മക്കളെ എപ്പോഴും അമ്മ ഓര്‍ക്കുന്നു. ഓരോരുത്തരുടെയും കണ്ണുകളും സംസാരവും അമ്മ കാണുന്നു. മക്കളുടെ നല്ല പ്രവൃത്തികള്‍ കാണുമ്പോഴും നല്ല സംസാരം കേള്‍ക്കുമ്പോഴും അമ്മ മക്കളില്‍ ഈശ്വരനെ കാണുന്നു. കീഴ് വഴക്കവും അച്ചടക്കവും ഉള്ളിടത്ത് ഈശ്വരന്റെ ശബ്ദം കേള്‍ക്കാം. അന്യരുടെ തെറ്റുസഹിക്കാന് കഴിഞ്ഞില്ലെങ്കില്‍ നമുക്ക് വളര്‍ച്ചയുണ്ടാകില്ല. അശ്രദ്ധകൊണ്ട് കാല് കല്ലില്‍ തട്ടി മറിഞ്ഞുവീണാലും നമ്മുടെ കണ്ണ് നാം കുത്തിപ്പൊട്ടിക്കില്ല. കണ്ണിനെ കുറ്റം പറയില്ല. കാരണം എന്റെ കണ്ണ്, എന്ന ബോധമുണ്ട്. അതുപോലെ മറ്റുള്ളവരുടെ തെറ്റും സ്വന്തം തെറ്റായിക്കണ്ട് ക്ഷമിക്കുവാന്‍ മക്കള്‍ക്ക് കഴിയണം. മക്കള്‍ ആരുടെയും തെറ്റുനോക്കണ്ട. അഥവാ കാണുന്നുവെങ്കില്‍ മക്കള്‍ സഹിക്കുക. അതാണ് നമ്മുടെ വലിപ്പം. അതിലും വലിയ തപസ്സില്ല. അതാണ് പിടിച്ചുകയറാനുള്ള വഴി.
മന്ത്രം ചൂണ്ടില്‍ ജപിക്കുവാന്‍ മാത്രമുള്ളതല്ല. ജീവിതത്തില്‍ പകര്‍ത്തേണ്ട തത്ത്വം ആണ്. ഹൃദയത്തില്‍ പകര്‍ത്തേണ്ട സ്വാഭവം ആണ്.ശരിയായ ജീവിതം ആണ് യഥാര്‍ത്ഥ മന്ത്രം. അങ്ങനെ ജീവിക്കുന്നവരുടെ പിറകേ ഈശ്വരന് നടന്നുകൊള്ളും. ത്യാഗമാകണം നമ്മുടെ ഈശ്വരന്. ത്യാഗി എല്ലാത്തിലും, എല്ലാ കര്‍മത്തിലും ഈശ്വരനെ കാണുന്നു. അവര്‍ സപ്രമഞ്ചത്തില്‍ ഇരിക്കുന്ന ഒരു ഇശ്വരനെ പ്രത്യേകിച്ച് കാണുന്നില്ല.
ദ്വേഷിക്കേണ്ട സ്ഥാനത്ത് ക്ഷമിക്കുക. ദ്വേഷിക്കുന്നവരെ മനസ്സില്‍ സ്നേഹിക്കുക. മടി തോന്നുമ്പോഴും ജോലിചെയ്യുക. ആ രജോഗുണം നമ്മുടെ മനസ്സിനെ അകറ്റും. ഇതിനൊന്നും കഴിയാത്തവര്‍ വിവേകികളല്ല, ത്യാഗികളല്ല.അവര്‍ നില്ക്കുന്ന സ്ഥലത്തുനിന്നും ഈശ്വരകാരുണ്യം തെറിച്ചുപോകും. അവര്‍ നില്ക്കുന്നിടംതന്നെ പാതാളമാകും.അവരുടെ ഏത് കര്‍മവും പാത്രം കമിഴ്ത്തിവച്ച് വെള്ളം കോരി ഒഴിയ്ക്കുന്നതുപോലെയാണ്. പാത്രത്തിലും വീഴില്ല; പരിസരവും ചീത്തയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: