കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ കസ്റ്റംസ് എക്സാമിനേഷന് യാഡ് വേണമെന്ന തീരുമാനം അട്ടിമറിക്കപ്പെട്ടു. തീരുമാനം നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്നത്തെ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2008 മാര്‍ച്ച് 17 ന് ചേര്‍ന്ന അപ്രൂവല്‍ കമ്മറ്റി യോഗത്തിലാണ് കസ്റ്റംസ് എക്സാമിനേഷന് യാഡ് വേണമെന്ന തീരുമാനമുണ്ടായത്. പ്രീ-കണ്ടീഷന്‍ തീരുമാനമനുസരിച്ച് സ്റ്റെറയില്‍ ഏരിയ മാര്‍ക്ക് ചെയ്ത് കസ്റ്റംസ് എക്സാമിനേഷന് നടത്തുവാനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാകും. ഇഡിഐ കണക്റ്റിവിറ്റി, എക്സ്റേ, സ്കാനിംഗ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള പരിശോധനാ സുരക്ഷാ സംവിധാനങ്ങളായിരുന്നു വിഭാവനം ചെയ്തത്.
കസ്റ്റംസ് യാഡ് സംബന്ധിച്ച തീരുമാനം ഒരാഴ്ച കഴിഞ്ഞ് 2008 മാര്‍ച്ച് 28 ന് ചേര്‍ന്ന അപ്രൂവല്‍ കമ്മറ്റി യോഗത്തില്‍ മുന്‍യോഗത്തിലെ മിനിറ്റ്സ് പാസാക്കുകയും ചെയ്തിരുന്നു.
കസ്റ്റംസ് കമ്മീഷണര്‍, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന്, സെസ് ഡെവലപ്മെന്റ് കമ്മീഷണര്‍, ദുബായ് പോര്‍ട്ട് വേള്‍ഡ് അധികൃതര്‍, കേന്ദ്ര വാണിജ്യ, ധനകാര്യ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ എന്നിവരടങ്ങിയതാണ് അപ്രൂവല്‍ കമ്മറ്റി. ഈ കമ്മറ്റിയുടെ തീരുമാനം എന്തുകൊണ്ട് നടപ്പാക്കിയില്ലെന്നത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്കാന് ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല.
കസ്റ്റംസിന്റെ ഒരു എക്സാമിനേഷന് യാഡ് വല്ലാര്‍പാടത്ത് ആരംഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അരങ്ങേറുന്ന കള്ളക്കടത്ത് ഒരു പരിധിവരെ തടയുവാന്‍ കഴിയുമായിരുന്നു. കണ്ടെയ്നറുകള്‍ തുറന്ന് പരിശോധിക്കുവാനും ചരക്ക് മൂവ്മെന്റുകള്‍ എളുപ്പത്തിലാക്കുവാനും ഇതുമൂലം സാധിക്കുമായിരുന്നു. 38 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇതിനായി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഇക്കാര്യങ്ങളാണ് കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നതരുടെയും സെസ് കമ്മീഷണറുടെയും ഒത്താശയോടെ അട്ടിമറിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം 1.37 കോടി രൂപയുടെ രക്തചന്ദന കള്ളക്കടത്ത് വല്ലാര്‍പാടത്ത് കസ്റ്റംസ് പിടികൂടിയതോടെയാണ് വല്ലാര്‍പാടം വീണ്ടും ശ്രദ്ധാകേന്ദ്രമായത്. കസ്റ്റംസ് അധികൃതരെ ഡിപി വേള്‍ഡ് തടയുകയും ചെയ്തിരുന്നു. ഇത് കസ്റ്റംസിനെ പ്രകോപിപ്പിച്ചു. രാജ്യത്തെ ആദ്യത്തെ തുറമുഖാധിഷ്ഠിത സാമ്പത്തിക മേഖലയാണ് (സെസ്) വല്ലാര്‍പാടം എന്ന പേരിലായിരുന്നു നടപടി.
ടെര്‍മിനലിനകത്ത് കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ അനുവദിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കുമെന്ന് കാണിച്ച് സപ്തംബര്‍ 28 ന് കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്മാന് കത്ത് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് യാതൊരു തീരുമാനവും ഉണ്ടാകാത്തതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വീണ്ടും തുറമുഖ ട്രസ്റ്റ് ചെയര്മാന് ഇതേ ആവശ്യം ഉന്നയിച്ച് കത്ത് നല്കുകയുംചെയ്തു. സെസ് ഡെവലപ്മെന്റ് കമ്മീഷണര്‍ ബുധനാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്നും കസ്റ്റംസ് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: