തിരുവനന്തപുരം : കഴിഞ്ഞ മണ്ഡലകാലത്ത് 102 അയ്യപ്പഭക്തന്മാരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയും മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ശബരിമല ചീഫ് കോഓര്‍ഡിനേറ്ററുമായിരുന്ന കെ. ജയകുമാര്‍ ഐഎഎസ് പുല്ലുമേട് ദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് എം.ആര്. ഹരിഹരന്‍നായര്‍ കമ്മീഷന് മുമ്പാകെ നല്കി. 102 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പരോക്ഷമായി കുറ്റസമ്മതം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ മകരജ്യോതി ദര്‍ശനത്തിനെത്തുന്ന പുല്ലുമേട്ടില്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ സര്‍ക്കാര്‍ അവലോകനം ചെയ്യാറില്ലായിരുന്നുവെന്ന് കെ. ജയകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ്. വണ്ടിപ്പെരിയാര്‍, എരുമേലി റൂട്ടുകള്‍ക്ക് കുറഞ്ഞ പ്രാധാന്യമാണ് നല്‍കുന്നത്. പുല്ലുമേട് അടക്കമുള്ള മറ്റ് സാറ്റലൈറ്റ് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് അവലോകനം നടത്തേണ്ടത് ജില്ലാ ഭരണകൂടമാണ്. ഇതില്‍ എന്തെങ്കിലും പോരായ്മയുള്ളതായി തോന്നുകയോ, പോലീസും വനംവകുപ്പുമടക്കമുള്ള വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന് പരിഹരിക്കാനാകാത്ത വിഷയങ്ങളുണ്ടെങ്കിലോ മാത്രമാണ് കോ ഓര്‍ഡിനേറ്റര്‍ ഇടപെടാറുള്ളത്.
പുല്ലുമേടുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ചുകൂട്ടിയ അവലോകനയോഗങ്ങളുടെ ഒരു മിനിട്ട്സും തനിക്കു മുന്നില്‍ ഹാജരാക്കിയിരുന്നില്ല. ദുരന്തം നടക്കുമ്പോള്‍ താന്‍ സന്നിധാനത്തുനിന്നും പമ്പയിലേക്ക് വരികയായിരുന്നു. 8.10ന് നടന്ന ദുരന്തം 9.30ന് പമ്പ പോലീസ് അറിയിക്കുമ്പോഴാണ് അറിയുന്നത്. 2011ലെ മകര ജ്യോതി 15 മിനിട്ട് വൈകുമെന്ന അറിയിപ്പ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തന്നെ അറിയിക്കുന്നത് ദുരന്തദിവസമായ ജനുവരി 14ന് രാവിലെ 11നാണ്. അതും വാക്കാല്‍ മാത്രം. മകരജ്യോതി വൈകുന്നതുമായി ബന്ധപ്പെട്ട് ഒരു വകുപ്പുമായും കൂടിയാലോചന നടത്തിയിട്ടില്ലായിരുന്നുവെന്നും ജയകുമാര്‍ പറഞ്ഞു. താന്‍ ദേവസ്വം കമ്മീഷണറായിരുന്ന വേളയില്‍ ഒന്നിലധികം തവണ ശബരിമലയില്‍ ചാവേര്‍ ഭീകരാക്രമണ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ കിട്ടിയിരുന്നു. 2009 മുതല്‍ ആര്‍എഎഫിന്റെയും ദേശീയ ദുരന്തനിവാരണസേനയുടെയും സേവനം ശബരിമലയിലുണ്ട്. 2010-2011ല്‍ പ്രത്യേകമായി എന്തെങ്കിലും ഭീഷണിയുള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും 2010-11ല്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതായി ഓര്‍മ്മയില്ലെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് ചന്ദ്രശേഖരമേനോന് കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ പുല്ലുമേട് ദുരന്തം സംഭവിക്കില്ലായിരുന്നു. ജസ്റ്റിസ് ചന്ദ്രശേഖരമേനോന് ശുപാര്‍ശകള്‍ താന്‍ മനസ്സിലാക്കിയിട്ടുണ്ട്. കമ്മീഷന് ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം ചീഫ് സെക്രട്ടറിയാണ് റിപ്പോര്‍ട്ട് നിയമസഭയ്ക്ക് മുമ്പാകെ വയ്ക്കേണ്ടത്. ഞാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാവുന്നതിനുമുമ്പാണിത്. അന്ന് ചീഫ് സെക്രട്ടറി നിയമസഭയ്ക്കുമുന്നില്‍ യഥാസമയം റിപ്പോര്‍ട്ടു വച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ തനിക്കുറപ്പില്ല. കമ്മീഷന് റിപ്പോര്‍ട്ടില്‍ പുല്ലുമേട് അടക്കുമുള്ള എല്ലാ സ്ഥലങ്ങളിലും വെള്ളം, വെളിച്ചം, അനുബന്ധറോഡുകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വ്യക്തമായുണ്ടായിരുന്നു. ഭക്തജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്ന ധാരണയാണുണ്ടായിരുന്നതെന്ന് പറഞ്ഞ ജയകുമാര്‍ ഇനി മുതല്‍ ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുവേണ്ട സംവിധാനങ്ങളൊരുക്കാനും ഒരു ഉന്നതതല കമ്മറ്റി രൂപീകരിക്കേണ്ടതുണ്ടെന്നും മൊഴി നല്കി.
ഹിന്ദു ഐക്യവേദിക്കുവേണ്ടി ഹാജരായ അഡ്വ. ജി.എസ്. പ്രകാശ് നടത്തിയ വിസ്താരത്തിലാണ് കെ. ജയകുമാര്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ സമ്മതിച്ചുകൊണ്ടുള്ള മൊഴി നല്‍കിയത്. പുല്ലുമേട്ടില്‍ വഴിമധ്യേ വാഹനങ്ങള്‍ തടയുന്നതിനായി ഇട്ടിരുന്ന ചങ്ങല മാറ്റാതിരുന്നതും അപകടസ്ഥലത്ത് മതിയായ പ്രകാശമില്ലാതിരുന്നതും ദുരന്തത്തിനിടയാക്കിയെന്ന് ദേവസ്വംബോര്‍ഡ് ചീഫ് എഞ്ചിനിയര്‍ കെ. രവികുമാറും കമ്മീഷന് മുമ്പാകെ മൊഴി നല്കി. ദുരന്തം നടന്ന സ്ഥലം വനം വകുപ്പിന്റെ പൂര്‍ണ അധീനതയിലായിരുന്നുവെന്നും ചങ്ങലയുടെ താഴും താക്കോലും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമായിരുന്നുവെന്നും രവികുമാര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷക്കായി 4.5 കോടി രൂപ 2009-10ല്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയിരുന്നുവെന്നും ഇത് എന്തിനുവേണ്ടി ചെലവഴിച്ചുവെന്ന് അറിയില്ലെന്നും രവികുമാര്‍ പറഞ്ഞു. 2010-11ല്‍ എത്ര തുക നല്‍കിയെന്ന് തനിക്ക് അറിയില്ലെന്നും ക്ഷേത്ര സംരക്ഷണ സമിതിക്കുവേണ്ടി അഡ്വ. കെ. ഹരിദാസ് നടത്തിയ വിസ്താരത്തില്‍ രവികുമാര്‍ പറഞ്ഞു. ശബരിമല ഉത്സവ കോര്‍ഡിനേറ്റര്‍ കെ. ജയകുമാറിന്റെയും ദേവസ്വംബോര്‍ഡ് ചീഫ് എഞ്ചിനിയറുടെയും മൊഴികള്‍ സര്‍ക്കാര്‍ വീഴ്ചകള്‍ തുറന്നു കാട്ടുന്നതാണ്. 2000 ജൂണില്‍ സമര്‍പ്പിച്ച ചന്ദ്രശേഖരമേനോന് കമ്മീഷന് റിപ്പോര്‍ട്ട് പുല്ലുമേട്ടില്‍ അടക്കം ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. നാളിതുവരെയായും ഈ നിര്‍ദ്ദേശം നടപ്പാക്കിയിരുന്നില്ല. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് കെ. ജയകുമാര്‍ വ്യക്തമാക്കുന്നു. 2011ലെ മകരജ്യോതി വൈകുമെന്ന് വ്യക്തമായ അറിവുണ്ടായിരുന്നിട്ടും ഇത് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുന്നതില്‍ ദേവസ്വംബോര്‍ഡ് വീഴ്ച വരുത്തിയെന്നും വ്യക്തമായി. ഡോ. കെ. ബാലകൃഷ്ണവാര്യര്‍ ഗണിച്ച ദേവസ്വം ബോര്‍ഡിന്റെ പഞ്ചാംഗത്തില്‍ നിന്നും 2011 ജനുവരി 14ന് വൈകിട്ട് 6.44നാണ് മകരസംക്രാന്തി പൂജയെന്ന് വ്യക്തമാണ്. പൂജ കഴിഞ്ഞ് 7 മണിക്ക് ദീപാരാധന കഴിഞ്ഞ് 7.10നാണ് മകരജ്യോതി തെളിഞ്ഞത്. മകരജ്യോതി വൈകുമെന്ന് ശബരിമല കോ ഓര്‍ഡിനേറ്ററായ കെ. ജയകുമാറിനെ അന്നേദിവസം രാവിലെ 11 നാണ് ദേവസ്വം ബോര്‍ഡില്‍ നിന്നും വാക്കാല്‍ അറിയിച്ചത്. മകരജ്യോതി വൈകുമെന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്ന് സ്ഥലം ആര്‍ഡിഒയും സുരക്ഷാച്ചുമതലയുണ്ടായിരുന്ന കട്ടപ്പന ഡിവൈഎസ്പിയും മൊഴി നല്‍കിയിരുന്നു. മകരജ്യോതി തെളിയുമ്പോള്‍ ഇരുട്ട് വ്യാപിക്കുമെന്ന് അറിവുണ്ടായിട്ടും ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വരുന്ന വെളിച്ചമില്ലാത്ത സ്ഥലങ്ങളില്‍ എന്തെങ്കിലും സംവിധാനമേര്പ്പെടുത്തുന്നതിനെക്കുറിച്ച് യാതൊരു പരിഗണനയുമുണ്ടായില്ലെന്ന് വ്യക്തമാണ്. ജില്ലാ കളക്ടറുടെ അവലോകന റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ മൊഴി അയ്യപ്പഭക്തന്മാരുടെ സൗകര്യത്തിനുവേണ്ടി ബന്ധപ്പെട്ട ഘടകങ്ങള്‍ക്ക് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ യാതൊരു സംവിധാനവുമുണ്ടായിരുന്നില്ലെന്നും വെളിവാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: