കൊച്ചി: ജില്ലയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി കെ.വി.തോമസ് പറഞ്ഞു. ആരോഗ്യ സംരക്ഷണ പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ പരിഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്‍ സഹഅദ്ധ്യക്ഷന്മാര്, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ക്കുള്ള ശില്പശാല ജില്ലാ പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമഗ്ര ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 300 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ കേന്ദ്ര ഫണ്ടുപയോഗിച്ചാവും പദ്ധതി നടപ്പാക്കുക. വാര്‍ഡ് തലം മുതല്‍ തദ്ദേശീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് രൂപീകരിക്കുന്ന പദ്ധതികള്‍ വിവിധ തലങ്ങളില്‍ ക്രോഡീകരിച്ച് ജില്ലാ പദ്ധതിയ്ക്ക് രൂപം നല്‍കും. ആരോഗ്യ പദ്ധതികള്‍ക്ക് പുറമെ ആരോഗ്യ മേഖലയെ ബാധിക്കുന്ന കുടിവെള്ളം, പോഷകാഹാരം, ശുചിത്വം, സാക്ഷരത, സ്ത്രീ ശാക്തീകരണം തുടങ്ങിയ അനുബന്ധ പദ്ധതികളും ഉള്പെടുത്തിയാവും സമഗ്ര ആരോഗ്യ പദ്ധതി തയ്യാറാക്കുക.
പൊതുജനാരോഗ്യ സംവിധാനം കൂടുതല്‍ ക്രിയാത്മകമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പഞ്ചായത്തു തലത്തില്‍ ഒരു കോടി രൂപാ വീതവും ബ്ലോക്ക് തലത്തില്‍ അഞ്ച് കോടിയുടേയും, മുന്‍സിപ്പാലിറ്റികള്‍ക്ക് 22 കോടിയുടേയും പദ്ധതികള്‍ സമര്‍പ്പിക്കാം. ജില്ലാപഞ്ചായത്ത് 50 കോടിയുടെ പദ്ധതി രേഖ ഇതിനായി സമര്‍പ്പിക്കും. സമഗ്ര ആരോഗ്യ പദ്ധതിയുടെ 2012-13 സാമ്പത്തിക വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയിലൂടെ ജില്ലയിലെ മുഴുവന്‍ ക്യാന്‍സര്‍ രോഗികള്‍ക്കും സമ്പൂര്‍ണ്ണ ചികിത്സ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ആരോഗ്യ വകുപ്പിന് പുറമെ മറ്റു ഇതര വകുപ്പുകളേയും ഉള്‍പ്പെടുത്തിയാവും പദ്ധതി നടപ്പാക്കുക. സമഗ്ര ആരോഗ്യ പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് ശേഷം സംസ്ഥാന സര്‍ക്കാരിലേക്ക് നവംമ്പര്‍ 25നകം സമര്‍പ്പിക്കും.
ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകളുടെ ഏകോപനവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പിന്റെ ഏകോപനവും ഉറപ്പാക്കും. പദ്ധതിയുടെ നോഡല്‍ ഓഫീസറായി അഡീഷണല്‍ ഡിഎംഒ ഡോ.ഹസീന മുഹമ്മദും, പദ്ധതിയുടെ സാങ്കേതിക കോര്‍ഡിനേറ്ററായി എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.വി.ബീനയും പ്രവര്‍ത്തിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.കെ.സോമന് സ്വാഗതവും ഡിഎംഒ മുഖ്യ പ്രഭാഷണവും നടത്തി. ടി.ഡി.മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സജിത് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ബാബു ജോസഫ്, വത്സ കൊച്ചുകുഞ്ഞ്, സാജിതാ സിദ്ധിഖ്, മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷന്മാര് സഹഅദ്ധ്യക്ഷന്മാര്, ഹോമിയോ ഡിഎംഒ അമൃതകുമാരി, ആയുര്‍വേദ ഡി.എം.ഒ അംബിക തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ കലാം ആസാദ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: