ലഖ്നൗ: ഉത്തര്‍പ്രദേശിനെ നാലു സംസ്ഥാനങ്ങളായി വിഭജിക്കാന്‍ മുഖ്യമന്ത്രി മായാവതി ഒരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് ചില വിദേശരാജ്യങ്ങളേക്കാള്‍ വലുതാണ്. സംസ്ഥാനത്ത് 75 ജില്ലകളാണ് ഉള്ളത്. മായാവതിയുടെ നീക്കത്തിനെതിരേ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
വലിയ സംസ്ഥാനമായതിനാല്‍ ഭരണനിര്‍വഹണം നടത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് വിഭജന നീക്കം. എന്നാല്‍ നിര്‍ണ്ണായകമായ 2012ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മായാവതിയുടെ നടപടിയെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മായാവതിയുടെ പദ്ധതി പ്രകാരം സംസ്ഥാനത്തിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ 32 ജില്ലകളായി ചേര്‍ത്ത് പൂര്‍വാഞ്ചല്‍ എന്ന സംസ്ഥാനവും 22 പടിഞ്ഞാറന്‍ ജില്ലകള്‍ ചേര്‍ത്ത് ഹരിത് പ്രദേശ് എന്ന സംസ്ഥാനവും ഏഴ് ജില്ലകളിലായി ബുണ്ടേല്ഖണ്ഡും അവസാന 14 ജില്ലകള്‍ ചേര്‍ന്ന് നാലാമത്തെ സംസ്ഥാനമായി മധ്യ ഉത്തര്‍പ്രദേശും രൂപീകരിക്കാനാണ് ആലോചിക്കുന്നത്.
ഇതിനിടെ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഇതുസംബന്ധിച്ചു ചോദ്യമുയര്‍ന്നപ്പോള്‍ മായാവതി ഒന്നും നിഷേധിച്ചില്ല. ഇത് വലിയ വിഷയമാണെന്നും എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ ഇപ്പോള്‍ കഴിയില്ലെന്നുമാണ് മായാവതി വ്യക്തമാക്കിയത്. യു.പിയെ ഭരണസൗകര്യത്തിനായി വിഭജിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നതാണ്. ഈ ആവശ്യം പ്രധാനമായി ഉയര്‍ത്തുകയാണെങ്കില്‍ ഉദ്യോഗസ്ഥ ഭരണത്തിനെതിരെയുള്ള ആരോപണങ്ങളില്‍ നിന്നും തത്കാലം തടിയൂരാമെന്നാണ് മായാവതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അധികാരം പാര്‍ലമെന്റിനാണുള്ളത്. പുതിയ സംസ്ഥാനം സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. തുടര്‍ന്നു ബില്‍ പ്രസിഡന്റിന് അയയ്ക്കും. ഹരിത് പ്രദേശ്, പൂര്‍വാഞ്ചല്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഈ മേഖലകളില്‍ കുറേ നാളായി സമരം നടക്കുകയാണ്. ഇതു മുതലെടുക്കുകയാണ് മായാവതിയുടെ ലക്ഷ്യം. ആവശ്യത്തില്‍ നിന്നു കോണ്‍ഗ്രസ് പിന്മാറിയാല് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ് പിക്കു ഗുണം ചെയ്യുമെന്നാണു മായാവതിയുടെ കണക്കുകൂട്ടല്‍.
ഉത്തര്‍പ്രദേശില്‍ നിന്നു വേര്പെടുത്തിയാണു നേരത്തേ ഉത്തരാഖണ്ഡ് രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: