വില്പനവിലയുടെ ഏഴ് ശതമാനം മാത്രം ലഭിക്കുന്നു. തൊഴിലാളിക്ക് 12 ശതമാനം മാത്രം കൂലിയിനത്തില്‍ കിട്ടുന്നു. കാര്‍ഷികമേഖലയേയും കുത്തകകളുടെ പ്രവര്‍ത്തനം കാര്യമായി ബാധിച്ചതായി കാണാം. വസ്തുതകള്‍ ഇതായിരിക്കേ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന വലിയ പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നത്.
തൊഴിലവസരങ്ങളെ കുത്തകകളുടെ വരവ് കാര്യമായി ബാധിക്കും. മക്കന്‍സിയുടെ പഠനമനുസരിച്ച് സംഘടിത സംരംഭകരുടെ തൊഴില്‍ ഉല്പാദനശേഷി ആറ് ശതമാനം മാത്രമാണ്. അതായത് ഒരു നിശ്ചിത മൂലധനത്തിന് അസംഘടിത ചില്ലറവ്യാപാരമേഖലയില്‍ 100 തൊഴിലവസരം ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ ഇതേ മൂലധനംകൊണ്ട് സംഘടിതവ്യാപാരമേഖലയില് ഉണ്ടാകുന്ന തൊഴിലവസരം ആറെണ്ണം മാത്രമാണ്. ഇങ്ങനെ നോക്കിയാല്‍ സംഘടിതമേഖലയില്‍ ഉണ്ടാകുന്ന ഓരോ തൊഴിലവസരവും അസംഘടിതമേഖലയിലെ 15 തൊഴിലവസരങ്ങള്‍ ഇല്ലാതാക്കും. 405 ബില്ല്യണ്‍ ഡോളര്‍ വിറ്റുവരവുള്ള വാള്‍മാര്‍ട്ട് 21,00,000 പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കുന്നത്. നമ്മുടെ ചില്ലറവ്യാപാര മേഖലയിലെ മൊത്തം വിറ്റുവരവ് 260 ബില്ല്യണ്‍ ഡോളറാണ്. ഇന്ത്യയിലെ ചില്ലറവ്യാപാരമേഖലയിലെ മുഴുവന്‍ വ്യാപാരവും വാള്‍മാര്‍ട്ട് കയ്യടക്കിയാല്‍ അവര്‍ക്ക് നല്കാവുന്ന പരമാവധി തൊഴിലവസരം 12 ലക്ഷം മാത്രമാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ മുഴുവന്‍ വ്യാപാരവും കയ്യടക്കിയാല്‍ സംരംഭകര്‍ ഉള്‍പ്പടെ 4.38 കോടി ആളുകളുടെ തൊഴില്‍ നഷ്ടപ്പെടും.
ചെറുകിട വ്യാപാരികള്‍ ഇല്ലാതാകുകയും ഉല്പാദകനെ വരുതിയിലാക്കുകയും ചെയ്താല്‍ അവര്‍ ആക്രമിക്കുന്നത് ഉപഭോക്താവിനെയാണ്. യൂറോപ്പിലെ കുത്തകകള്‍ ഇന്ന് യഥാര്ത്ഥവിലയിലും 60 ശതമാനം കൂടുതല്‍ വില ഉപഭോക്താവില്‍ നിന്നും ഈടാക്കുന്നു എന്ന് ഫോര്‍ച്യൂണ്‍ മാസികയുടെ പഠനം വ്യക്തമാക്കുന്നു. വിപണി ഏറ്റവും കൂടുതല്‍ കുത്തകവല്‍ക്കരിക്കപ്പെട്ട ബ്രിട്ടനില്‍ ഉപഭോക്താക്കളില്‍ നിന്നു ഈടാക്കുന്നത് 200 ശതമാനം കൂടിയ വിലയാണ്. (ബ്രിട്ടനിലെ അടുത്തിടെ നടന്ന കലാപം പ്രധാനമായും വ്യാപാരസ്ഥാപനങ്ങളെ ലക്ഷ്യമാക്കിയുള്ളതായിരുന്നു എന്നതിന്റെ കാരണം ചിന്തിക്കുക). ഭാരതത്തില്‍ ചില്ലറവ്യാപാരമേഖലയില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ എല്ലാ ഉല്പന്നങ്ങള്ക്കും വില കൂടുന്നു. വസ്തുതകള്‍ ഇതായിരിക്കെ വിലനിലവാരത്തെ പിടിച്ചുനിര്‍ത്താനും ഗുണം ചെയ്യും എന്ന് പറഞ്ഞ് സര്‍ക്കാര്‍ വിദേശനിക്ഷേപം അനുവദിക്കുന്നത് തെറ്റാണ്.
കുത്തകവ്യാപാരസ്ഥാപനങ്ങളുടെ വരവിനെ ന്യായീകരിക്കുന്നതിനുവേണ്ടി പുതിയ പല വാദമുഖങ്ങളും തത്പരകക്ഷികള്‍ പ്രചരിപ്പിക്കുന്നു. ഇതിലൊന്നാണ് ഈ കുത്തകസ്ഥാപനങ്ങള്‍ നേരിട്ട് കര്‍ഷകരില്‍ നിന്നും പച്ചക്കറികളും പഴങ്ങളും വാങ്ങി അത് സൂക്ഷിച്ചുവെക്കുന്നതിന് ശീതീകരിച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഇതുവഴി ഇന്നുള്ള വിളവെടുപ്പിനുശേഷമുള്ള നഷ്ടം ഇല്ലാതാകുമെന്നും പറയുന്നത്- ചില ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സികള്‍ വിളവെടുപ്പിനുശേഷം ഉപഭോക്താവിന് കിട്ടുന്നതുവരെയുള്ള നഷ്ടം 30 ശതമാനത്തിനും 40 ശതമാനത്തിനും ഇടക്കാണെന്നും കോള്‍ഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ ഉള്ള കുത്തകവ്യാപാരസ്ഥാപനങ്ങള് വന്നാല്‍ ഇത് ഇല്ലാതാകുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. 30-40 ശതമാനം നഷ്ടപ്പെടുന്നു എന്നുപറയുന്നതുതന്നെ കുത്തകകള്‍ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടിയാണ്. വിളവെടുപ്പിനുശേഷമുള്ള പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും നഷ്ടം എട്ട് ശതമാനത്തില്‍ താഴെയാണെന്ന് നാഫെഡ് പറയുന്നു. ഇതു മാത്രമല്ല ഇന്ന് നമ്മുടെ ചില്ലറ വില്‍പ്പനശാലകളില്‍ പലതും ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പച്ചക്കറി ഉരുളക്കിഴങ്ങും സവാളയുമാണ്. ഒരു ശീതീകരണ സംവിധാനവും ഇല്ലാതെ ഈ രണ്ട് ഉല്‍പ്പന്നങ്ങളും നാല് മാസംവരെ സൂക്ഷിച്ചുവക്കാന്‍ കഴിയും. കഴിഞ്ഞ ഇരുനൂറ് വര്‍ഷമായി നമ്മുടെ ചെറുകിട വ്യാപാരികള്‍ ഇത് ശരിയായ് കൈകാര്യം ചെയ്യുന്നുമുണ്ട്. ഉപഭോക്താക്കള്‍ പണം ചെലവിടുന്നത് സംബന്ധിച്ച നാഷണല്‍ സാമ്പിള്‍ സര്‍വെകളുടെ 2004ലെ റിപ്പോര്‍ട്ടില്‍ പറയുന്നത് നഗരങ്ങളുടെ ഉപയോഗക്രമത്തില്‍ 9.88 ശതമാനം മാത്രമാണ് പഴങ്ങളും പച്ചക്കറികളും വരുന്നുള്ളൂ എന്നാണ്. ഈ അളവില്‍ നിന്നും ഉരുളക്കിഴങ്ങും സവാളയും ഒഴിവാക്കിയാല്‍ വളരെ കുറച്ച് മാത്രമേ യഥാര്‍ത്ഥത്തില്‍ ശീതീകരണസംവിധാനം ആവശ്യമായിട്ടുള്ളൂ. പാലും പാല് ഉല്പ്പങ്ങളും ഏറ്റവും പെട്ടെന്ന് ചീത്തയാകുന്നവയാണ്. ഇവ നമ്മുടെ നഗര ഉപഭോഗക്രമത്തിന്റെ 8.11 ശതമാനം വരും. പാലിനും പാല് ഉല്‍പ്പന്നങ്ങള്‍ക്കും ഒരു വിദേശിയുടെയും സഹായമില്ലാതെ നല്ല രീതിയിലുള്ള അത്യന്ത ആധുനിക വിതരണ സംവിധാനം നമുക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇതുമാത്രമല്ല, ഭക്ഷ്യഎണ്ണ, പഞ്ചസാര, പയറുവര്‍ഗ്ഗങ്ങള്‍ അരി,ഗോതമ്പ് ഇവ നമ്മുടെ ഉപയോഗക്രമത്തിന്റെ 24.16 ശതമാനം വരും. ഇവയ്ക്ക് വേണ്ടിയും നമ്മുടെ ചെറുകിടവ്യാപാരികള്‍ രാജ്യം മുഴുവന്‍ നല്ല രീതിയിലുള്ള വിതരണസംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. ഉപഭോഗക്രമത്തിന്റെ 52.57 ശതമാനം വരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍, മദ്യം, സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍, സോപ്പ്, ഡിറ്റര്‍ജന്റ് പൗഡര്‍, തുണിത്തരങ്ങള്‍ മുതലായ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയും രാജ്യം മുഴുവന്‍ ചെറുകിടക്കാരുടേതായ വലിയ ശൃംഖല നാം ഉണ്ടാക്കിക്കഴിഞ്ഞു. ഒരു തരത്തിലും നമ്മുടെ ഉപഭോക്താക്കള്‍ക്ക് പാശ്ചാത്യ വിതരണക്കാരുടെ സഹായം ഇക്കാര്യത്തില്‍ ആവശ്യമില്ല.
കര്‍ഷകരുടേയും ഉപഭോക്താവിന്റേയും പേരുപറഞ്ഞ് ഇന്ന് വിപണി തുറക്കുന്നത് യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി മാത്രമാണ്. ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പും ഇതുപോലെ കര്ഷകന് വിപണി ലഭിക്കുന്നതു വഴി ധാരാളം ലാഭം കിട്ടുമെന്നും കര്‍ഷകര്‍ രക്ഷപ്പെടുമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ നാം ഇന്നു കാണുന്ന വാര്‍ത്ത ദിനംപ്രതി കര്‍ഷകരുടെ ആത്മഹത്യയുടേതാണ്. ഈ കണക്കെടുപ്പിന്റെ കൂട്ടത്തിലേക്ക് ഇനി വ്യാപാരിയുടെ ആത്മഹത്യയുടെ എണ്ണം കൂടി ചേര്‍ക്കാന്‍ മാത്രമാണ് ഈ നടപടികൊണ്ട് സാധിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: