കൊല്‍ക്കത്ത: പെട്രോള്‍ വില വര്ദ്ധനയെചൊല്ലി ഇടഞ്ഞു നില്ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനുള്ള ശ്രമം യു.പി.എ നേതൃത്വം തുടരുന്നു. കൊല്‍ക്കത്തയില്‍ നാളെ ബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണനും ധനമന്ത്രി പ്രണബ് മുഖര്‍ജിയും നടത്തുന്ന ചര്‍ച്ചയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുത്തേക്കും.
പെട്രോള്‍ വിലവര്‍ധനയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച കൊല്‍ക്കത്തയില്‍ നടന്നേക്കുമെന്ന് സൂചന. വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ദല്‍ഹിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പ്രധാനമന്ത്രിയെ കാണും. വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്നതടക്കമുള്ള ഏതാനും നിര്‍ദ്ദേശങ്ങളുമായാണ് എം.പിമാര്‍ പ്രധാനമന്ത്രിയെ കാണുന്നത്.
ലോക്സഭയിലെ 18ഉം രാജ്യസഭയിലെ എട്ടും എം.പിമാര്‍ തൃണമൂല്‍ സംഘത്തിലുണ്ടാവും. യു.പി.എ യോഗം മാസത്തില്‍ ഒരിക്കലോ, മൂന്നു മാസം കൂടുമ്പോഴോ ചേരുക, ഇന്ധനവില വര്‍ദ്ധനവ് പോലെയുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്യുക എന്നിവയാണ് പ്രധാനമന്ത്രിക്ക് നല്കുന്ന നിവേദനത്തിലെ ആവശ്യങ്ങള്‍.
പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം നവംബര്‍ ഒമ്പതിന് കൊല്‍ക്കത്തയിലെത്തി മമതയുമായി സംസാരിക്കുമെന്നും പാര്‍ട്ടി നേതാവാണ് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലോക്സഭാ ചീഫ് വിപ്പ് സുദീപ് ബന്ദോപാദ്ധ്യയ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ കത്ത് നല്‍കിയിരുന്നതായും നാളെ കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ ഒമ്പത് മുതല്‍ വിദേശയാത്രയിലായിരിക്കും പ്രധാനമന്ത്രിയെന്നതിനാല് നാളെ തന്നെ പ്രധാനമന്ത്രിയെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് തൃണമൂല്‍ നേതാക്കള്‍.
വിലവര്‍ധനവിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് കര്‍ശന നിലപാടെടുത്ത സാഹചര്യത്തില്‍ പ്രണബ് മുഖര്‍ജിയും മമത ബാനര്‍ജിയും നാളെ കൂടിക്കാഴ്ച നടത്തിയേക്കും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണനുമായി പ്രണബ്മുഖര്‍ജി നടത്തുന്ന കൂടിക്കാഴ്ചയില്‍ മമത ബാനര്‍ജിയും പങ്കെടുക്കും.
തൃണമൂലിന് എതിരഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും ഉപയോഗിക്കുന്ന ഭാഷ മാന്യമായിരിക്കണമെന്ന് രാജിഭീഷണിയെ പരാമര്‍ശിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചു. മമതയുടെ ലക്ഷ്യം ബംഗാളിനുള്ള ആയിരം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണെന്നും ഇതിന് അനുകൂല പ്രതികരണം പ്രണബ് മുഖര്‍ജിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: