ആലുവ: ലോഡ്ജുകളില്‍ തങ്ങി മോഷണം നടത്തുന്ന സംഘങ്ങള്‍ ആലുവായില്‍ സജീവമാകുന്നു. കഴിഞ്ഞ ദിവസം ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നും പിടിയിലായ തകഴി സ്വദേശി സലീമിനെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ യാത്രക്കെത്തുന്നവരുടെ ലഗേജുകള്‍ മോഷ്ടിക്കുന്നതിലാണ് സലീം താല്പര്യം കാണിക്കുന്നത്. ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ പരിശോധന നടത്തിയപ്പോള്‍ ഇത്തരത്തില്‍ മോഷ്ടിച്ച ഏതാനും സാധനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സാധനം നഷ്ടപ്പെട്ടയാളുടെ പരാതി രേഖാമൂലം ലഭിച്ചശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം.
ആലുവ റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കണമെങ്കില്‍ പ്ലാറ്റ് ഫോം ടിക്കറ്റ് ആവശ്യമാണ്. എന്നാല്‍ രാത്രികാലങ്ങളില്‍ പ്ലാറ്റ് ഫോമില്‍ കയറി യാത്രക്കാരുടെ ബാഗേജുകള്‍ മോഷ്ടിക്കുന്ന സംഘങ്ങള്‍ യഥേഷ്ടം ഇവിടെ വിഹരിക്കുകയാണ്. അതുപോലെ യാത്രക്കാരുടെ വിശ്രമമുറികളില്‍ അഭിസാരികമാരും ഇടംകണ്ടെത്തുന്നു. ഇതേത്തുടര്‍ന്ന് പലരും ഈ മുറിയില്‍ വിശ്രമിക്കാന്‍ തയ്യാറാകുന്നില്ല. ഇവിടെ രാത്രി ഡ്യൂട്ടിക്ക് റെയില്‍വേ സംരക്ഷണസേനയുടെ ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവര്‍ യാതൊരുവിധ നടപടികളും കൈക്കൊള്ളുന്നില്ല. പലപ്പോഴും പോര്‍ട്ടര്‍മാരും മറ്റുമാണ് ഇത്തരക്കാരെ ഭീഷണിപ്പെടുത്തി ഒാടിക്കുന്നത്. വളരെയേറെപേര്‍ അന്തിയുറങ്ങാനും റെയില്‍വേ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വകാര്യ-ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ചും കവര്‍ച്ചാസംഘങ്ങള്‍ സജീവമാകുന്നുണ്ട്. പലരും പോലീസില്‍ പരാതി നല്കാന് തയ്യാറാകുന്നില്ലെന്നേയുള്ളൂ. മോഷ്ടിക്കുന്ന വസ്തുക്കള്‍ ഇവര്‍ തങ്ങുന്ന ലോഡ്ജുകളില്‍ സൂക്ഷിച്ചശേഷം ഇടനിലക്കാര്‍ വഴി ഇത് വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഒരുപോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: