കൊച്ചി: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനവിതരണത്തില്‍ വന്‍ തട്ടിപ്പ് അരങ്ങേറുന്നതായി സൂചന. സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനങ്ങളില്‍ പലതും ഒരേവിലാസത്തില്‍ പലപേരുകളില്‍ മുംബൈയിലും മറ്റ് അന്യസംസ്ഥാനങ്ങളിലുമാണ് ലഭിക്കുന്നത്. ഇത് സംസ്ഥാന ലോട്ടറിയെയും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്.
മുംബൈയിലെ 302, ആനന്ദ് സൊസൈറ്റി, താനാജി ചൗക്ക്, ന്യൂമില് റോഡ്, കുര്‍ള എന്ന വിലാസത്തില്‍ 12 തവണയാണ് കഴിഞ്ഞമൂന്ന് വര്‍ഷത്തിനിടയില്‍ സമ്മാനങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം നാല് തവണ, 75000 രണ്ട് തവണ, 60,000 ഒരു പ്രാവശ്യം 50,000 അഞ്ച്തവണയും ലഭിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. മുംബൈയിലെ 45/5 അരുണോഡേ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി എന്ന വിലാസത്തില്‍ എട്ട് തവണ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഒരു ലക്ഷം, 60,000 ആറ് തവണ, 50,000 എന്നിങ്ങനെ സമ്മാനങ്ങള്‍ ലഭിച്ചു. 15 ആഷിഷ് അന്തേരി, കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുംബൈ എന്ന വിലാസത്തിലും, 42 അനുഅപ്പാര്ട്ട്മെന്റ് വിതുല്‍ നഗര്‍ സൊസൈറ്റി, ജൂഹു എന്ന വിലാസത്തിലും അഞ്ച് പ്രാവശ്യം വീതം സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിലെ 126 വിലാസങ്ങളിലായി 479 സമ്മാനങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും മുംബൈയിലാണ്. മൂന്ന് ലക്ഷവും നൂറ് പവനും, നാല് ലക്ഷവും 50 പവനും, രണ്ട് കോടിയും ഒരു കിലോസ്വര്‍ണവും തുടങ്ങി വലിയ സമ്മാനങ്ങളും അന്യസംസ്ഥാന വിലാസങ്ങളില്‍ നല്‍കിയിട്ടുണ്ട്. ആളില്ലാത്ത സമ്മാനങ്ങള്‍ അന്യസംസ്ഥാന വിലാസങ്ങളില്‍ ലോട്ടറി വകുപ്പ് തട്ടിയെടുക്കുന്നതാണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണങ്ങളിലൂടെ മാത്രമേ ഇക്കാര്യങ്ങളുടെ വിശദവിവരങ്ങള്‍ പുറത്ത് വരികയുള്ളു. ഇതിനിടെ ഓണം ബംബറിന്റെ രണ്ടാം സമ്മാനം പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷം സീരിയല്‍ നമ്പര്‍ മാറിപ്പോയെന്നും സമ്മാനം നല്‍കാനാവില്ലെന്ന വെളിപ്പെടുത്തലും ഏറെ ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
അന്യസംസ്ഥാന ലോട്ടറികളെക്കുറിച്ചും സാന്റിയാഗോമാര്‍ട്ടിന്റെ തട്ടിപ്പുകളെക്കുറിച്ചും സിബിഐ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്ന ദുരൂഹതകളും സിബിഐ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: