കോയമ്പത്തൂര്‍: ഈറോഡിന് സമീപം ഭവാനിയില്‍ സ്വകാര്യബസ് ടാങ്കര്‍ലോറിക്ക് പിന്നിലിടിച്ച് കത്തി ഏഴ് പേര് മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ഒമ്പത് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു. ഇന്ന് പുലര്‍ച്ചെ 3.30 നാണ് അപകടം നടന്നത്.
ബാംഗ്ലൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോയ എസ്.ആര്.ജി ട്രാവല്‍സിന്റെ എയര്‍ബസ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്ക് വിമാന ഇന്ധനവുമായി പോയ ടാങ്കറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും കത്തിനശിച്ചു. പരിക്കേറ്റവരെ ഭവാനി, കോയമ്പത്തൂര്‍, ഈറോഡ് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മലയാളികള്‍ ഉള്‍പ്പെടെ 31 പേര് ബസിലുണ്ടായിരുന്നു. ദേശീയപാത 47 ലാണ് അപകടം നടന്നത്. ബസ് ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍. ബസ്സിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്താണ് യാത്രക്കാര്‍ പലരും രക്ഷപെട്ടത്.
ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു. ടാങ്കര്‍ ലോറിയെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. നാലോളം ഫയര്‍ഫോഴ്സ് യൂനിറ്റുകളുടെ ഒന്നര മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീയണയ്ക്കാന്‍ സാധിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: