നാടും നഗരവും വലിയൊരു വിപത്തിന്റെ വക്കിലാണിന്ന്. കാതടപ്പിക്കുന്ന കഠോരമായ ശബ്ദം. കോടാനുകോടി വാഹനങ്ങളില്‍നിന്നും തൊഴില്‍ശാലകളില്‍നിന്നും അണമുറിയാതെ അന്തരീക്ഷത്തിലേക്കുയരുന്ന ശബ്ദം. ശബ്ദം എത്ര കഠോരമായാലും അത് സഹിക്കാന്‍ നാം പഠിച്ചു കഴിഞ്ഞു. പക്ഷേ പരിധി കടന്ന ശബ്ദം നമ്മുടെ ആരോഗ്യത്തെ കാര്‍ന്നുതിന്നുകയാണെന്ന സത്യം ആരും ഓര്‍ക്കുന്നില്ല.
അതിരുവിട്ട ശബ്ദം ആളെ കൊല്ലിയാണ്. അത് മനുഷ്യന്റെ കര്‍ണപുടം തകര്‍ക്കും. കേഴ്‌വിശക്തി നശിപ്പിക്കും. ഉറക്കംകെടുത്തും. രക്തസമ്മര്‍ദ്ദം ഉയര്‍ത്തും. മാനസിക നില തകരാറിലാക്കും.
അതുകൊണ്ടുതന്നെയാവണം കല്‍ക്കട്ടാ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഭഗവതി പ്രസാദ് ബാനര്‍ജി ഇപ്രകാരം തന്റെ ഒരു വിധിന്യായത്തില്‍ അടിവരയിട്ട് രേഖപ്പെടുത്തിയത്-സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഒരു പൗരന്റെ മൗലികാവകാശമാണ്. ആവശ്യമില്ലാത്ത ശബ്ദം കേള്‍ക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും ആ മൗലികാവകാശത്തിന്റെ ഭാഗമാണ്. രാത്രിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അവകാശം തേടി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ചരിത്ര പ്രസിദ്ധമായ ഈ വിധി. കല്‍ക്കട്ടയില്‍ രാത്രിയിലെ ഉച്ചഭാഷിണി ഉപയോഗം നിരോധിക്കാന്‍ ഈ വിധി കളമൊരുക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ക്ക് രൂപം നല്‍കി.പക്ഷെ, ശബ്ദശല്യത്തിന് കടിഞ്ഞാണിടാന്‍ നിയമങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് നമുക്കറിയാം. മൈക്കും മന്ത്രവും ഹോണും യന്ത്രങ്ങളുമൊക്കെ ചേര്‍ന്ന് ജീവിതം നരകതുല്യമാക്കുകയാണ്.
വായുവില്‍ സമ്മര്‍ദ്ദവും വികാസവും സൃഷ്ടിച്ചുകൊണ്ടാണ് ശബ്ദം പ്രസരിക്കുന്നത്. അതിമര്‍ദവും ന്യൂനമര്‍ദവും ഒന്നിടവിട്ട് പ്രസരിക്കുന്ന അവസ്ഥ. മര്‍ദവ്യത്യാസം ഏറുന്നതനുസരിച്ച് ശബ്ദ തീവ്രത വര്‍ധിക്കും. ചെവിക്കുള്ളിലെ സൂക്ഷ്മ അവയവമായ കോക്ലിയയാണ് ഇതിന്റെ പീഡനം ആദ്യമായി സഹിക്കേണ്ടുന്നത്. അവയില്‍ നേര്‍മയേറിയ 18000ല്‍പ്പരം ഹെയര്‍ സെല്ലുകളുണ്ട്. അമിതമായ ശബ്ദം ചവിട്ടി നശിപ്പിച്ചുകളയുന്നത് ആ പാവം ‘തലമുടിനാര്’ കോശങ്ങളെയാണ്. പലപ്പോഴും ആ തകരാറ് പരിഹരിക്കാന്‍ വയ്യാത്തതായിരിക്കുമെന്നും അറിയുക.
ശബ്ദത്തിന്റെ അളവിനെ ‘ഡസിബല്‍’ എന്നാണ് വിളിക്കുക. ഇലയുടെ മര്‍മരം 10 ഡസിബല്‍. ഏതാണ്ട് 20 ഡസിബല്‍ മുതല്‍ മനുഷ്യന് കേള്‍ക്കാവുന്ന ശബ്ദമാണ്. അത് 100 ഡസിബല്ലിലെത്തുമ്പോള്‍ ശബ്ദം കഠോരമാവും. റോക്ക് സംഗീതം(?) 110 ഡസിബല്‍ ശബ്ദമാണത്രെ പുറപ്പെടുവിക്കുക. പക്ഷേ തീവ്രത 120 കഴിഞ്ഞാല്‍ ശബ്ദം വേദനാജനകമായ അനുഭവമാകും.
വീണ്ടും വര്‍ധിച്ചാല്‍ കേള്‍വിയുടെ ആധാരമായ കര്‍ണപുടം തന്നെ തകരും. ഏതാണ്ട് 85 ഡസിബല്‍ ശബ്ദം സ്ഥിരമായി എട്ടുമണിക്കൂര്‍ വീതം കേട്ടാല്‍ തന്നെ ‘കേള്‍വി’ക്ക് സാരമായ കുറവുണ്ടാകും. ശബ്ദത്തിന്റെ അളവില്‍ ഓരോ 10 ഡസിബല്‍ ശബ്ദം വര്‍ധിക്കുമ്പോഴും അത് ഇരട്ടിയായാണ് മനുഷ്യന് അനുഭവപ്പെടുക.
നമ്മുടെ പല നഗരങ്ങളിലും രാത്രിയിലെ ശബ്ദ തീവ്രത ദുഃസഹമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വന്‍നഗരങ്ങളിലെ ശബ്ദതീവ്രത രാത്രികാലത്ത് 100 ഡസിബല്‍ ഉയരുന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് കണ്ടെത്തിയത്.
അതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് വാഹന ഗതാഗതവും. ദല്‍ഹിയിലെ കീര്‍ത്തിനഗര്‍ മാര്‍ബിള്‍ മാര്‍ക്കറ്റില്‍ 125 ഉം ഐടിഒ പ്രദേശത്ത് 107 ഉം ഡസിബല്‍ ശബ്ദമാണ് ചില രാത്രികളില്‍ രേഖപ്പെടുത്തിയത്. ശബ്ദമുണ്ടാക്കുന്നത് കേള്‍വിക്കുറവ് മാത്രമല്ലെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു.
തിരക്കേറിയ വഴികളോട് ചേര്‍ന്ന് വസിക്കുന്നവരില്‍ 52 ശതമാനത്തിനും തുടര്‍ച്ചയായി അസ്വസ്ഥതയും ദേഷ്യവും അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് 46 ശതമാനത്തിന് ടെന്‍ഷനും രക്തസമ്മര്‍ദവും ഉയരുന്നു. 48.6 ശതമാനത്തിന്റെ പ്രശ്നം ഒരിക്കലും ഉറക്കം ശരിയാവുന്നില്ല എന്നതത്രെ.
ഇതിനൊക്കെപ്പുറമെ രക്തസംക്രമണവും ഹൃദയത്തിന്റെ പ്രവര്‍ത്തനവും ആയി ബന്ധപ്പെട്ട പല രോഗങ്ങള്‍ക്കും ശബ്ദം കാരണമാവുന്നു. ശബ്ദശല്യം മൂലം നഷ്ടപ്പെടുന്ന മനുഷ്യപ്രയത്നദിനങ്ങളെക്കുറിച്ച് പടിഞ്ഞാറന്‍ യൂറോപ്പില്‍ ലോകാരോഗ്യ സംഘടന നടത്തിയ ഒരു പഠനത്തെക്കുറിച്ചുകൂടി നാം അറിയണം. പത്ത് ലക്ഷം ആരോഗ്യമുള്ള മനുഷ്യദിനങ്ങളാണ് പ്രതിവര്‍ഷം ശബ്ദശല്യ രോഗങ്ങള്‍ മൂലം നഷ്ടപ്പെട്ടു പോകുന്നതെന്നായിരുന്നു പഠനം നടത്തിയ കണ്ടെത്തല്‍.
ശബ്ദമലിനീകരണം നഗരവാസികളുടെ ജീവിതത്തെയാണ് ഏറ്റവും ക്രൂരമായി ബാധിക്കുന്നതെന്ന് സാമൂഹ്യ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു-പ്രത്യേകിച്ചും തിരക്കേറിയ വീഥികളുടെ സമീപത്തുള്ള ഫ്ലാറ്റുകളില്‍ താമസിക്കുന്നവരില്‍. വാണിജ്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ അവസ്ഥയും മറിച്ചല്ല. തൊഴില്‍ ശാലകളില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ശബ്ദ ശല്യത്തില്‍നിന്ന് രക്ഷനേടാനായി പല വഴികളും തൊഴില്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ നിശ്ചയിച്ചിട്ടുണ്ട്. ചെവിയില്‍ ശബ്ദത്തെ തടയുന്ന ഇയര്‍ പ്ലഗുകള്‍ ഘടിപ്പിക്കുക, നിശ്ചിത കാലപരിധികളില്‍ കേള്‍വി പരിശോധന നടത്തുക തുടങ്ങിയവ. പക്ഷേ ചെവിയുടെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ അപൂര്‍വം. ചെവിയിലൂടെ ശരീരത്തിലേക്ക് അനാരോഗ്യം കടന്നുവരുമെന്ന് അറിയുന്നവരും അപൂര്‍വം.
ശബ്ദം മൂലമുണ്ടാകുന്ന കേള്‍വിക്കുറവിന് പല ചികിത്സകളും നിലവിലുണ്ട്. ശ്രവണ സഹായികള്‍ പിടിപ്പിക്കുന്നതു മുതല്‍ ‘കോക്ലിയ’ മാറ്റി വയ്‌ക്കുന്നതുവരെ. ബീറ്റാ കരോട്ടിന്‍, ജീവകം-സി, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതും ആന്റി ടോക്സിഡന്റുകള്‍കൊണ്ട് സമ്പുഷ്ടമായതുമായ ഭക്ഷണം തുടര്‍ച്ചയായി കഴിക്കുന്നതിലൂടെ ഹെയര്‍ സെല്ലുകളെ വലിയൊരു പരിധി പുനരുജ്ജീവിപ്പിക്കാനും കഴിയും. പക്ഷേ ചികിത്സയേക്കാളും നല്ലത് രോഗത്തെ അകറ്റിനിര്‍ത്തുകയാണല്ലോ.
കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാനപ്രകാരം വിവിധ മേഖലകളില്‍ വിവിധ സമയങ്ങളില്‍ അനുവദനീയമായ ശബ്ദത്തിന്റെ അളവ് നിര്‍വചിച്ചിട്ടുണ്ട്.
ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ നൂറ് മീറ്റര്‍ ചുറ്റളവ് നിശബ്ദമേഖലയായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. ശബ്ദ നിയന്ത്രണത്തിനുവേണ്ടി മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നും കൂടിയ ശബ്ദത്തില്‍ നിന്ന് രക്ഷനേടാന്‍ ചെവിയില്‍ ഇയര്‍പ്ലഗുകള്‍ വയ്‌ക്കണമെന്നുമുണ്ട്. പിന്നെയുമുണ്ട് ഒരുപാട് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍-ഒച്ച കുറച്ച് സംസാരിക്കുക, തീവ്രതയുള്ള ഹോണുകള്‍ വാഹനത്തില്‍ ഘടിപ്പിക്കാതിരിക്കുക,
ശബ്ദമുള്ള പടക്കങ്ങള്‍ ഉപേക്ഷിക്കുക, വാഹനങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം വേണ്ടെന്ന് വയ്‌ക്കുക എന്നിങ്ങനെ പോകുന്നു അത്തരം നിര്‍ദ്ദേശങ്ങള്‍. അവയ്‌ക്ക് പരിരക്ഷ നല്‍കുന്ന നിയമങ്ങളുമുണ്ട്.
പക്ഷെ മാറ്റം വരേണ്ടത് നമ്മുടെ മനസ്സിലാണ്. നമ്മുടേയും നമ്മുടെ അയല്‍ക്കാരുടേയും ആരോഗ്യവും സമാധാനവും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും ധര്‍മ്മമാണെന്ന ബോധം ഉണ്ടായാല്‍ മാത്രമേ ശബ്ദമലിനീകരണം നിയന്ത്രിക്കാനാവൂ.
ശബ്ദം വയ്‌ക്കാന്‍ ഉള്ള മൗലികാവകാശം പോലെ തന്നെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ടെന്ന് മനസ്സിലാക്കിയാല്‍ മാത്രമേ നിശബ്ദതയുടെ നന്മ നമുക്ക് ലഭിക്കൂ!
വാല്‍ക്കഷണം- ടെലിവിഷന്‍ സീരിയലുകളുടെ ഇടയില്‍ പരസ്യങ്ങള്‍ കടന്നുവരുമ്പോള്‍ പെട്ടെന്ന് ശബ്ദം വല്ലാതെ ഉയരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. പരസ്യക്കാരുടെ തന്ത്രമാണത്-നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍. അമേരിക്കപോലെ പല രാജ്യങ്ങളിലും ടിവി പരിപാടിയുടെ അതേ ശബ്ദത്തിലേ പരസ്യങ്ങള്‍ പാടൂ എന്ന് നിബന്ധനയുണ്ട്. പക്ഷേ ഇവിടെ….ആര്‍ക്കുവേണം അതൊക്കെ!
ഡോ. അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: