ലഗോസ്: നൈജീരിയയില്‍ വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 ആയി. ബൊകൊ ഹറം എന്ന മുസ്ലീം തീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നില്‍. നൈജീരിയന്‍ ശരിഅത്ത് നിയമം നടപ്പിലാക്കണമെന്നാണ് തീവ്രവാദികളുടെ മുഖ്യ ആവശ്യം.
നൈജീരിയയിലെ ബൊര്‍ണൊ, യൊബെ സ്റ്റേറ്റുകളില്‍ നടന്ന ആക്രമണങ്ങളിലാണ് മരണം 150 ആയത്. നൈജീരിയന്‍ സര്‍ക്കാരിനെതിരെ ആക്രമണം തുടരുമെന്നും തീവ്രവാദികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് യൊബെ സ്റ്റേറ്റിന്റെ തലസ്ഥാനമായ ഡംമാരുതുരുവിലെ സൈനിക ഓഫീസും സേനാ ബാരക്കുകളുമായി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് നില കെട്ടിടത്തിന് നേര്‍ക്ക് കാര്‍ ബോംബ് ആക്രമണവും തുടര്‍ന്ന് ഒരു ബാങ്കിനും മൂന്ന് പൊലീസ് സ്റ്റേഷനുകള്‍ക്കും അഞ്ച് പള്ളികള്‍ക്കും നേര്‍ക്ക് ബോംബാക്രമണങ്ങളും വെടിവയ്പും നടന്നത്.
സ്ഫോടനങ്ങളിലും വെടിവയ്പ്പിലും നിരവധി പേര്‍ക്കു പരുക്കേറ്റു. പത്തു പള്ളികള്‍ ആക്രമിക്കപ്പെട്ടു. ആക്രമണത്തെത്തുടര്‍ന്നു നിരവധി പേര് പലായനം ചെയ്തു. എണ്ണ സമ്പന്ന രാജ്യമായ നൈജീരിയയില്‍ തെക്കന്‍ പ്രദേശം ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ളതും വടക്കന്‍ പ്രദേശം മുസ്ലീം ഭൂരിപക്ഷമുള്ളതുമാണ്. അമേരിക്കന്‍ രീതിയിലുള്ള ജനാധിപത്യ ഭരണം നൈജീരിയയെ തകര്‍ക്കുന്നതും രാഷ്ട്രീയ അഴിമതി വളര്‍ത്തുന്നതുമാണെന്ന് മുസ്ലീം തീവ്രവാദികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: