മുംബൈ: അഴിമതിക്കെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ന്യൂനപക്ഷങ്ങള്‍, ഗോത്രവിഭാഗങ്ങള്‍, ദളിതുകള്‍ എന്നിവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉന്നതാധികാരസമിതി പുനഃസംഘടിപ്പിക്കുമെന്ന് അണ്ണാ ഹസാരെ വ്യക്തമാക്കി. തന്റെ സംഘത്തില്‍പ്പെട്ടവര്‍ക്കെതിരെ പ്രചാരണം നടത്തുന്ന കേന്ദ്രസര്‍ക്കാരിനെ ഹസാരെ രൂക്ഷമായി വിമര്‍ശിച്ചു. ലോക്പാല്‍ പ്രക്ഷോഭത്തെ ഭയപ്പെടുന്നവരാണ് തന്നെ പിന്തുണക്കുന്നവരെയും അനുയായികളെയും കടന്നാക്രമിക്കുന്നതെന്നും തന്റെ സംഘത്തെ ഭിന്നിപ്പിക്കാനാണ് ഇതുവഴി കേന്ദ്രം ശ്രമിക്കുന്നതെന്നും ഹസാരെ പറഞ്ഞു. സ്വന്തം ഗ്രാമമായ റാലെഗാവ് സിദ്ധിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ശക്തമായ ലോക്പാല്‍ സംവിധാനം നിലവില്‍ വന്നാല്‍ രാഷ്ട്രീയ ജീവിതം അട്ടിമറിക്കപ്പെടുമെന്ന ഭയമാണ് അവര്‍ക്കുള്ളത്”-ഹസാരെ സംഘത്തില്‍പ്പെട്ടവര്‍ക്കെതിരെ കടന്നാക്രമണം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും കുറിച്ച് ഹസാരെ പറഞ്ഞു. ഹസാരെ സംഘത്തില്‍പ്പെട്ട വിവരാവകാശപ്രവര്ത്തകന് അരവിന്ദ് കേജ്രിവാള്, കിരണ്‍ബേദി എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രമന്ത്രിമാരും രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.
ഉന്നതാധികാരസമിതിയില്‍ എല്ലാ വിഭാഗങ്ങളെയും എടുക്കുമെന്നും തങ്ങള്‍ക്ക് അവസരം ലഭിച്ചില്ലെന്ന പരാതി ആരില്‍നിന്നും ഉണ്ടാവില്ലെന്നും ഹസാരെ പറഞ്ഞു. “യുവാക്കള്‍ നല്ല പ്രാതിനിധ്യം നല്‍കും. യുവാക്കളുടെ പ്രാതിനിധ്യം സമിതിയില്‍ അത്യന്താപേക്ഷിതമാണ്. വിവിധ വിഭാഗങ്ങളില്‍നിന്നുള്ള യുവാക്കളെയായിരിക്കും സമിതിയിലെടുക്കുക”-ഹസാരെ പറഞ്ഞു. ഉന്നതാധികാരസമിതിക്ക് രൂപം നല്കിയപ്പോള് തങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ചിലര്‍ പരാതിപ്പെട്ടിരുന്നതായി ഹസാരെ വെളിപ്പെടുത്തി. രണ്ടരമാസത്തെ കാലാവധിയുള്ള സമിതിയാണ് തെരഞ്ഞെടുത്തത്. എന്നാല്‍ പുനഃസംഘടിപ്പിക്കുന്ന സമിതിയുടെ കാലാവധി ദീര്‍ഘിപ്പിക്കും, ഹസാരെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: